കണ്ണൂർ ; ഒന്നര വയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതി ശരണ്യ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കോഴിക്കോട്ടെ ലോഡ്ജില്‍ വച്ച് വിഷം കഴിച്ചാണ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യാശ്രമം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ഹോട്ടൽ ജീവനക്കാർ ശരണ്യയെ ആശുപത്രയിൽ എത്തിച്ചത്. 2022 ഫെബ്രുവരിയിലാണ് ശരണ്യ ഒന്നര വയസുള്ള മകന്‍ വിയാനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊന്നുകളഞ്ഞത്. കാമുകനായ കണ്ണൂര്‍ വാരം പുന്നയ്‌ക്കല്‍ സ്വദേശി നിധിനൊപ്പം ജീവിക്കുന്നതിനായിട്ടായിരുന്നു ക്രൂരകൃത്യം. രാത്രിയില്‍ ശരണ്യയ്‌ക്കും ഭര്‍ത്താവ് പ്രണവിനുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
പ്രണവുമായി അകന്ന് സ്വന്തം മാതാപിതാക്കൾക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാൽ ഞായറാഴ്ച പ്രണവിനെ വിളിച്ചുവരുത്തി വീട്ടിൽ താമസിപ്പിക്കുകയും പിറ്റേന്നു പുലർച്ചെ മൂന്നരയ്‌ക്കും നാലരയ്‌ക്കുമിടയിൽ കൃത്യം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നൽകിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പൊലീസിന്റെ അന്വേഷണത്തിൽ കൊലപാതകി അമ്മ ശരണ്യയാണെന്ന് കണ്ടെത്തി. കൊലക്കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ ഇടാനും യുവതി ശ്രമിച്ചിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കാമുകൻ നിധിന് മറ്റൊരു പ്രണയമുണ്ടെന്നും ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അറിഞ്ഞ ശരണ്യ ഇതേ ചൊല്ലി വഴക്കുണ്ടാക്കിയിരുന്നു. സ്വീകരിക്കാന്‍ ഒരുക്കമാണെന്നും കുഞ്ഞുള്ളതാണ് തടസമെന്നുമാണ് അന്ന് കാമുകൻ പറഞ്ഞത്. ഇതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാന്‍ ശരണ്യ തീരുമാനിച്ചത്.