1000 കോടി നേടിയ ചിത്രങ്ങൾ ഉൾപ്പടെ വലിയ വിജയങ്ങളാണ് ആമിർ ഖാൻ നേടിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് സിനിമകൾ പരാജയപ്പെട്ടതിന് പിന്നാലെ ആമിർ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല്‍ ‘സിത്താരെ സമീൻ പർ’ എന്ന സിനിമയിലൂടെ ആമിർ തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ സ്പോർട്സ് കോമഡി വിഭാഗത്തിലുള്ള ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുമോ എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ആമിർ ഖാൻ.
സിത്താരെ സമീൻ പർ എന്ന സിനിമയുടെ ഔട്ട്പുട്ടിൽ താൻ ഏറെ സന്തോഷവാനാണ്. ഹൃദയസ്പർശിയും മനോഹരവുമായ ഒരു കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ഇപ്പോൾ പ്രേക്ഷകർക്ക് ആക്ഷൻ സിനിമകളോടാണ് താൽപര്യമെന്നും അക്കാരണത്താൽ ഈ സിനിമ ബോക്സ് ഓഫീസിൽ വിജയിക്കുമോ എന്ന് താൻ ആശങ്കപ്പെടുന്നതായും ആമിർ ഖാൻ പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
‘ഇന്ന് ഞാൻ സിനിമ കാണുമ്പോൾ, അതിൽ വളരെ സന്തുഷ്ടനാണ്. നമ്മൾ എന്താണോ ചെയ്യാൻ ഉദ്ദേശിച്ചത്, അതിൽ വിജയിച്ചു. എന്നാൽ ഈ സിനിമ ബോക്സ് ഓഫീസിൽ വിജയിക്കുമോ? എനിക്കറിയില്ല. എന്‍റേത് ഒരു കോമഡി സിനിമയാണ്. പക്ഷേ ഇപ്പോൾ ആക്ഷൻ മാത്രമേ തിയേറ്ററിൽ വിജയിക്കൂ. ഗജിനി വന്നപ്പോൾ, എന്റെ സിനിമ ആക്ഷൻ ആയിരുന്നു, പക്ഷേ അന്ന് ആക്ഷൻ സിനിമകൾ വിജയിച്ചിരുന്നില്ല,’ എന്ന് ആമിർ ഖാൻ പറഞ്ഞു
‘എന്റെ സിനിമകൾ റിലീസ് ചെയ്യുന്നത് സമയത്തിന് അനുയോജ്യമല്ലാത്ത സമയത്താണ്. എന്റെ കോമഡി സിനിമ പുറത്തിറങ്ങുമ്പോൾ ആക്ഷൻ സിനിമകൾ വിജയിക്കുന്നു. ആളുകൾക്ക് ഇപ്പോൾ ആക്ഷൻ സിനിമകൾ മാത്രമാണോ ഇഷ്ടം എന്നതിൽ എനിക്ക് ആശങ്കയുണ്ട്. എന്നാൽ ഇത് വളരെ ഹൃദയസ്പർശിയായതും മനോഹരവുമായ ഒരു കഥയാണെന്നും പ്രേക്ഷകരിലേക്ക് ആഴത്തിലെത്തുമെന്നും എനിക്ക് വിശ്വാസമുണ്ട്,’ ആമിർ ഖാൻ കുട്ടിച്ചേർത്തു.
ചിത്രം ജൂൺ 20 നാണ് തിയേറ്ററുകളിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ദിവ്യ നിധി ശർമ്മ ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
The post പുത്തൻ ചിത്രം ‘സിത്താരെ സമീൻ പർ’ ബോക്സ് ഓഫീസിൽ വിജയിക്കുമോ എന്ന് അറിയില്ല: ആമിർ ഖാൻ appeared first on Malayalam Express.