ന്യൂഡൽഹി: ഇന്തോനേഷ്യൻ നഗരമായ ബാലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തിരിച്ച് പറന്നു. ബുധനാഴ്ച ന്യൂഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എ.ഐ 2145 വിമാനമാണ് അഗ്നിപർവത സ്ഫോടന വിവരം ലഭിച്ചതിനെ തുടർന്ന് യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ പറന്നത്. വിമാനം സുരക്ഷിതമായി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തുവെന്നും തുടർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കിയെന്നും എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. തിരികെയെത്തിയ യാത്രക്കാർക്ക് ഹോട്ടലുകളിൽ താമസ സൗകര്യം ഏർപ്പെടുത്തും. […]