തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയില്‍ ഇസ്രയേലിനെതിരേയുള്ള യുദ്ധപ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത് ഇന്ത്യ വെച്ചുപുലര്‍ത്തിപോരുന്ന അടിസ്ഥാനമൂല്യങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കവിഞ്ഞിരിക്കുന്നു. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിലെ ജനതയെ വംശഹത്യ ചെയ്യുമ്പോള്‍ ലോകത്തിന് കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല. മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ വേരൂന്നി രൂപപ്പെട്ട ഇന്ത്യ അങ്ങനെ ചെയ്യുന്നുവെങ്കില്‍ അത് അക്ഷന്തവ്യമായ അപരാധമാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
‘ഈ വിഷയത്തില്‍ ഇന്ത്യ നിലപാട് എടുക്കാതിരിക്കുക എന്നു പറയുന്നത് കൂട്ടക്കൊലയ്ക്ക് നമ്മള്‍ അനുമതി കൊടുക്കുംപോലെയാണ്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം കൂട്ടക്കൊലയ്ക്ക് നല്‍കുന്ന മൗനാനുമതി ആയി മാറാന്‍ പാടില്ല. ഇറാനു നേരെ ഇസ്രയേല്‍ ഏകപക്ഷീയമായി ആരംഭിച്ച യുദ്ധവും അംഗീകരിക്കാവുന്നതല്ല. അയല്‍രാജ്യം തങ്ങളെ ആക്രമിച്ചേക്കും എന്ന ഭീതി ഒരു യുദ്ധം തുടങ്ങുന്നതിനു ന്യായീകരണമല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയത്തിനു വേണ്ടി മധ്യപൂര്‍വേഷ്യാ മേഖലയെ ആകെ യുദ്ധത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു.’
‘ഇസ്രയേലിന്റെ യുദ്ധഭീകരതയ്ക്കെതിരെ വരുന്ന എല്ലാ പ്രമേയങ്ങളും ഇന്ത്യ അനുകൂലിക്കേണ്ടതുണ്ട്. ഇറാനുമായും ഇസ്രയേലുമായും ബന്ധം പുലര്‍ത്തുന്ന രാഷ്ട്രമെന്ന നിലയില്‍ ഈ വിഷയത്തില്‍ ഒരു പ്രശ്നപരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. അല്ലാതെ ഇസ്രയേലിന്റെ യുദ്ധക്കൊതിയെ അനുകൂലിക്കുകയോ ജനലക്ഷങ്ങളുടെ കൂട്ടക്കുരുതിയെ കണ്ണടച്ച് അംഗീകരിക്കുകയോ അല്ല.’- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
The post ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം കൂട്ടക്കൊലയ്ക്ക് നല്‍കുന്ന മൗനാനുമതി ആയി മാറാന്‍ പാടില്ല: രമേശ് ചെന്നിത്തല appeared first on Express Kerala.