
തിരുവനന്തപുരം: തിരുവനന്തപുരത്തെ വ്യാജ മാല മോഷണ പരാതിയില്‍ പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ എസ്‌സി/എസ്ടി കമ്മീഷന്‍ ഉത്തരവ്. ഓമന ഡാനിയേല്‍ എന്നയാള്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ് വന്നിരിക്കുന്നത്. മാല മോഷണക്കേസില്‍ ആരോപണ വിധേയയായ ദളിത് യുവതി ബിന്ദുവിന് പൊലീസ് സ്റ്റേഷനില്‍ പീഡനമേറ്റ കേസിലാണ് നടപടി.
Also Read: ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
അതേസമയം കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ബിന്ദു കുടിക്കാന്‍ വെള്ളം ചോദിച്ചു. ശുചിമുറിയില്‍ നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്‌ഐ പ്രസന്നന്‍ പറഞ്ഞത്. ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എസ്ഐ പ്രസാദിനെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. എഎസ്ഐ പ്രസന്നനാണ് തന്നെ മാനസികമായി ഉപദ്രവിച്ചതെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു.
The post വ്യാജ മാല മോഷണക്കേസ്; പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ് appeared first on Express Kerala.









