പ്രകോപനപരമായ പ്രസംഗം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് കെ അണ്ണാമലൈക്കും ഹിന്ദു മുന്നണി ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത് പോലീസ്. അടുത്തിടെ മുരുകൻ ഭക്തരുടെ സമ്മേളനത്തിൽ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങൾക്കെതിരെയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ, അണ്ണാമലൈ, ഹിന്ദു മുന്നണിയുടെ സംസ്ഥാന നേതാവ് കാടേശ്വര സുബ്രഹ്മണ്യം, മുന്നണി ഭാരവാഹി സെൽവകുമാർ എന്നിവർക്കെതിരെ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
തമിഴ്നാട് ബിജെപി പ്രസിഡന്റ് നൈനാർ നാഗേന്ദ്രനും ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണും പങ്കെടുത്ത പരിപാടിയിലെ പ്രസംഗങ്ങളും പ്രമേയങ്ങളും വർഗീയ വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതിനും ശത്രുത വളർത്തിയതിനും പൊതുസൗഹാർദ്ദത്തിന് കോട്ടം വരുത്തി എന്നതിനും ബിഎൻഎസ്എസ് സെക്ഷൻ 196 (1) (എ), 299, 302, 353 (1) (2) (ബി) എന്നിവ പ്രകാരം അണ്ണാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Also Read:കോവിഡ് വാക്സിനും മരണവും: ആശങ്ക വേണ്ടെന്ന് പഠനം, വാക്സിനുകൾ സുരക്ഷിതം
കൂടാതെ പരിപാടിയിൽ പങ്കെടുത്തവർ മദ്രാസ് ഹൈക്കോടതി നിബന്ധനകൾ ലംഘിച്ചുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ അണ്ണാമലൈക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് ഇതാദ്യമല്ല. 2024 ഡിസംബറിൽ, മുൻകൂർ അനുമതിയില്ലാതെ ചെന്നൈയിൽ ‘കറുത്ത ദിന’ ഘോഷയാത്ര നടത്തിയതിന് അണ്ണാമലൈക്കും 900-ലധികം ബിജെപി പ്രവർത്തകർക്കുമെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിരുന്നു.
The post മധുരയിലെ യോഗത്തിൽ നടത്തിയ പ്രസംഗം: അണ്ണാമലൈക്കും രണ്ട് ഹിന്ദു സംഘടനാ നേതാക്കൾക്കുമെതിരെ കേസ് appeared first on Express Kerala.