ഡെറാഡൂൺ: ഓരോ വസന്തകാലത്തും ലോകമെമ്പാടുമുള്ള പർവതാരോഹകർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കാനുള്ള പ്രതീക്ഷയിൽ നേപ്പാളിലെ എവറസ്റ്റിന്റെ സൗത്ത് ബേസ് ക്യാമ്പിൽ ഒത്തുകൂടാറുണ്ട്. എന്നാൽ, അവരെ നയിക്കുന്ന ഷെർപ്പകൾക്ക് ആ യാത്ര ഓരോ വർഷവും മാരകമായിക്കൊണ്ടിരിക്കുകയാണ്.
കയറ്റത്തിന്റെ ഏറ്റവും അപകടകരമായ ഭാഗമായ ഖുംബുവിലെ ഹിമപാതം നാൾക്കുനാൾ ഏറുന്നുവെന്നാണ് വിവരം. ഇക്കാരണത്താൽ എവറസ്റ്റിലേക്ക് കൂടുതൽ സുരക്ഷിതമായ പാത വാഗ്ദാനം ചെയ്യുന്ന പുതിയ ദൗത്യത്തിനായി നേപ്പാളി-ഫ്രഞ്ച് സംഘം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. 1953ൽ ടെൻസിങ് നോർഗെയും എഡ്മണ്ട് ഹിലാരിയും തങ്ങളുടെ ചരിത്രപരമായ കയറ്റത്തോടെ നിലവിലെ പാത സ്ഥാപിച്ചതിനുശേഷം നേപ്പാളിൽനിന്ന് കൊടുമുടിയിലേക്കുള്ള ആദ്യത്തെ പുതിയ പാതയാണിത്.
പ്രത്യേകിച്ചും ഷെർപ്പകളെ സംരക്ഷിക്കുക എന്നതാണ് ഈ പാത കൊണ്ട് ഉദ്ദേശിക്കുന്നത്. ഗൈഡുകളായി പ്രവർത്തിക്കുമ്പോൾ അവർ ഓരോ ക്ലൈംബിങ് സീസണിലും വ്യത്യസ്ത പര്യവേഷണ സംഘങ്ങൾക്കൊപ്പം ഒന്നിലധികം തവണ കയറ്റം കയറേണ്ടതുണ്ട്.
താരതമ്യേന താഴ്ന്ന ഉയരങ്ങളിൽ ഈ പുതിയ പാത ഐസിനു പകരം പാറയിലൂടെ വളഞ്ഞു പുളഞ്ഞുപോകുന്നു. പാറയിൽ തുരന്നുണ്ടാക്കിയ ഉരുക്ക് പടികൾ, മലകയറ്റക്കാർക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി ഉറപ്പിച്ച കയറുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാവും.
അസ്ഥിരമായ മഞ്ഞുവീഴ്ച മൂലമുണ്ടാകുന്ന വർധിച്ചുവരുന്ന അപകടസാധ്യതകളെക്കുറിച്ച് ആശങ്കാകുലരായ ഫ്രഞ്ച് പർവതാരോഹകൻ മാർക്ക് ബറ്റാർഡും നേപ്പാളി പർവതാരോഹകൻ കാജി ഷെർപ്പയും 2022ൽ ഈ ബദൽ പാത സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മോശം കാലാവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം കാലതാമസം നേരിട്ടെങ്കിലും അടുത്ത തണുപ്പു കാലത്തിനുള്ളിൽ പാത പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
നേപ്പാളിലെ സാഗർമാത ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് കൊടുമുടി, സമുദ്രനിരപ്പിൽ നിന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്. എല്ലാ വസന്തകാലത്തും കൊടുമുടിയിലെത്താൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് പർവതാരോഹകരെ ഇത് ആകർഷിക്കുന്നു. ടൂറിസം വകുപ്പ് 2023ൽ 479 എവറസ്റ്റ് ക്ലൈംബിങ് പെർമിറ്റുകൾ നൽകി. 2024ൽ 421 ഉം ഈ വർഷം 444 ഉം ലഭ്യമാക്കി.
ഹിമാനികളിലുണ്ടാവുന്ന മാറ്റം
മധ്യ ഹിമാലയത്തിലെ എവറസ്റ്റ് കൊടുമുടി, ഹിന്ദുകുഷ് ഹിമാലയ ശ്രേണിയുടെ ഭാഗമാണ്. ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ഹിന്ദുകുഷ് ഹിമാലയ മേഖലയിലെ ഹിമാനികൾ 2011-2020 കാലയളവിൽ മുൻ ദശകത്തെ അപേക്ഷിച്ച് 65ശതമാനം വേഗത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി. ഈ ത്വരണം ഹിമാനികളുടെ സ്വഭാവത്തിലെ നാടകീയമായ മാറ്റത്തെ സൂചിപ്പിക്കുന്നു.
എവറസ്റ്റിലെ ഖുംബു ഹിമാനികൾ വേഗത്തിൽ പിൻവാങ്ങുന്നില്ലെങ്കിലും ക്രമാനുഗതമായി നേർത്തുവരുന്നതായി വിദഗ്ദ്ധർ പറയുന്നു. പർവതത്തിന് ചുറ്റുമുള്ള ആറു പതിറ്റാണ്ടുകളായി ഹിമാനികളുടെ പിണ്ഡം മാറുന്നത് വിശകലനം ചെയ്ത ഒരു പഠനത്തിൽ 1960 കളുടെ തുടക്കം മുതൽ ഹിമാനികൾ 100 മീറ്ററിലധികം നേർത്തുവരുന്നതായി കണ്ടെത്തി.
ഖുംബു ഹിമപാതത്തെ ആശ്രയിക്കുന്ന പർവതാരോഹകർക്ക് എവറസ്റ്റ് കൊടുമുടിയിലേക്കും അയൽ കൊടുമുടികളായ ലോട്ട്സെ (8,516 മീറ്റർ), നുപ്സെ (7,855 മീറ്റർ) എന്നിവിടങ്ങളിലേക്കും പ്രവേശിക്കുന്നതിന് ഇത് നേരിട്ട് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
ഏറ്റവും അപകടകരമായ പാത
15 കിലോമീറ്റർ നീളമുള്ള ഖുംബു ഏറ്റവും കടുത്ത വെല്ലുവിളി ഉയർത്തുന്ന ഭാഗമാണ്. വലിയ ഐസ് കഷണങ്ങൾ പൊട്ടുമ്പോൾ വിള്ളലുകൾ ഉണ്ടാകും. ഇതുമൂലം ആ റൂട്ടിൽ അപകടങ്ങൾ പതിവാണ്.
2014 ലെ വസന്തകാലത്തെ ക്ലൈമ്പിങ് സീസൺ ഏറ്റവും മാരകമായ ഒന്നായിരുന്നു. ഒരു ഹിമപാതത്തിൽ 16 ഷെർപ്പകൾ കൊല്ലപ്പെട്ടതിനുശേഷം ക്ലൈമ്പിങ് നിർത്തിവച്ചു. കാലാവസ്ഥാ വ്യതിയാനത്തോടെ ഖുംബു ഐസ്ഫാളിൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വർധിച്ചു വരികയാണെന്ന് കാജി ഷെർപ്പ പറയുന്നു.
വർധിക്കുന്ന താപനിലയും ഹിമാനിയുടെ ഉപരിതലത്തിലെ മാറ്റങ്ങളെ ത്വരിതപ്പെടുത്തുന്നു. ഗവേഷകർ സൂപ്പർഗ്ലേഷ്യൽ തടാകങ്ങളുടെ ആവിർഭാവം നിരീക്ഷിച്ചിട്ടുണ്ട്. ഹിമത്തിന് മുകളിൽ രൂപം കൊള്ളുന്ന കുളങ്ങൾ ചുടുള്ള സിങ്കുകൾ പോലെ പ്രവർത്തിക്കുകയും ഐസിനെ തിന്നുതീർക്കുകയും പതുക്കെ ലയിച്ച് വലിയ ഗ്ലേഷ്യൽ തടാകങ്ങളായി മാറുകയും ചെയ്യുമെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റിന്റെ കാഠ്മണ്ഡു ആസ്ഥാനമായുള്ള ക്രയോസ്ഫിയർ അനലിസ്റ്റായ ടെൻസിംഗ് ചോഗ്യാൽ ഷെർപ വിശദീകരിക്കുന്നു.
അത്തരമൊരു ഗ്ലേഷ്യൽ തടാകമായ തിയാൻബോ കഴിഞ്ഞ ആഗസ്റ്റിൽ പൊട്ടിത്തെറിക്കുകയും എവറസ്റ്റ് മേഖലയിലെ തെയിം വില്ലേജിന് ഗുരുതരമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.