ഇനിയും കേരള പൊലീസിലെ പരസ്പരമുള്ള പാരവയ്പ്പിലും തമ്മിലടിയിലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടില്ലങ്കിൽ, ഐ.പി.എസുകാർ തമ്മിൽ പരസ്പരമുള്ള ഏറ്റുമുട്ടലിലാണ് കലാശിക്കാൻ പോകുന്നത്. അതിൻ്റെ സൂചനയാണ് ട്രാക്ടർ വിവാദത്തിലൂടെ പ്രകടമായിരിക്കുന്നത്.
എ.ഡി.ജി.പി എം.ആർ അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത് മാത്രമാണ് ശബരിമലയിൽ നടന്ന നിയമലംഘനം എന്ന് വരുത്തി തീർക്കുന്നവർക്കു പിന്നിലും ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിനു പിന്നിലും കൃത്യമായ അജണ്ടയാണ് പ്രവർത്തിച്ചിരിക്കുന്നത്. ഡിപ്പാർട്ട്മെൻ്റിൽ അജിത് കുമാറിൻ്റെ ശത്രുവായി അറിയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനല്ല, മറ്റൊരു ഉദ്യോഗസ്ഥനാണ് വിവാദത്തിന് പിന്നിലെന്നാണ് പൊലീസിലെ തന്നെ അണിയറ സംസാരം. ഇത് ശരിയാണെങ്കിൽ എന്താണ് അദ്ദേഹത്തെ ഈ നടപടിക്ക് പ്രേരിപ്പിച്ച ഘടകമെന്നത് പുറത്തു വരേണ്ടതുണ്ട്.
ALSO READ: മന്ത്രി വാസവനെതിരെ സി.പി.എമ്മിൽ പടയൊരുക്കം ശക്തം, വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് എം സ്വരാജ്
മാധ്യമങ്ങൾക്ക് സ്വാഭാവികമായും വിവരം ലഭിച്ചാൽ അവർ എന്തും വാർത്തയാക്കും. അതിന് അവരെ കുറ്റം പറയാൻ സാധിക്കുകയില്ല. എന്നാൽ, അച്ചടക്കമുള്ള സേനയായ പൊലീസ് സേനയുടെ അകത്ത് നിന്നും അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചവൻ ആരായാലും, അതും തുറന്നു കാട്ടപ്പെടുക തന്നെ വേണം.
മുട്ടു വേദനയെ തുടർന്നാണ് ട്രാക്ടറിൽ കയറേണ്ട സാഹചര്യമുണ്ടായതെന്ന എം.ആർ അജിത് കുമാറിൻ്റെ നിലപാട് സംബന്ധിച്ച്, ഇനി അന്തിമ നടപടി സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളാണ്. അതെന്തായാലും ആ വഴിക്കു തന്നെ നടക്കട്ടെ,

അതുപോലെ തന്നെ, എ.ഡി.ജി.പി ട്രാക്ടറിൽ കയറിയ ദൃശ്യം എങ്ങനെ പുറത്തു വന്നു എന്നതിലും വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിനും പൊലീസിനും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയുകയില്ല. കാരണം, ഇത്തരം ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തിയാണ്, പൊലീസ് സേനയെയും സർക്കാരിനെയും മുഖ്യമന്ത്രിയെയും മോശമാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നിരിക്കുന്നത്. എ.ഡി.ജി.പി ട്രാക്ടറിൽ കയറി ശബരിമലയിലേക്ക് പോയത് തെറ്റാണെങ്കിൽ, ഈ ദൃശ്യങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകി നടപടി സ്വീകരിക്കുന്നതിന് പകരം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതിന് പിന്നിൽ ഒരു പൊലീസ് ബുദ്ധി പ്രവർത്തിച്ചിട്ടുണ്ട് അതാരാണ് ? എന്തിനു വേണ്ടിയാണ് എന്നത് സർക്കാർ തിരിച്ചറിഞ്ഞില്ലങ്കിൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വാർത്താ പ്രളയമാണ് പിന്നാലെ വരിക.
ശബരിമലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ രണ്ട് വിഭാഗങ്ങളുടെ പക്കൽ മാത്രമാണ് ഉള്ളത്. അതിൽ ഒന്ന് പൊലീസിൻ്റെ പക്കലാണെങ്കിൽ, മറ്റൊന്ന് ദേവസ്വം ബോർഡിൻ്റെ കസ്റ്റഡിയിലാണ്. ഇതിൽ എവിടെനിന്ന് ചോർന്നാലും, ചോർത്തിയവരുടെ ലക്ഷ്യം എം.ആർ അജിത് കുമാർ മാത്രമല്ല, പൊലീസ് മന്ത്രി കൂടിയാണ്. എ.ഡി.ജി.പി ട്രാക്ട്ർ യാത്ര നടത്തിയത് സംബന്ധിച്ച്, സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലെ ഭാഗങ്ങൾ എങ്ങനെ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു എന്നതും പരിശോധിക്കപ്പെടേണ്ട കാര്യമാണ്. ഇങ്ങനെയാണെങ്കിൽ എന്ത് രഹസ്യ സ്വഭാവമാണ് പൊലീസ് ആസ്ഥാനത്തിനും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഓഫീസിനും ഉള്ളത് എന്നത്, പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് വിലയിരുത്തേണ്ടത്.
ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ശബരിമല സീസണിലെ ഉൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണം. ട്രാക്ടർ വിവാദം നടക്കും വരെ എത്രമാത്രം നിയമലംഘനങ്ങൾ ശബരിമലയിലും പമ്പയിലും നടന്നിട്ടുണ്ട് എന്നത് , ഈ ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. എം. ആർ അജിത് കുമാർ തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. എന്നാൽ, അതോടൊപ്പം തന്നെ ഇതിനേക്കാൾ വലിയ തെറ്റുകൾ ചെയ്ത മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് എതിരെയും തീർച്ചയായും നടപടി വേണം. അത് ആരൊക്കെയാണ് എന്നത് കണ്ടെത്താൻ, ഇത്തരമൊരു സി.സി.ടി.വി പരിശോധനയിലൂടെ തീർച്ചയായും കഴിയും. അതിനാണ് ആഭ്യന്തര വകുപ്പ് ഇനി നിർദ്ദേശം നൽകേണ്ടത്.

ശബരിമലയിൽ നിലവിൽ ചുമതലയുള്ളവരെയും കഴിഞ്ഞ സീസണിൽ ചുമതല നിർവ്വഹിച്ചവരെയും പൂർണ്ണമായും മാറ്റി നിർത്തിയാണ് ഇത്തരം പരിശോധനകൾ നടത്തേണ്ടത്. സത്യസന്ധനും സ്വഭാവ ശുദ്ധിയുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിൽ മാത്രമേ യാഥാർത്ഥ്യം പുറത്ത് വരികയുള്ളൂ. ഭക്തസമൂഹം ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
പൊതുജനങ്ങൾ നിലയ്ക്കൽ എത്തി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തതിന് ശേഷം, പൊതു ഗതാഗത സൗകര്യങ്ങൾ, അതായത്… KSRTC ബസ് ഉപയോഗിച്ച് പമ്പയിൽ എത്തി അവിടെ നിന്ന് സന്നിധാനത്തേക്ക് മലകയറുന്നതാണ് നിലവിലെ രീതി. എന്നാൽ, ഈ രീതി തകിടം മറിയ്ക്കുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ സീസണിൽ ഉൾപ്പെടെ നടന്നിരിക്കുന്നത് എന്നത് ഇതുസംബന്ധമായി അന്വേഷണം നടത്തിയാൽ വ്യക്തമാക്കപ്പെടും.
ALSO READ: സിറിയൻ സംഘർഷത്തിലും തലയിട്ട് ഇസ്രയേൽ! ലക്ഷ്യം ഡ്രൂസ്കളുടെ വിജയമോ?
പമ്പയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും, പൊലീസ് ഉദ്യോഗസ്ഥൻമാർ, ദേവസ്വം ഉദ്യോഗസ്ഥൻമാർ, ഇലക്ട്രിസിറ്റി ജീവനക്കാർ, ആരോഗ്യ വകുപ്പ് , വാട്ടർ അതോററ്റി , ബി.എസ്.എൻ.എൽ ജീവനക്കാർ, ഫോറസ്റ്റ് – ഫയർ ഫോഴ്സ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ വാഹനങ്ങൾക്കും, ആംബുലൻസുകൾക്കും, ബഹുമാനപ്പെട്ട ഹൈക്കോടതി നിയമിച്ച സ്പെഷ്യൽ ജഡ്ജിയുടെ വാഹനങ്ങൾക്കുമാണ്.
ഇതിന് പുറമെ, സുപ്രീം കോടതി ജഡ്ജിമാർ, ഹൈക്കോടതി ജഡ്ജിമാർ, മറ്റ് ജഡ്ജിമാർ, മന്ത്രിമാർ, ഐ.എ.എസ് – ഐ.പി.എസ് , ഐ.എഫ്.എസ് ഓഫീസർമാർ എന്നിവർ സന്ദർശനത്തിനും ഔദ്യോഗിക ഡ്യൂട്ടിയ്ക്കുമായി വരുമ്പോഴും പമ്പയിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാറുണ്ട്.
ഇത്തരം ആനുകൂല്യം ലഭിക്കുന്ന മറ്റൊരു വിഭാഗം, മാധ്യമ പ്രവർത്തകരാണ്. അയ്യപ്പൻമാർക്കായി സൗജന്യ മെഡിക്കൽ സർവ്വീസ് നടത്തുന്ന ആശുപത്രികളുടെ വാഹനങ്ങൾക്കും പമ്പയിൽ വാഹനം പാർക്ക് ചെയ്യാൻ അനുമതിയുണ്ട്. സൗജന്യ അന്നദാനത്തിന് എത്തുന്ന സന്നദ്ധ സംഘടനകളുടെയും അയ്യപ്പ സേവാസംഘത്തിൻ്റെയും വാഹനങ്ങൾ പാർക്ക് ചെയ്യാനും ഇവിടെ തടസ്സങ്ങളില്ല. ഇതൊക്കെയാണ് നിയമപ്രകാരം അനുവദിക്കപ്പെട്ടതെങ്കിൽ, ഇതിലൊന്നും പെടാത്ത വലിയ ഒരു വിഭാഗം, വി.ഐ.പി അന്തസോടെ വാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്ത് പൊലീസ് അകമ്പടിയോടെ ശബരിമല ദർശനം നടത്തി പോകാറുണ്ട് എന്നത് , പരസ്യമായ രഹസ്യമാണ്.
ഇത്തരം നിയമവിരുദ്ധ പ്രവർത്തിക്ക് കുടപിടിക്കുന്നത് ശബരിമലയിലെ പൊലീസിൻ്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരാണ്. കേരള കേഡറിലെ ഐ.പി.എസ് – ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ബാച്ചിൽപ്പെട്ട അന്യസംസ്ഥാനത്തെ ഓഫീസർമാരുടെ ബന്ധുമിത്രാധികളുടെ വാഹനങ്ങൾ മുതൽ, പൊലീസ് ഉദ്യോഗസ്ഥൻമാർക്ക് സൗഹൃദമുള്ള വൻ വ്യവസായികളുടെയും, വിദേശത്തുള്ള എൻ.ആർ.ഐ മുതലാളിമാരുടെയും, മറ്റ് ഇതരസ്വധീനമുളളവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനും, പമ്പയിൽ സംവിധാനമൊരുക്കപ്പെടാറുണ്ട്.
ALSO READ: ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻ ദുരന്തം, ലോക രാജ്യങ്ങളിൽ നിന്നും ഒറ്റപ്പെടുന്നു, നിരോധനവും വരുന്നു
പൊലീസ് ആസ്ഥാനത്ത് നിന്നും പുറപ്പെടുവിച്ചിട്ടുള്ള ശബരിമല ബന്തവസ്സ് സ്കീമിൻ്റെയും, ബഹുമാനപ്പെട്ട കേരള ഹൈക്കോടതി കാലാകാലങ്ങളിൽ നൽകിയ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി കൊണ്ടും നടക്കുന്ന, ഈ നഗ്നമായ അധികാര ദുർവിനയോഗത്തിനെതിരെയും, നടപടി അനിവാര്യമാണ്.
ഇതിനെല്ലാം പുറമെ, സന്നിധാനത്ത് ദേവസ്വം ബോർഡിൻ്റെ ലേലത്തിൽ പങ്കെടുത്ത് ഹോട്ടലുകളും കടകളും മറ്റും നടത്തുന്ന സ്ഥാപനകളിലേക്ക്, ആഹാര പദാർത്ഥങ്ങളും മറ്റും കൊണ്ടു പോകുന്ന വ്യക്തികൾക്ക് നൽകുന്ന അനുവാദത്തിൻ്റെ മറപിടിച്ച്, അനധികൃതമായി തങ്ങൾക്ക് താൽപ്പര്യമുള്ളവരെ സ്വാമി അയ്യപ്പൻ റോഡ് വഴി കടത്തിവിടാറുണ്ട് എന്ന ഗുരുതര ആരോപണവും നിലവിലുണ്ട്. ഇതും പരിശോധിക്കപ്പെടേണ്ടതാണ്.
എ.ഡി.ജി.പി അജിത് കുമാറിൻ്റെ ട്രാക്ടർ യാത്രയുടെ പിന്നാലെ പോകുന്ന മാധ്യമങ്ങൾ, ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾക്ക് മുന്നിൽ കണ്ണടക്കുന്നതിനാൽ, കഴിഞ്ഞ മണ്ഡലകാലത്തെ ഇത്തരം വി.ഐ.പി ദർശനങൾ സംബന്ധിച്ച വീഡിയോകളോ , ഫോട്ടോകളോ കൈവശമുള്ള അയ്യപ്പ ഭക്തർ, അത്തരം ദൃശ്യങ്ങൾ പുറത്ത് വിടാനാണ് ഇനിയെങ്കിലും തയ്യാറാവേണ്ടത്. രാഷ്ട്രീയ കേരളവും അത് ആഗ്രഹിക്കുന്നുണ്ട്.
Express Kerala VIEW
വീഡിയോ കാണാം…
The post ട്രാക്ടർ വിവാദത്തിന് പിന്നിൽ ഐ.പി.എസ് പോരോ ? കഴിഞ്ഞ മണ്ഡലകാലത്തെ സി.സി.ടി.വി ദൃശ്യവും പരിശോധിക്കണം appeared first on Express Kerala.