തിരുവനന്തപുരം: കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും നൽകിയ കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിനു മുന്നോടിയായി ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ പുറത്തിറക്കി. കേരളത്തിന്റെ സാംസ്‌കാരിക തനിമയും ക്രിക്കറ്റിന്റെ ആധുനിക ആവേശവും വിനോദവും ഒരുപോലെ സമന്വയിപ്പിക്കുന്ന ബാറ്റേന്തിയ കൊമ്പൻ, മലമുഴക്കി വേഴാമ്പൽ, ചാക്യാർ എന്നിവയാണ് കെസിഎല്ലിന്റെ ഭാഗ്യചിഹ്നങ്ങൾ. കെസിഎല്ലിന്റെ അടിസ്ഥാന തത്വത്തെയാണ് മൂന്ന് ഭാഗ്യചിഹ്നങ്ങൾ പ്രതിനിധീകരിക്കുന്നത്.
ലീഗിലെ ടീമുകളുടെ കരുത്തും ആവേശവും കളിയോടുള്ള സമീപനവും പ്രതിനിധീകരിക്കുന്നതാണ് ബാറ്റേന്തിയ കൊമ്പൻ. കേരളത്തിന്റെ പാരമ്പര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ആന ക്രിക്കറ്റ് ബാറ്റുമായി നിൽക്കുന്നത് കെസിഎൽ ടി20യുടെ ഗൗരവത്തെയും മത്സര വീര്യത്തെയും സൂചിപ്പിക്കുന്നു.
ALSO READ: അര്‍ഷ്ദീപിന് പരുക്ക്; പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഇന്ത്യന്‍ ടീമില്‍
കളിക്കളത്തിലെ ഈ കരുത്തിനും വീറിനും നാടാകെ ലഭിക്കുന്ന പ്രചാരത്തിൻ്റെ പ്രതീകമാണ് കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പൽ. വേഴാമ്പലിന്റെ ശബ്ദം കാടുകളിൽ മുഴങ്ങുന്നതു പോലെ കെസിഎൽ ടി20യുടെ ആവേശം കേരളത്തിലുടനീളവും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്കും എത്തുമെന്ന സന്ദേശവും ചിഹ്നം നൽകുന്നു. കൂടാതെ, താരങ്ങൾ കളിക്കളത്തിൽ പ്രകടിപ്പിക്കുന്ന കായികക്ഷമതയും മനോബലവും ഭാഗ്യചിഹ്നത്തിൽ പ്രതിഫലിക്കുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പക്ഷിയുടെ ജീവിതം, ഒരു കായിക താരത്തിന് വേണ്ട അതിജീവന ശേഷിയുടെയും ലക്ഷ്യബോധത്തിന്റെയും സന്ദേശം കൂടിയാണ് നൽകുന്നത്. ‘കാടിന്റെ കർഷകർ’ എന്ന് വിശേഷണവും വേഴാമ്പലിന് സ്വന്തമാണ്. അതിനാൽ പുതിയ താരങ്ങളെ വാർത്തെടുക്കുകയെന്ന ലീഗിന്റെ ലക്ഷ്യത്തിന്റെയും പ്രതീകമാണ് വേഴാമ്പൽ.
മത്സരത്തോടൊപ്പം കാണികൾക്ക് സമ്പൂർണ വിനോദം ഉറപ്പാക്കുകയും കെസിഎല്ലിന്റെ ലക്ഷ്യമാണെന്ന സൂചനയാണ് ഭാഗ്യചിഹ്നമായ ചാക്യാർ നൽകുന്നത്. കളിക്കളത്തിലെ ഓരോ നീക്കത്തെയും താരങ്ങളുടെ പ്രകടനങ്ങളെയും അമ്പയറുടെ തീരുമാനങ്ങളെയും വരെ നർമത്തിന്റെയും നിരീക്ഷണത്തിന്റെയും കണ്ണുകളോടെ കാണുന്ന കാണിയുടെ പ്രതീകമായി ചാക്യാർ മാറും. ഒരുതരത്തിൽ, ലീഗിന്റെ ‘തേർഡ് അമ്പയർ’ ആയും അതേസമയം കാണികളുടെ കൂട്ടുകാരനായും ഈ ഭാഗ്യചിഹ്നത്തെ കാണാം. ക്രിക്കറ്റ് കളിക്കളത്തിൽ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ ചർച്ചകളും വിശകലനങ്ങളും കൂടിയാണ് ആരാധകർക്ക് ആവേശം പകരുന്നത്. ഈ വിനോദത്തെയും വിമർശനത്തെയും ഒരുപോലെ പ്രതിനിധീകരിക്കാൻ ചാക്യാരെക്കാൾ മികച്ചൊരു പ്രതീകമില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ് പറഞ്ഞു.
The post കേരളത്തിന്റെ ക്രിക്കറ്റ് ആവേശത്തിന് പുതിയ മുഖവും ഭാവവും; ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ പുറത്തിറക്കി appeared first on Express Kerala.