അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെപ്പറ്റി വികാരനിർഭരമായ കുറിപ്പുമായി പിണറായി വിജയൻ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലി സഖാവ് വി എസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ തുടക്കം സഖാവ് വിഎസ് അടക്കമുള്ള 32 നേതാക്കളുടെ തീരുമാനത്തിൽ നിന്നായിരുന്നു. ആ 32 പേരിൽ അവസാനത്തെ കണ്ണിയാണ് എരിഞ്ഞടങ്ങിയതെന്നും മുഖ്യമന്ത്രി കുറിച്ചു. സഖാവ് വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല. എല്ലാ അർത്ഥത്തിലും നേതൃപദവിയിൽ ആയിരുന്നു എന്നും വി എസ്. നമുക്കേവർക്കും ആരാധിക്കാനാവുന്ന നേതൃസ്ഥാനം. ത്യാഗ പഥങ്ങൾ താണ്ടിയ ജീവിതം. തുല്യപ്പെടുത്താൻ മറ്റൊന്നുമില്ല. ആ മഹാ ജീവിതത്തിനാണ് തിരശ്ശീല വീണത് എന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.
വലിയ ചുടുകാട്ടിൽ വിഎസിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോൾ വിപ്ലവ കേരളത്തിൻ്റെ ജാജ്വല്യമാനമായ ഒരു അധ്യായത്തിനാണ് അന്ത്യമാവുന്നത്. സഖാവ് വി എസ് മരിച്ചിട്ടില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന ജനകോടികളുടെ കണ്oങ്ങളിൽ നിന്ന് ഉയരുന്ന മുദ്രാവാക്യമാണ് ശാശ്വതമാകുന്നത്. സഖാവ് വി എസ് എന്ന കമ്യൂണിസ്റ്റിന് മരണമില്ല. ഈ പാർട്ടിയുടെ സ്വത്താണ് വി എസ്. ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയമാണ് വി എസ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
The post കണക്കുകൂട്ടലുകൾ തെറ്റിച്ച ജനാവലി സഖാവ് വി എസ് നമുക്ക് എന്തായിരുന്നു എന്ന് തെളിയിക്കുന്നു; പിണറായി വിജയൻ appeared first on Express Kerala.