ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ വിലക്കിയതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് ജൂലായ് ഒന്നുമുതല്‍ ഇന്ധനം വിലക്കിയ തീരുമാനം എതിര്‍പ്പുകളെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍വാഹനങ്ങളും വിലക്കിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടി ശരിവെച്ച 2018-ലെ സുപ്രീം കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നൽകിയത്.
Also Read: പാകിസ്ഥാനിൽ അസംബ്ലിങ് പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ബിവൈഡി
അതേസമയം വായുമലിനീകരണം തടയാന്‍ സമഗ്രമായ നയം ആവശ്യമാണെന്നും കാലപ്പഴക്കത്തിന്റെ പേരില്‍ മാത്രം വാഹനങ്ങള്‍ വിലക്കുന്നതില്‍ അർത്ഥമില്ലെന്നും ഡല്‍ഹിസര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ക്ക് പുകപരിശോധനയും മറ്റും നടത്തി ശാസ്ത്രീയമാര്‍ഗത്തിലാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
കാലപ്പഴക്കത്തിനൊപ്പം മലിനീകരണത്തോതും കണക്കിലെടുത്തുള്ള സമഗ്ര പഠനം ആവശ്യമാണെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 2014 നവംബറിലായിരുന്നു വാഹനങ്ങള്‍ക്ക് കാലപ്പഴക്കം നിശ്ചയിച്ച് ഹരിത ട്രിബ്യൂണല്‍ നിരോധനമേര്‍പ്പെടുത്തിയത്.
The post പഴയ വാഹനങ്ങൾ വിലക്കരുത്; ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ appeared first on Express Kerala.