തിരുവനന്തപുരം: ഓണക്കാലത്ത് അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോ. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇടപെടൽ. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോ വിൽപനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും.
വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ സപ്ലൈകോ പുതിയ ടെൻഡർ വിളിക്കും. വില സംബന്ധിച്ച് വിതരണക്കാരുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്‌സിഡിയായും നോൺ സബ്‌സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും, സബ്‌സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപിയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കും. സൺഫ്‌ലവർ ഓയിൽ , പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.
ALSO READ: വേടനെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി എറണാകുളം മജിസ്ട്രേറ്റ് കോടതി
ഓണത്തിന് ഇത്തവണയും സപ്ലൈക്കോ വഴി ഓണക്കിറ്റുകൾ വിതരണം ചെയ്യും. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ ആണ് വിതരണം ചെയ്യുക. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.
ഓണത്തിന് മുന്നോടിയായി സപ്ലൈകോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാ ഫെയറുകളും, നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാനതല ഓണം ഫെയർ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് ഓഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റു ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ഫെയറിന് തുടക്കമാകും. ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകൾ.
The post സപ്ലൈകോ ഓണകിറ്റ് വിതരണം ഓഗസ്റ്റ് 18 മുതല്‍ appeared first on Express Kerala.