മൂവാറ്റുപുഴ: മഴ ശക്തമായതോടെ കാഴ്ചക്ക് വിരുന്നായി ശൂലം വെള്ളച്ചാട്ടം. മാറാടി പഞ്ചായത്ത് 13ാം വാർഡിലെ കായനാട് ശൂലം കയറ്റത്തിന് സമീപത്തുള്ള വെള്ളച്ചാട്ടം കാണാൻ ദിനേന നിരവധിപേർ എത്തുന്നുണ്ട്. മൂവാറ്റുപുഴ നഗരത്തിൽനിന്ന് പിറവം റൂട്ടിൽ ഏഴുകിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിന് അടുത്തെത്താം. ശൂലം കയറ്റം കയറിയശേഷം 200 മീ. ഉള്ളിലായാണിത്.
രണ്ട് മലകൾക്കിടയിലെ ചെങ്കുത്തായ പാറയിലൂടെ പല തട്ടുകളായി പരന്നൊഴുകി നൂറടി ഉയരത്തിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മനോഹരകാഴ്ചയാണ്.പിറമാടം കൊച്ചരുവിയ്ക്കൽ, വിരുപ്പുകണ്ടം പ്രദേശങ്ങളിലെ നീരുറവകളിൽനിന്ന് ഉത്ഭവിക്കുന്ന ശൂലം തോട്ടിലാണ് വെള്ളച്ചാട്ടം. വഴിയില്ലാത്തതിനാൽ മരങ്ങളുടെ വേരുകളിലും കല്ലുകളിലും പിടിച്ചാണ് ആളുകൾ വെള്ളച്ചാട്ടം കാണാൻ കയറുന്നത്. ഐതിഹ്യവും ചരിത്രവും നിലനിൽക്കുന്ന പ്രദേശമാണ് മാറാടി ശൂലം.
പതിറ്റാണ്ടുകൾമുമ്പ് കായനാട് പ്രദേശത്ത് കൃഷിക്ക് വെള്ളം ഉപയോഗിച്ചത് ഇവിടെനിന്നാണ്. വെള്ളച്ചാട്ടത്തിന് മുകളിലെ മലമുകളിൽ എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന 300 മീ. നീളത്തിലും 250 അടി താഴ്ചയിലുമുള്ള പാറമടയും ഇതിനു ചേർന്നുള്ള ചെക്ക് ഡാമുമുണ്ട്.
മൂന്നാർ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. മാറാടി പഞ്ചായത്തിലെ 2, 13 വാർഡുകളിലായി കിടക്കുന്ന പത്തേക്കറോളം സ്ഥലത്താണ് ശൂലം മല. ശൂലം തോട് കായനാട് പാടശേഖരത്തിലൂടെ ഒഴുകി മൂവാറ്റുപുഴയാറിലാണ് പതിക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെ തനിമ സംരക്ഷിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
വിനോദസഞ്ചാര കേന്ദ്രമാകാൻ കാത്ത് ശൂലം
കടുത്ത വേനലിലും വെള്ളം നിറഞ്ഞുകവിഞ്ഞ് കിടക്കുന്ന ശൂലത്തിനരികിലൂടെയുള്ള തോട്ടിലൂടെ മഴക്കാലത്ത് മുകളിൽനിന്ന് ഉറവയായി വരുന്ന വെള്ളം കുത്തനെ താഴേക്ക് പതിക്കുകയാണ്. പാറയിടുക്കുകളിലൂടെ താഴ്ന്ന പ്രദേശമായ കായനാട് ഭാഗത്തേക്ക് ഒഴുകിവരുന്ന കാഴ്ച മനോഹരമാണ്.
വേനലിൽ ഉയർന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന പഴയ പാറമടയിൽനിന്ന് വെള്ളം സമീപത്തെ തോട്ടിലൂടെ ഒഴുക്കാനായാൽ താഴ്ത്തെ പ്രദേശത്തുള്ളവർക്ക് കൃഷിക്ക് ഉപകാരപ്പെടുന്നതോടൊപ്പം വെള്ളച്ചാട്ടം എല്ലാ സമയത്തും സംരക്ഷിച്ച് നിർത്താനാവും. വേനലിലും വർഷക്കാലത്തും പാറയിടുക്കുകളിൽനിന്ന് വെള്ളം ഒഴുകുന്ന വഴിയിലൂടെ വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ചാൽ രാത്രി കാലങ്ങളിലും സഞ്ചാരികൾക്ക് വെള്ളച്ചാട്ടം വിവിധ വർണങ്ങളിൽ കാണാൻ കഴിയും. വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്ത് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ വിവിധ വലുപ്പത്തിലുള്ള ഉദ്യാനങ്ങൾ നിർമിച്ചാൽ ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും കഴിയും. ചെറുകിട ജലവൈദ്യുതി പദ്ധതിക്കും സാധ്യതയുണ്ട്.
മാറാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശൂലം വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി കൊണ്ടുവരാൻ നടപടിക്രമങ്ങൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി പറഞ്ഞു. വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആറേക്കർ സ്ഥലം പുറമ്പോക്കുണ്ട്. ഇത് അളന്നുതിരിച്ച് തരാൻ റവന്യൂ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇതിനുശേഷം ഡി.പി.ആർ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.