ബ്ലാബ്ലാ കാർ ബസ് വന്നു. സൂപ്പർ ബസ് എന്നുതന്നെ പറയാം. നാട്ടിലെ പോലെയല്ല. വൈഫൈ, കുടിക്കാൻ വെള്ളം, ബാത്ത്റൂം അങ്ങനെ എല്ലാം കൊണ്ടും സുഖയാത്ര
സ്പീസിൽനിന്നും ട്രെയിൻ കയറി ബാസൽ എത്തി. ബാസലിൽനിന്നും പാരീസ് ട്രെയിന് നിരക്ക് കൂടുതലായതിനാൽ ബസ് ആയിരുന്നു ബുക്ക് ചെയ്തത്. യൂറോപ്പിൽ പ്രധാനമായും രണ്ടു ബസ് സർവീസാണുള്ളത്. ഫ്ലിസ് ബസും ബ്ലാബ്ലാ കാർ ബസും. ഫ്ലിസ് ബസിൽ ഒരുപാട് തവണ സഞ്ചരിച്ചതിനാൽ ഇത്തവണ ഒന്ന് മാറ്റിപിടിച്ചു. രാത്രി പത്തുമണിക്ക് ബാസലിൽ നിന്ന് എടുത്താൽ രാവിലെ ഏഴിന് പാരീസ് എത്തും. ബ്ലാബ്ലാ കാർ ബസ് വന്നു. സൂപ്പർ ബസ് എന്നുതന്നെ പറയാം. നാട്ടിലെ പോലെയല്ല. വൈഫൈ, കുടിക്കാൻ വെള്ളം, ബാത്ത്റൂം അങ്ങനെ എല്ലാം കൊണ്ടും സുഖയാത്ര. ട്രെയിൻ നിരക്കിനേക്കാൾ നാലിലൊന്ന് മതി.
അതോടൊപ്പം ഹോട്ടൽ ബുക്കിങ് മിച്ചം. ഇടക്ക് റിഫ്രഷ് ആകാൻ ഏതോ ഒരു പെട്രോൾ പമ്പിൽ നിർത്തി. ഒരു കോഫി കുടിക്കാൻ ഞാനും ഇറങ്ങി. ബസിൽ എല്ലാരും നല്ല ഉറക്കമാണ്. കോഫി വാങ്ങിയ കടയുടെ കൗണ്ടറിൽ ഇരിക്കുന്ന പയ്യൻ എവിടുന്നാ എന്നൊക്കെ ചോദിച്ചു. നല്ല പെരുമാറ്റമായിരുന്നു. ഫ്രാൻസിൽ ആളുകളുടെ പെരുമാറ്റം മോശമാണ് എന്നൊക്കെയുള്ള എന്റെ ധാരണ തുടക്കത്തിലേ അവൻ മാറ്റിത്തന്നു. കാഷ് കൊടുത്തപ്പോ അവൻ വേണ്ടന്ന് പറഞ്ഞു. ഇന്ത്യ സന്ദർശിക്കണം എന്നൊക്കെ അവൻ ആഗ്രഹം പറഞ്ഞു. അവന്റെ ആഗ്രഹം സഫലമാകട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട് ബസിലേക്ക് തിരിച്ചു.

നല്ല ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോൾ പാരീസിന്റെ പ്രാന്ത പ്രദേശങ്ങളിൽ എത്തിയിരുന്നു. എന്റെ അടുത്ത സീറ്റിൽ ആളില്ലാത്തതുകൊണ്ട് അല്പം സുഖ യാത്രയായിരുന്നു. ബസ് സ്റ്റോപ്പിൽ നിർത്തി. അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങി. പ്രതീക്ഷിതമായി നല്ല തണുത്ത കാറ്റുണ്ടായിരുന്നു. വേഗം കോട്ട് എടുത്തിട്ട് അടുത്ത സൂപ്പർമാർക്കറ്റിൽ കയറി ഒരു കോഫി പിന്നെ രണ്ടു ക്രോയ്സന്റും കഴിച്ചു.
അടുത്ത മെട്രോ സ്റ്റേഷനിൽ കയറി വൺ ഡേ പാസ് എടുത്തു. എങ്ങോട്ടും പോകാം. അത് തന്നെ ലക്ഷ്യം. ഇവിടെ ഒരു എയർ ബി.എൻ.ബി ബുക്ക് ചെയ്തിട്ടുണ്ട്. ആദ്യം അങ്ങോട്ട് ചെന്നു. നല്ല റൂമും നല്ല ലൊക്കേഷനുമായിരുന്നു. ലോയിക് എന്നാണ് ഉടമസ്ഥന്റെ പേര്. അൽപം വയസ്സുണ്ടെലും മനസ്സ് കൊണ്ട് ചെറുപ്പം. കണ്ടപ്പോൾ തന്നെ നമുക്ക് അറിയാവുന്ന ഫ്രഞ്ചിൽ അഭിവാദ്യം ചെയ്തു. അയാൾക്ക് ഇഷ്ടമായി. പിന്നെ മുഴുവൻ ഉപദേശങ്ങളായിരുന്നു. സാധനങ്ങൾ സൂക്ഷിക്കണം, എങ്ങോട്ടൊക്കെ പോകണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞു. അദ്ദേഹം ഒറ്റക്കായിരുന്നു താമസിക്കുന്നത്. കുടുംബം അവരുടെ കുടുംബ വീട്ടിലേക്ക് പോയിരിക്കുകയാണ്. ഞാൻ കുളിച്ച് വസ്ത്രങ്ങൾ വാഷ് ചെയ്ത് നേരെ പുറത്തേക്കിറങ്ങി.
പാരീസിന്റെ കാഴ്ചകളിലേക്ക്
ആദ്യ ലക്ഷ്യം ഈഫൽ ടവർ തന്നെയായിരുന്നു. ബസിൽ കയറി പുറത്തേക്ക് നോക്കിയപ്പോൾ തന്നെ ടവർ കണ്ടു. ഗുസ്താവോ ഈഫലിന്റെ മനോഹര ശിൽപം. പുള്ളി ആള് സൂപ്പർ ആണ് കേട്ടോയെന്ന് മനസിൽ പറഞ്ഞു. അപ്പോഴാണ് ബസിന്റെ ഡെസ്റ്റിനേഷൻ ശ്രദ്ധിക്കുന്നത്. എന്റെ മനസ്സിലെ ഫുട്ബോൾ പ്രേമി ഉണർന്നു. പി.എസ്.ജി എന്ന പാരീസ് സൈന്റ് ജർമൈൻ, മെസ്സി പന്ത് തട്ടിയ ക്ലബ്. നേരെ വിട്ടു സ്റ്റേഡിയം കാണാൻ. ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾ കൂടിയാണ്.
കുറെ ഫാൻസുണ്ട് സ്റ്റേഡിയം കാണാൻ വന്നവരിൽ. കുറച്ച് ഫോട്ടോസ് ഒക്കെയെടുത്ത് നേരെ നോട്ടർ ഡാം കത്തീഡ്രൽ കാണാൻ ബസിൽ കയറി. പാരീസ് ഒരു മഹാ നഗരം ആയതിനാൽ തന്നെ നല്ല തിരക്കാണ്. ലോക ടൂറിസ്റ്റുകളുടെ എണ്ണത്തിലും ഒന്നാം സ്ഥാനം പാരീസിന് തന്നെ. അതിനാൽ തന്നെ അത്യാവശ്യത്തിനു വൃത്തി ഇല്ലായ്മയും പിടിച്ചുപറിയും പോക്കറ്റടിയും ഒക്കെയുണ്ട്. നമ്മെ കണ്ടാൽ ആർക്കും പോക്കറ്റടിക്കാൻ തോന്നാത്തതാണോ എന്നറിയില്ല എനിക്ക് അങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
എ.ഡി 1300കളിൽ ഓപ്പൺ ചെയ്ത മിഡീവൽ കത്തോലിക്ക കത്തീഡ്രൽ ആണ് നോട്ടർ ഡാം. ഫ്രഞ്ച് ഗോഥിക് ആർക്കിടെക്ചർ ആണ്. ഉള്ളിലൊക്കെ കയറി കാഴ്ചകൾ കണ്ട് പുറത്തിറങ്ങി. അതി പുരാതന ചരിത്രത്തിന്റെ ഭാഗമായി ഇന്നും നിലനിൽക്കുന്ന അപൂർവം ചില കെട്ടിടങ്ങൾ. നിരവധി തവണ അഗ്നിക്കിരയായെങ്കിലും പൂർണാർഥത്തിൽ പുതുക്കി പണിയുകയാണ് ഉണ്ടായത്. അവസാനമായി 2019യിലും അഗ്നിക്കിരയായി. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് സന്ദർശകർക്ക് തുറന്നു കൊടുത്തത്. അടുത്തത് വിശ്വ വിഖ്യാതമായ ലൂവ്രേ മ്യൂസിയത്തിലേക്ക് പുറപ്പെട്ടു.

ലൂവ്രേ മ്യൂസിയം സ്റ്റേഷനിൽ ബസിറങ്ങി. മുൻപ് ഡാവിഞ്ചി കോഡ് കണ്ടതാണ് ഓർമയിൽ വന്നത്. നേരത്തെ ടിക്കറ്റ് എടുക്കാത്തത് കൊണ്ടും അവിടുത്തെ കാത്തിരിപ്പും കൂടെ കണ്ടപ്പോ ഉള്ളിൽ കയറാൻ നിക്കാതെ കുറച്ച് നേരം മൊണാലിസയുടെ ഫോട്ടോ ഫോണിൽ നോക്കി അങ്ങിനെ ഇരുന്നു. പുറത്തുള്ള ഗ്ലാസ് കമാനം പിരമിഡ് ഡിസൈനിൽ ആണ്. മുന്നിൽ വലിയ ഉദ്യാനം, അങ്ങിങ്ങായി കിടക്കുന്ന നിരവധിയായ ശില്പങ്ങൾ..അങ്ങനെയുള്ള കാഴ്ചകൾ. ഈജിപ്തിൽ നിന്നെത്തിച്ച കമാനം വെച്ച ഒരു വലിയ സ്ക്വയർ കടന്ന് രാജപാത എത്തുന്നത് ആർച് ഡി ട്രിയംഫിലേക്കാണ്. നെപ്പോളിയന്റെ വിജയത്തിന്റെയും പരാജയത്തിന്റെയും കഥകൾ ഓർത്തു.
1800കളിൽ നിർമിച്ച വിജയ കവാടം ആണ് ആർക്ക് ഡി ട്രിയംഫ്. നെപ്പോളിയൻ കാലത്തിലും ഫ്രഞ്ച് വിപ്ലവത്തിനിലും രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാർക്കും ആദരസൂചകമായാണ് ആർക്ക് പണി കഴിപ്പിച്ചത്. ചരിത്ര പ്രസിദ്ധമായ ഫാഷൻ സ്ട്രീറ്റ് ചാംപ്സ് എലീസേ ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. അങ്ങിനെ ഇതൊക്കെ നോക്കി നിൽക്കുമ്പോൾ അവിടെ അതാ കിടക്കുന്നു ഒരു ദുബൈ രജിസ്ട്രേഷൻ പെട്രോൾ. പുള്ളി ഇമാറാത്തിയാണ്. ഫുൾ യൂറോപ്പ് ആൻഡ് ആഫ്രിക്ക റീജിയൻ എസ്പീഡിഷനിലാണ്. ഇൻസ്റ്റ പേജ് ഒക്കെ ഫോളോ ചെയ്ത് നേരെ സെയ്ൻ നദിക്കരയിലേക്ക്.
ചരിത്രമുറങ്ങുന്ന സീൻ നദിക്കരയിൽ കുറച്ചു നേരം ഈഫൽ റൗറിന്റെ മനോഹാരിതയും നുകർന്ന് അങ്ങിനെ ഇരുന്നു. നദി ഒക്കെ കൊള്ളാമെങ്കിലും ഇതിൽ കുളിക്കാൻ അനുവാദം ഇല്ല. വർധിച്ച അമോണിയവും കുറഞ്ഞ ഓക്സിജൻ ലെവലും നദിയെ തെല്ലൊന്നു നശിപ്പിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. എന്നാലും സന്ധ്യ സമയത് സീൻ നദിയിലൂടെ ഉള്ള ബോട്ടിങ് വളരെ മനോഹരമാണ്. രാത്രി ഓരോ മണിക്കൂർ ഇടവിട്ട് ഈഫൽ ടവർ മിന്നി തിളങ്ങുന്നത് കാണാൻ ഒട്ടേറെപേർ സീൻ ക്രൂയിസ് തെരഞ്ഞെടുക്കാറുണ്ട്. കൂടെ ഡിന്നർ കൂടി ആകുമ്പോൾ കുശാൽ. അങ്ങിനെ ഒരു ലോകാത്ഭുതം കൂടി കണ്ട നിർവൃതിയിൽ തിരിച്ചു റൂമിലേക്ക് മെട്രോ പിടിച്ചു. നാളെ രാവിലെ ലിസ്ബൺ ലക്ഷ്യമാക്കി പറക്കണം. പാരിസിലെ തന്നെ ഓർലി എയർപോർട്ടിൽ നിന്നാണ് ഫ്ലൈറ്റ്.
(തുടരും)