ചാരുംമൂട്: “കാറ്റുമൂളിവന്നു… മഴയും കുളിരും… ഞാൻ മയങ്ങുകയായിരുന്നു… ആ പുതുമഴ രാത്രി…” ജീവിതവേദനകൾക്കിടയിലും കവിതയിലൂടെ തന്റെ ലോകം വരച്ച നാലാം ക്ലാസുകാരിയുടെ വരികൾ പുസ്തകമാകുന്നു. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിനിരയായ ബാലികയുടെ കവിതകൾ വായിച്ചശേഷം, അവയെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പുനൽകി.
ശനിയാഴ്ച സന്ധ്യയോടെ മന്ത്രി താമരക്കുളത്തെ ബന്ധുവീട്ടിൽ എത്തി കുട്ടിയെ കണ്ടു. കുട്ടിയെ ആശ്വസിപ്പിച്ച് കെട്ടിപ്പിടിക്കുകയും കൈ നിറയെ മിഠായികൾ നൽകുകയും ചെയ്തു. പുസ്തകം പ്രസിദ്ധീകരിച്ച് തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യാമെന്നും മന്ത്രി ഉറപ്പുനൽകി. പുസ്തകപ്രസിദ്ധീകരണ ചുമതല ഒപ്പമുണ്ടായിരുന്ന എം.എസ്. അരുൺകുമാർ എം.എൽ.എയ്ക്ക് നൽകി.
Also Read:ചങ്ങനാശ്ശേരി തുരുത്തിയിൽ കാറിന് തീപിടിച്ചു
കുട്ടിയും അമ്മൂമ്മയും മന്ത്രിയോട് സംസാരിച്ചു. ഞായറാഴ്ച വീട്ടിലേക്ക് പോകണമെന്ന് അമ്മൂമ്മ ആവശ്യപ്പെട്ടതിനെ തുടർന്ന്, ശിശുക്ഷേമസമിതിയുമായി ബന്ധപ്പെടുകയും അനുമതി നൽകുകയും ചെയ്തു. ഇനി കുട്ടി അമ്മൂമ്മയുടെ സംരക്ഷണയിൽ കുടുംബവീട്ടിൽ കഴിയും. തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകുന്നതിനുള്ള ക്രമീകരണം നടത്തുകയും ചെയ്യും. അതിന് ശിശുക്ഷേമസമിതിയുടെയും പോലീസിന്റെയും മേൽനോട്ടം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
The post വേദനയുടെ വരികൾ പ്രതീക്ഷയുടെ പുസ്തകമാകും; നാലാം ക്ലാസുകാരിക്ക് ഉറപ്പുനൽകി മന്ത്രി appeared first on Express Kerala.