കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നിറങ്ങി, തുടർന്ന് വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പൊലീസ് വീണ്ടും പിടികൂടി. തൃശൂർ സ്വദേശി ബാബുരാജാണ് ബൈക്ക് മോഷ്ടിച്ചതിനെ തുടർന്ന് അറസ്റ്റിലായത്. ജയിലിൽ നിന്നിറങ്ങിയ പ്രതിക്ക് വീട്ടിലേക്ക് പോവാൻ വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. മൂന്നു ദിവസം മുമ്പാണ് സംഭവം നടന്നത്.
അതേസമയം നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മൂന്നു ദിവസം മുമ്പ് ജയിലിൽ നിന്നിറങ്ങിയ ഇയാൾ ടൗൺ സ്റ്റേഷൻ്റെ പരിസരത്ത് ചിലരെ കാണാനെത്തിയിരുന്നു. തുടർന്ന് ബാറിൽ കയറി മദ്യപിച്ചതിന് ശേഷം എസ്എൻ പാർക്കിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിക്കുകയായിരുന്നു. ഈ ബൈക്കുമായി തൃശൂരിലെ വീട്ടിലേക്ക് പോവുന്നതിനിടെ കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ച് പെട്രോൾ കഴിഞ്ഞതിനെ തുടർന്ന് ബൈക്ക് അവിടെ ഉപേക്ഷിച്ച് തൃശൂരിലേക്ക് യാത്ര പോയി. തുടർന്ന് കുന്നംകുളത്ത് വെച്ച് ഇയാളെ വീണ്ടും പൊലീസ് പിടികൂടിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ച കാര്യം പറയുന്നത്. കണ്ണൂരിൽ നിന്നും ബൈക്ക് മോഷ്ടിച്ചതിനാൽ പ്രതിയെ കണ്ണൂർ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
The post ജയിലിൽ നിന്ന് ഇറങ്ങി, പീന്നാലെ വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു; പ്രതി വീണ്ടും പിടിയിൽ appeared first on Express Kerala.