ന്യൂദല്‍ഹി: മാഗ്നസ് കാള്‍സന്‍ അജയ്യനല്ലെന്നും അദ്ദേഹത്തെ നമുക്ക് തോല്‍പിക്കാനാകുമെന്നും ഇന്ത്യന്‍ ചെസ് പ്രതിഭ പ്രജ്ഞാനന്ദ. 20ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രജ്ഞാനന്ദ ഇക്കാര്യം പറഞ്ഞത്. ഒരിയ്‌ക്കല്‍ തോല്‍പിക്കുന്നതുവരെ നമുക്ക് അദ്ദേഹം വലിയ കളിക്കാരനായി തോന്നും. പക്ഷെ ഒരിയ്‌ക്കല്‍ തോല്‍പിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ തിരിച്ചറിയും അയാളെ തോല്‍പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന്.- പ്രജ്ഞാനന്ദ പറഞ്ഞു.
2022ലാണ് പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ ആദ്യമായി തോല്‍പിച്ചത്. അതും തന്റെ 16ാം വയസ്സില്‍ ഒരു ഓണ്‍ലൈന്‍ ചെസ് ഗെയിമിലാണ് തോല്‍പിച്ചത്. 2024ലെ നോര്‍വ്വെ ചെസ്സില്‍ ആദ്യമായി പ്രജ്ഞാനന്ദ ക്ലാസിക്കല്‍ ഗെയിമില്‍ ആദ്യമായി മാഗ്നസ് കാള്‍സനെ തോല്‍പിച്ചു. 2025ല്‍ ലാസ് വെഗാസില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസില്‍ പ്രജ്ഞാനന്ദ രണ്ട് തവണ തുടര്‍ച്ചയായി മാഗ്നസ് കാള്‍സനെ തോല്‍പിച്ചു.
ഭാവിയില്‍ എനിക്ക് മാഗ്നസ് കാള്‍സനെ തോല്‍പിക്കാനാകും: പ്രജ്ഞാനന്ദ
ഭാവിയില്‍ മാഗ്നസ് കാള്‍സനെ തനിക്ക് കൂടുതലായി തോല്‍പിക്കാനാകുമെന്ന് പ്രജ്ഞാനന്ദ. “മാഗ്നസ് കാള്‍സന്‍ മനസ്സില്‍ അപ്പപ്പോഴത്തെ സ്വാഭാവിക തോന്നലുകള്‍ക്കനുസരിച്ച് കരുനീക്കങ്ങള്‍ നടത്തുന്ന താരമാണ്. പക്ഷെ അദ്ദേഹത്തിന്റെ ഈ നീക്കങ്ങള്‍ തെറ്റാറുമില്ല. ഞാനാകട്ടെ, മനസ്സിലേക്ക് സ്വാഭാവികമായി ഒരു നീക്കം കടന്നുവന്നാലും അത് നന്നായി വിശകലനം ചെയ്ത ശേഷം മാത്രമേ കരുനീക്കം നടത്താറുള്ളൂ. മാഗ്നസ് കാള്‍സന്‍ സ്വാഭാവികമായി മനസ്സില്‍ തോന്നുന്ന നീക്കം അതുപോലെ നടത്തുമ്പോള്‍ ഞാന്‍ മനസ്സില്‍ സ്വാഭാവികമായി വരുന്ന നീക്കം വിശകലനം ചെയ്ത ശേഷം മാത്രമേ നടത്തൂ. ഇത് എന്റെ ഒരു ഗുണമായി ഞാന്‍ വിലയിരുത്തുന്നു. ഇതിന്റെ ബലത്തില്‍ എനിക്ക് ഭാവിയില്‍ മാഗ്നസ് കാള്‍സന് മേല്‍ ആധിപത്യം നേടാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” – പ്രജ്ഞാനന്ദ പറയുന്നു.
എന്തുകൊണ്ടാണ് മാഗ്നസ് കാള്‍സന്‍ അജയ്യനാകുന്നത്?
പൊതുവേ ചെസ്സിനെക്കുറിച്ച് തന്റെ കുട്ടിക്കാലത്ത് ധാരാളം വായിച്ചിട്ടുള്ള കളിക്കാരനാണ് മാഗ്നസ് കാള്‍സന്‍. ഇത് അദ്ദേഹത്തിന് നല്ല അടിത്തറ നല്‍കിയിട്ടുണ്ട്. അതാണ് കാള്‍സന്റെ കളിയിലെ മിടുക്കിന് പിന്നില്‍. അതിനപ്പുറം മാനസികമായി നല്ല കരുത്തുള്ള കളിക്കാരനാണ് മാഗ്നസ് കാള്‍സന്‍. ഒരു ടൂര്‍ണ്ണമെന്‍റിലും അദ്ദേഹത്തെ പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ കാണാന്‍ സാധിക്കില്ല. ഇനി ഒരു ഗെയിമില്‍ പിഴവ് വന്നാല്‍ പോലും അവസാന നിമിഷം വരെ അദ്ദേഹം പോരാടും. ഓരോ നീക്കങ്ങളിലും വിജയസാധ്യതകള്‍ പരിശോധിക്കും. എതിരാളിയെ അദ്ദേഹം പരീക്ഷിച്ച് വിയര്‍പ്പിക്കും. ഈ ഗുണമാണ് അദ്ദേഹത്തെ മികച്ച കളിക്കാരനാക്കുന്നത്. പല കളിക്കാരും പരസ്പര ധാരണയില്‍ സമനിലയില്‍ പിരിയുന്ന കളി വരെ മാഗ്നസ് കാള്‍സന്‍ അവസാന നിമിഷം വരെ കളിച്ച് അതില്‍ നിന്നും വിജയം കണ്ടെത്താറുണ്ട്. അതാണ് അദ്ദേഹത്തെ മികച്ച ചെസ് താരമാക്കുന്നത്. – പ്രജ്ഞാനന്ദ പറയുന്നു.
അച്ഛനോട് വിളിച്ചു പറഞ്ഞ- ഞാന്‍ കാള്‍സനെ തോല്‍പിച്ചു
ആദ്യമായി 16ാം വയസ്സില്‍ മാഗ്നസ് കാള്‍സനെ റാപ്പിഡ് ഗെയിമില്‍ തോല്‍പിച്ചതിന്റെ അനുഭവവും പ്രജ്ഞാനന്ദ പങ്കുവെച്ചു. അന്ന് കളി തീരുമ്പോള്‍ രണ്ട് മണിയായി. ആവേശപൂര്‍വ്വം ചെന്നൈയിലുള്ള അച്ഛനെ ഫോണില്‍ വിളിച്ചു. “അച്ഛാ, ഞാന്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ചു.”- പ്രജ്ഞാനന്ദ അച്ഛനോട് പറഞ്ഞു. ബാങ്കില്‍ മാനേജരായി ജോലി ചെയ്യുകയാണ് അച്ഛന്‍. “ശരി” എന്ന് മാത്രം മറുപടി നല്‍കി അച്ഛന്‍ ഉറങ്ങാന്‍ പോയി. അപ്പോള്‍ ഉറങ്ങിയില്ലെങ്കില്‍ അടുത്ത ദിവസം ബാങ്കില്‍ ശരിയായി ജോലി ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടായിരുന്നു അദ്ദേഹം അങ്ങിനെ പ്രതികരിച്ചത്. – പ്രജ്ഞാനന്ദ പറഞ്ഞു. പക്ഷെ അന്ന് മാഗ്നസ് കാള്‍സനെ തോല്‍പിച്ചത് പുറത്ത് വലിയ വാര്‍ത്തയായി. സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രധാനമന്ത്രിയും വരെ അഭിനന്ദിച്ചതായും പ്രജ്ഞാനന്ദ പറഞ്ഞു.
ഇപ്പോഴും മാഗ്നസ് കാള്‍സന്‍ തന്നെയാണ് ലോകത്തിലെ മൂന്ന് ചെസ് രൂപങ്ങളിലും -ക്ലാസിക്കല്‍ ചെസ്, റാപ്പിഡ് ചെസ്, ബ്ലിറ്റ്സ് ചെസ്- ലോകചാമ്പ്യനാണ്. കഴിഞ്ഞ 14 വര്‍ഷമായി മാഗ്നസ് കാള്‍സനാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള കളിക്കാരന്‍. അഞ്ച് തവണ ലോക ചെസ് ചാമ്പ്യനായ അദ്ദേഹം അതിന് ശേഷം ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.