
2025 ഓഗസ്റ്റ് 15ന് ഇന്ത്യ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യമാകെ സമുചിതമായ ആഘോഷ ചടങ്ങുകളാണ് അരേങ്ങേറുന്നത്. ഇതോടനുബന്ധിച്ച് തയ്യാറാക്കാനുള്ള ഉപന്യാസത്തിനായി ഇതാ 10 സുപ്രധാന പോയിന്റുകള്‍.
- പോരാളികള്‍ അവര്‍ ധീരര്‍, അമരര്‍
മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ ബിആര്‍ അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഝാന്‍സി റാണി, അബുള്‍ കലാം ആസാദ് തുടങ്ങിയ ധീര പോരാളികളുടെ നിതാന്ത പരിശ്രമ ഫലമായാണ് ഭാരതത്തിന് സ്വാതന്ത്ര്യം നേടാനായത്. പേരറിയാത്ത പോരാളികളും അനവധി. അവരുടെ നിശ്ചയദാര്‍ഢ്യവും സമര്‍പ്പണവുമാണ് ഇന്ന് നമുക്ക് അഭിമാനിക്കത്ത തരത്തില്‍ ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കാനായത്.
- 200 ആണ്ടിന്റെ കൊളോണിയല്‍ വാഴ്ച
200 വര്‍ഷത്തിലേറെ നീണ്ട ത്യാഗനിര്‍ഭരമായ പോരാട്ടത്തിനൊടുവിലാണ് 1947 ഓഗസ്റ്റ് 15ന് രാജ്യം കൊളോണിയല്‍ ഭരണത്തില്‍ നിന്ന് സ്വതന്ത്രമാകുന്നത്. അന്ന്, നമ്മുടെ പ്രഥമ പ്രധാനമന്ത്രി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. അതിന്റെ സ്മരണാര്‍ഥം 2025 ഓഗസ്റ്റ് 15ന് നാം 79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.
- കൊലകള്‍, കൊടിയ പീഡനങ്ങള്‍
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷുകാരുടെ നിറയൊഴിക്കലുകളില്‍ അനവധിയാളുകള്‍ പിടഞ്ഞുവീണ് രക്തസാക്ഷികളായി. അനേകമാളുകള്‍ തുറുങ്കിലടയ്ക്കപ്പെട്ടു. ചിലര്‍ തൂക്കിലേറ്റപ്പെട്ടു, പലരും കൊടും പീഡനമുറകള്‍ക്ക് ഇരകളായി, അനേകായിരങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായി. അത്തരം കനല്‍വഴികള്‍ക്കൊടുക്കമാണ് ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യം ലഭ്യമായത്.
- ഉയര്‍ത്തിപ്പിടിയ്ക്കാം ഭരണഘടന
രാജ്യത്തെ വിദ്യാര്‍ഥികള്‍ നാളെയുടെ പൗരരാണ്. അവരിലൂടെയാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുക. അതിനാല്‍ രാജ്യത്തിന്റെ പ്രയാണത്തില്‍, മഹത്തായ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ-മതേതര-സോഷ്യലിസ്റ്റ് തത്വങ്ങള്‍ ഏവരും ഉയര്‍ത്തിപ്പിടിക്കണം. തുല്യതയ്ക്കായുള്ള അവകാശങ്ങള്‍ക്കായി നിലകൊള്ളുകയെന്നതും പ്രധാനം.
- ബഹുസ്വരതയാണ് കാതല്‍
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. സമ്പന്നമായ സംസ്‌കാരവും ചരിത്രവും ഇവിടെ ഇഴചേരുന്നു. വിവിധ സംസ്‌കാരങ്ങള്‍, പാരമ്പര്യങ്ങള്‍, ഭാഷകള്‍, രീതികള്‍ തുടങ്ങിയവ സമ്മേളിക്കുന്നു. അത്തരത്തില്‍ ബഹുസ്വരതയാണ് ഇന്ത്യയുടെ കാതല്‍. എക്കാലവും ബഹുസ്വരത സംരക്ഷിക്കപ്പെടണം. നാനാത്വത്തിലെ ഏകത്വമെന്ന മഹത്തായ ആശയം എക്കാലവും നാം ഉയര്‍ത്തിപ്പിടിക്കണം.
- ജനാധിപത്യം ജീവവായു
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനാധിപത്യമാണ് ഇന്ത്യയുടെ ജീവവായു. അവ എന്നും പോറലേല്‍ക്കാതെ സംരക്ഷിക്കപ്പെടണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളെയും ചെറുത്തുതോല്‍പ്പിക്കണം.
- വസുധൈവ കുടുംബകം
വസുധൈവ കുടുംബകം എന്ന വിശ്വദര്‍ശനത്തിനായി നാം നിലകൊള്ളണം. ലോകത്തിന്റെ ഏത് കോണിലുള്ളയാളിന്റെ വേദനയും നമ്മുടേതായി പരിഗണിക്കാനാകണം. ഇതര മനുഷ്യരോട് സ്നേഹത്തോടെ ഇടപെട്ടും സമാധാനപൂര്‍ണമായ സമൂഹത്തിനായി നാം ശബ്ദിക്കണം.
- വിദ്യാഭ്യാസമാണ് പുരോഗതി
പൗരര്‍ ഒത്തൊരുമിച്ചാല്‍ ഏത് പ്രതിബന്ധങ്ങളെയും മറികടക്കാന്‍ രാജ്യത്തിനാകും. വിദ്യാഭ്യാസമാണ് പുരോഗതിയുടെ താക്കോലെന്നത് മറക്കരുത്. വിദ്യാര്‍ഥികളെന്ന നിലയില്‍, നാം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം നല്ല വ്യക്തികളായി വളരാന്‍ കൂടി പ്രയത്നിക്കണം.
- തെറ്റിനെതിരെ ശബ്ദിക്കാം
തെറ്റിനെതിരെ ശബ്ദിക്കാനും നീതികേടിനെ ചോദ്യം ചെയ്യാനും നമുക്ക് കഴിയണം. നമ്മുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ ഭയക്കുകയോ മടിക്കുകയോ ചെയ്യേണ്ടതില്ല. യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ ചിന്താഗതി പരിപോഷിപ്പിക്കാം.
- നല്ല ശീലം, നല്ല സമൂഹം
ജീവിതത്തില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കണം. വ്യക്തികളും സമൂഹവും എല്ലാതരത്തിലും ആരോഗ്യപൂര്‍ണമാകണം. സഹായമാവശ്യമുള്ള മനുഷ്യരോട് കനിവോടെയും കരുതലോടെയും ഇടപെട്ട് നീതി ഉറപ്പാക്കണം. അത്തരത്തില്‍ നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും സമഗ്ര വളര്‍ച്ചയ്ക്കായി പ്രയത്‌നിക്കാം.