
മലപ്പുറം ജില്ലയിലെ മുസ്ലീം ലീഗ് മേധാവിത്വം എങ്ങനെയാണോ, അതുപോലെയാണ്, കോൺഗ്രസ്സിനെ സംബന്ധിച്ച് എറണാകുളം ജില്ല. സംസ്ഥാനത്ത് കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള ജില്ല കൂടിയാണിത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ, കെ. ബാബു, ഹൈബി ഈഡൻ, മാത്യു കുഴൽ നാടൻ, ഷിയാസ് കരീം, അൻവർ സാദത്ത്, തുടങ്ങി… നേതാക്കളുടെ വലിയ നിരയെ തന്നെയാണ്, എറണാകുളം ജില്ലയിൽ നിന്നും കോൺഗ്രസ്സ് സംഭാവന ചെയ്തിരിക്കുന്നത്.
2016ലും 2021ലും സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടതു തരംഗം ഏശാതെ പോയ ജില്ല എന്ന നിലയിൽ, രാഷ്ട്രീയ നിരീക്ഷകർക്കും ഇവിടം അത്ഭുതമാണ്.
2016ലും 2021ലും യുഡിഎഫിന് 9ഉം ഇടതുപക്ഷത്തിന് 5 ഉം മണ്ഡലങ്ങളിൽ വീതമാണ് വിജയിക്കാൻ കഴിഞ്ഞിരുന്നത്.
ഏറെ പ്രതീക്ഷയോടെ മത്സര രംഗത്തിറങ്ങിയ ട്വന്റി 20ക്കു വിജയം നേടാനായില്ലെങ്കിലും, 4 സീറ്റുകളിൽ ഇടതുപക്ഷ വിജയത്തിനു സഹായകമായി ആ വോട്ടുകൾ മാറിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തവണ ട്വൻ്റി 20 യുടെ സാന്നിധ്യം എങ്ങനെ ആയിരിക്കുമെന്നത് കണ്ടു തന്നെ അറിയേണ്ടതായി വരും.
യു.ഡി.എഫിനേക്കാൾ, ഇടതുപക്ഷം പരാജയപ്പെടേണ്ടത് കിറ്റക്സ് ഗ്രൂപ്പ് ഉടമയും ട്വൻ്റി 20 യുടെ സ്ഥാപകനുമായ സാബു എം ജേക്കബിൻ്റെ പ്രധാന ലക്ഷ്യമായതിനാൽ, ഇടതുപക്ഷം വിജയിക്കുന്ന സാഹചര്യം ഒഴിവാക്കാനായിരിക്കും സാബു എം ജേക്കബ് ശ്രമിക്കുക എന്നാണ് സൂചന.
ട്വൻ്റി 20 ക്ക് നിർണ്ണായക സ്വാധീനമുള്ള കുന്നത്തുനാട് സീറ്റിൽ, അവരുടെ സ്ഥാനാർത്ഥിയെ പിന്തുണച്ച്, മറ്റിടങ്ങളിൽ ട്വൻ്റി 20യുടെ പിന്തുണ നേടാൻ കഴിയുമോ എന്നത് , ഗൗരവമായാണ് കോൺഗ്രസ്സ് നേതൃത്വം പരിഗണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ട്വൻ്റി 20 യുടെ പ്രകടനം വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ നേരിട്ട് സാബു എം ജേക്കബുമായി ഇതു സംബന്ധമായി ചർച്ച നടത്തിയേക്കും.
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന വി.ഡി സതീശനെ സംബന്ധിച്ച്, സ്വന്തം ജില്ലയിൽ വമ്പൻ വിജയം നേടേണ്ടത് അനിവാര്യമാണ്. അതുകൊണ്ടു തന്നെ, ഇടതുപക്ഷത്തിൻ്റെ കൈവശമുള്ള സീറ്റുകൾ കൂടി പിടിച്ചെടുക്കുക എന്നത് സതീശനെ സംബന്ധിച്ച് വലിയ വാശികൂടിയാണ്. അതിന് യോജിക്കാൻ പറ്റാവുന്ന എല്ലാവരുമായി യോജിക്കാൻ തന്നെയാണ് സതീശൻ തീരുമാനിച്ചിരിക്കുന്നത്.
ഇവിടെയാണ് സാബു എം ജേക്കബിൻ്റെയും പ്രതികാരത്തിന് പ്രസക്തി വർദ്ധിക്കുന്നത്. ട്വൻ്റി 20യെ സംബന്ധിച്ചും സാബു എം ജേക്കബിനെ സംബന്ധിച്ചും, അവരെ ഏറെ ദ്രോഹിച്ചിരിക്കുന്നത് കുന്നത്തുനാട് എം.എൽ.എ ആയ ശ്രീനിജിനാണ്. ശ്രീനിജിനെ ഒറ്റയ്ക്ക് മത്സരിച്ച് തോൽപ്പിക്കാൻ ട്വൻ്റി 20 സ്ഥാനാർത്ഥിക്ക് കഴിയില്ലെങ്കിലും, കോൺഗ്രസ്സ് പിന്തുണച്ചാൽ, മത്സരത്തിൻ്റെ ഗതി തന്നെ മാറും. അതോടെ, ഇടതുപക്ഷ സ്വതന്ത്ര എം.എൽഎ ആയ ശ്രീനിജിൻ്റെ നിയമസഭയിലെ രണ്ടാം ഊഴമാണ് പരുങ്ങലിലാകുക.
2021പോലെ, ഏറ്റവും വാശിയേറിയ മത്സരം തൃപ്പൂണിത്തുറയിൽ 2026-ൽ എളുപ്പത്തിൽ വിജയിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ്സ് കരുതുന്നത്.. സിപിഎമ്മിലെ എം. സ്വരാജും , കോൺഗ്രസ്സിലെ കെ. ബാബുവും തമ്മിൽ നടന്ന മത്സരത്തിന്റെ വോട്ടെണ്ണൽ, അവസാന നിമിഷം വരെ നാടകീയത നിലനിർത്തിയെങ്കിലും, 992 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ബാബു മണ്ഡലം തിരിച്ചു പിടിച്ചിരുന്നത്.
കഴിഞ്ഞവട്ടം ഇടതുപക്ഷത്ത് നിന്നും മൂവാറ്റുപുഴ കൂടി പിടിച്ചെടുത്ത യുഡിഎഫിന് , കൈയ്യിലിരുന്ന കുന്നത്തുനാട് മാത്രമല്ല, കളമശേരി നഷ്ടമായതും പ്രാദേശിക വിഷയം മൂലമാണ്. പാലാരിവട്ടം പാലം അഴിമതി ആരോപണത്തിന്റെ പേരിൽ മുസ്‌ലിം ലീഗ് മാറ്റിനിർത്തിയ വി. കെ. ഇബ്രാഹിംകുഞ്ഞിനു പകരം, അദ്ദേഹത്തിന്റെ മകൻ വി. ഇ. അബ്ദുൽ ഗഫൂറിനെ മത്സരത്തിനിറക്കിയതാണ്, യു.ഡി.എഫിന് തിരിച്ചടിയായിരുന്നത്. ഇത് ലീഗിലും വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. കളമശ്ശേരി കോൺഗ്രസ്സ് ഏറ്റെടുത്ത്, ഡി.സി.സി പ്രസിഡൻ്റ് ഷിയാസ് കരീമിനെ അവിടെ മത്സരിപ്പിക്കാനും, പ്രതിപക്ഷ നേതാവിന് താൽപര്യമുണ്ട്. പകരം മറ്റിടത്ത് സീറ്റെന്ന കോൺഗ്രസ്സ് നിർദ്ദേശത്തിന് ലീഗ് വഴങ്ങിയാൽ, സിറ്റിംഗ് എം.എൽ.എ കൂടിയായ വ്യവസായ മന്ത്രി പി രാജീവിന് അത് വെല്ലുവിളിയാകുമെന്ന കാര്യവും ഉറപ്പാണ്.
ജനകീയരായ നേതാക്കളുടെ അഭാവമാണ് എറണാകുളം ജില്ലയിൽ സി.പി.എം നേരിടുന്ന പ്രധാന വെല്ലുവിളി. സംഘടനാപരമായ കരുത്തിലും, വലിയ ചോർച്ചകൾ, കഴിഞ്ഞ കാല പ്രവർത്തനങ്ങളിലെ പിഴവുകൾ മൂലം ജില്ലയിൽ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം, രഹസ്യമായാണെങ്കിൽ പോലും, സി.പി.എം നേതൃത്വവും സമ്മതിക്കുന്ന കാര്യവുമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ, കൈവശമുള്ള 4 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞാൽ തന്നെ, അത് സി.പി.എമ്മിനെ സംബന്ധിച്ച്, മഹാഭാഗ്യമായി മാറാനാണ് സാധ്യത.
ഇനി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എറണാകുളം ജില്ലയിൽ എങ്ങനെ ആയിരുന്നു എന്ന് നമുക്കൊന്നു പരിശോധിക്കാം.
ആലുവയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽഎയുമായ അൻവർ സാദത്തിന് 18,886 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ ഹാട്രിക് വിജയമാണ് നേടാൻ കഴിഞ്ഞിരുന്നത്.
അങ്കമാലിയിൽ കോൺഗ്രസിന്റെ റോജി എം. ജോൺ, 15929 വോട്ടുകൾക്കാണ് രണ്ടാം വട്ടവും വിജയം ആവർത്തിച്ചിരിക്കുന്നത്.
എറണാകുളം മണ്ഡലത്തിൽ ടി.ജെ. വിനോദിൻ്റെ വിജയത്തിനും ഒരു തുടർച്ചയുണ്ടായിരുന്നു.10,970 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. 1957 മുതലിങ്ങോട്ടുള്ള എറണാകുളത്തിന്റെ ചരിത്രത്തിൽ യുഡിഎഫിനു മണ്ഡലം നഷ്ടപ്പെട്ടത് രണ്ടു പ്രാവശ്യം മാത്രമാണ് എന്നതും, ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്.
കളമശേരി മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമായ പി രാജീവിൻ്റെ കന്നി ജയം 15,336- വോട്ടുകൾക്കായിരുന്നു.
കൊച്ചി നിയമസഭാ മണ്ഡലത്തിൽ സിപിഎമ്മിന്റെ കെ.ജെ. മാക്സിയുടെ വിജയ തുടർച്ചയാകട്ടെ, 14,079 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണുണ്ടായിരുന്നത്.
മുൻനിര പാർട്ടികളെ വെല്ലുവിളിച്ച് ജനകീയ കൂട്ടായ്മകളായ ട്വന്റി 20യും വിഫോർ കേരളയും കരുത്തു കാണിക്കാനെത്തിയ മണ്ഡലമായിരുന്നു കൊച്ചി. ഇരു കൂട്ടർക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഫലം നിർണയിക്കുന്നതിൽ അവർക്ക് പ്രധാന ഘടകമാകാൻ കഴിഞ്ഞിട്ടുണ്ട്.
കോതമംഗലത്ത് സിപിഎമ്മിന്റെ ആന്റണി ജോണിനും രണ്ടാംവട്ടമാണ് മണ്ഡലം തുണച്ചിരുന്നത്. 6,605 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹത്തിൻ്റെ ജയം.
മൂവാറ്റുപുഴയിൽ കോൺഗ്രസ് സ്ഥാനാർഥി മാത്യു കുഴൽനാടൻ വിജയിച്ചത് 6,161 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. സിറ്റിങ് എംഎൽഎയായ സിപിഐയുടെ എൽദോ എബ്രഹാമിനെയാണ് അദ്ദേഹം തോൽപ്പിച്ചിരുന്നത്.
പറവൂരിലെ വി.ഡി. സതീശൻ്റെ വിജയം വെള്ളാപ്പള്ളി നടേശനുള്ള കൃത്യമായ മറുപടി കൂടിയായിരുന്നു. 21,301 വോട്ടുകളുടെ തിളക്കമാർന്ന വിജയമാണ് സതീശൻ സ്വന്തം തട്ടകത്തിൽ നേടിയിരുന്നത്. 2001 മുതൽ പറവൂർ ജനത വിജയിപ്പിക്കുന്നതും ഈ ജനകീയ നേതാവിനെയാണ്.
പെരുമ്പാവൂരിൽ തുടര്‍ച്ചയായ രണ്ടാം വിജയം നേടിയ കോൺഗ്രസ്സിലെ എല്‍ദോസ് കുന്നപ്പിള്ളി 2,899 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരിക്കുന്നത്. കുന്നത്തുനാട് മണ്ഡലത്തോടു ചേര്‍ന്നു കിടക്കുന്ന പെരുമ്പാവൂരില്‍, ട്വന്റി 20യെ പ്രതിനിധീകരിച്ച ചിത്ര സുകുമാരന് 20,536 വോട്ടുകൾ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
പിറവത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ്, 25,364 വോട്ടുകൾ നേടി ഹാട്രിക് വിജയമാണ് കരസ്ഥമാക്കിയിരുന്നത്.
തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ മടങ്ങിവരവ് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ എം.സ്വരാജിനെ 992 വോട്ടിന് തോൽപ്പിക്കുന്നതിൽ കലാശിച്ചത്, ഇടതുപക്ഷത്തെ സംബന്ധിച്ച് ഇപ്പോഴും വലിയ നോവ് തന്നെയാണ്.
കോൺഗ്രസ്സ് കോട്ടയായ തൃക്കാക്കരയിൽ സിറ്റിംഗ് എം.എൽ.എ ആയിരുന്ന പി.ടി. തോമസിൻ്റെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ, അദ്ദേഹത്തിൻ്റെ ഭാര്യ ഉമ തോമസ് നേടിയതും വൻ വിജയമാണ്.
വൈപ്പിൻ മണ്ഡലം നിലനിർത്തിയ സിപിഎം. സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണൻ, 8,201 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ച് കയറിയത്. വാശിയേറിയ ത്രികോണ മത്സരം നടന്ന കുന്നത്തുനാട് മണ്ഡലത്തിൽ, സിപിഎം സ്വതന്ത്ര സ്ഥാനാർഥി പി.വി. ശ്രീനിജിൻ , കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായിരുന്ന വി.പി. സജീന്ദ്രനെ, 2,715 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയിരുന്നത്. മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഭരിക്കുന്ന ട്വന്റി-20 പിടിച്ച വോട്ടുകളാണ് യു.ഡി.എഫിന് പ്രഹരമായിരുന്നത്. ട്വൻ്റി 20 സ്ഥാനാർത്ഥി ഡോ. സുജിത്ത് പി. സുരേന്ദ്രന്‍ 42,701 വോട്ടുകളാണ് ഈ മണ്ഡലത്തിൽ പിടിച്ചിരിക്കുന്നത്.
2026- ലേക്ക് കാര്യങ്ങൾ എത്തുമ്പോൾ, എറണാകുളം ജില്ലയിലെ മുന്നണി സമവാക്യങ്ങൾ കൂടിയാണ് മാറാൻ പോകുന്നത്. ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ എന്നീ എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല.
Express View
വീഡിയോ കാണാം…
The post ട്വൻ്റി20 – കോൺഗ്രസ്സ് സഖ്യത്തിനും സാധ്യത, എറണാകുളം ജില്ല തൂത്ത് വാരാൻ യു.ഡി.എഫിന് വമ്പൻ പദ്ധതി appeared first on Express Kerala.









