തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാറ്റിലും മഴയിലും മരക്കൊമ്പുകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കാനോ താഴ്ന്നുകിടക്കാനോ സാധ്യതയുണ്ട്. രാത്രികാലങ്ങളിലും അതിരാവിലെയും പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം: പൊട്ടിവീണ വൈദ്യുതി ലൈനിന്റെ അടുത്തേക്കോ അതിന്റെ പരിസരങ്ങളിലേക്കോ പോകരുത്. വൈദ്യുത പ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റാരെയും അവിടേക്ക് പോകാൻ അനുവദിക്കരുത്. സർവ്വീസ് വയർ, സ്റ്റേ വയർ, വൈദ്യുതി പോസ്റ്റുകൾ എന്നിവയിൽ സ്പർശിക്കുന്നത് ഒഴിവാക്കണം. […]









