മസ്കത്ത്: ഒമാനിലെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താനും സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിലെ ജയ്പൂരിൽ ടൂറിസം പ്രമോഷനുമായി അധികൃതർ. ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ജയ്പൂർ വർക്ക്ഷോപ്പ്, പ്രാദേശിക, ആഗോള ടൂറിസം വിപണികളിൽ ഒമാന്റെ ദൃശ്യപരത വർധിപ്പിക്കുന്നതിനുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ്. സുൽത്താനേറ്റിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ഭൂമിശാസ്ത്രപരമായ വൈവിധ്യം, ആധുനിക ഹോസ്പിറ്റാലിറ്റി ഓഫറുകൾ എന്നിവ ഉയർത്തിക്കാട്ടിയാണ് കാമ്പയിൻ നടന്നത്. സവിശേഷവും സുരക്ഷിതവുമായ മിഡിൽ ഈസ്റ്റേൺ ലക്ഷ്യസ്ഥാനമായി ഒമാനെ മാറ്റുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഇന്ത്യയിലെ പ്രമുഖ ട്രാവൽ ഏജന്റുമാർ, എയർലൈൻ പ്രതിനിധികൾ, ഒമാനി ടൂറിസം പങ്കാളികളുമായി പ്രത്യേക മാധ്യമങ്ങൾ എന്നിവർ നടത്തുന്ന മുഖാമുഖ ബിസിനസ് മീറ്റിങ്ങുകൾ വർക്ക്ഷോപ്പിൽ ഉൾപ്പെടും. സാഹസിക ടൂറിസം, പൈതൃക യാത്ര, ക്രൂസ് അനുഭവങ്ങൾ, വിവാഹ ലക്ഷ്യസ്ഥാനങ്ങൾ, ഹോസ്പിറ്റാലിറ്റി, എം.ഐ.സി.ഇ (മീറ്റിങ്ങുകൾ, പ്രോത്സാഹനങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ) ടൂറിസം എന്നിവയിൽ ഒമാന്റെ ഓഫറുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം നിലനിൽക്കുന്ന പങ്കാളിത്തം കെട്ടിപ്പടുക്കുകയുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാനിലെ ടൂറിസം മേഖലയിൽ നിന്നുള്ള പങ്കാളികളുടെ വിഷ്വൽ അവതരണവും ഉണ്ടാകും. ഇന്ത്യൻ സഞ്ചാരികളുടെ മുൻഗണനകൾക്കും താൽപര്യങ്ങൾക്കും അനുസൃതമായി തയാറാക്കിയ യാത്രാ പാക്കേജുകൾ എടുത്തുകാണിക്കുന്ന സംവേദനാത്മക സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മുൻഗണന വിപണി എന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ തന്ത്രപരമായ പരിപാടി. വിസ ലഭ്യതയും മികച്ച വ്യോമഗതാഗതവും കാരണം സമീപ വർഷങ്ങളിൽ സുൽത്താനേറ്റ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മാർക്കറ്റിങ്ങിലൂടെയും സഹകരണത്തിലൂടെയും ഇത് ഉയർത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിനോദസഞ്ചാരത്തെ പ്രധാന വളർച്ചാ ചാലകമാക്കി മാറ്റാനും ശ്രമിക്കുന്ന ഒമാന്റെ വിഷൻ 2040മായി ഇത്തരം സംരംഭങ്ങൾ യോജിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.