ഡിസംബറായി… തണുപ്പുകാലമായി… തിരക്കുകൾക്കൊക്കെ അവധികൊടുത്ത് മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാൻ ഒരു യാത്രപോയിട്ട് വന്നാലോ?… ഇരുവശങ്ങളിലും മഞ്ഞിൽ കുളിച്ചുനിൽക്കുന്ന തേയിലച്ചെടികളെയും കോടമഞ്ഞിന്റ അകമ്പടിയോടെ പെയ്യുന്ന ചാറ്റൽമഴയെയും ഗുൽമോഹർ പൂത്തുലഞ്ഞുനിൽക്കുന്ന താഴ്വാരങ്ങളെയും കണ്ടൊരു യാത്ര…
മൂന്നാർ:
എത്രപോയാലും മൂന്നാർ നമ്മളെ വീണ്ടും കൊതിപ്പിക്കും. എത്രതവണ പോയാലും മൂന്നാർ മുഴുവൻ കണ്ടുതീർക്കാനാവില്ലെന്നുള്ളതാണ് യാഥാർഥ്യം. അത്രക്ക് വിശാലമാണ് മൂന്നാറെന്ന സഞ്ചാരികളുടെ സ്വർഗീയ ഭൂമി. മൂന്നാറിൽ വരുന്ന മിക്കവരും മൂന്നാർ ടൗണിൽ റൂമെടുത്ത് ചുറ്റുമുള്ള കാഴ്ചകൾ കണ്ട് മാത്രം മടങ്ങിക്കളയുകയാണ് പതിവ്. (ഇരവികുളം നാഷനൽ പാർക്ക്, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, സ്ഥിരംകാഴ്ചകൾ ഇതൊക്കെയാണല്ലോ…). മൂന്നാറിനേക്കാളും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏത് കാലാവസ്ഥയിലും മഞ്ഞ് വീഴുന്ന കുറച്ച് സ്ഥലങ്ങൾ മൂന്നാറിന് ചുറ്റുവട്ടത്ത് തന്നെയുണ്ട്. മൂന്നാറിൽ വരുന്നവരൊക്കെ ഇൗ സ്ഥലങ്ങളൊന്നും കാണാതെയും ആസ്വദിക്കാതെയുമാണ് തിരികെപ്പോകാറെന്നുള്ളതാണ് വാസ്തവം.

മീശപ്പുലിമല:
ചാർലി സിനിമയിൽ ദുൽഖർ ചോദിച്ചിട്ടില്ലേ? മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന്. കണ്ടിട്ടില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും വന്ന് മീശപ്പുലിമല ഒന്ന് കാണണം. കണ്ടാൽ മാത്രംപോര, കോടമഞ്ഞിന്റെ കുളിരിൽ ഒരുദിവസം ഇവിടെ താമസിക്കണം. ചൂടിൽനിന്ന് വരുന്ന മലയാളികൾക്ക് തണുപ്പ് ആസ്വദിക്കാൻ ഇത്രയും നല്ലസ്ഥലം കേരളത്തിൽ വേറെ ഇല്ല. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ കൊടുമുടിയാണ് മീശപ്പുലിമല. മീശപ്പുലിമലയിൽ രണ്ട് താമസസൗകര്യങ്ങളാണുള്ളത്. സ്കൈ കോട്ടേജ് എന്നറിയപ്പെടുന്ന ബേസ് ക്യാമ്പും ഇവിടെനിന്ന് അഞ്ച് കി. മീറ്റർ ഉയരത്തിലുള്ള റോഡോ മാൻഷനും.
കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള താമസസ്ഥലമാണ് റോഡോമാൻഷൻ. മൂന്നാറിൽനിന്ന് 13 കി.മീറ്റർ ദൂരമാണ് മാട്ടുപ്പെട്ടിയിലേക്ക്. അവിടെനിന്ന് 15 കി.മീറ്ററാണ് റോഡോമാൻഷനിലേക്ക്. കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷൻ (കെ.എഫ്.ഡി.സി) വഴിയാണ് മീശപ്പുലിമലയിലേക്കുള്ള യാത്രാ പാക്കേജുകൾ ബുക്ക് ചെയ്യേണ്ടത്. നമ്മുടെ വാഹനം കെ.എഫ്.ഡി.സിയുടെ ഒാഫിസിൽ പാർക്ക് ചെയ്ത് വനംവകുപ്പിന്റെ വാഹനത്തിൽ മീശപ്പുലിമലയിലേക്ക് യാത്രതിരിക്കാം. വിവരങ്ങൾക്ക്: www.kfdcecotourism.com, 04865230332, 8289821401, 8289821400.

കൊളുക്കുമല:
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം. അതുകൊണ്ട് തന്നെ കൊളുക്കുമല തേയിലക്ക് രുചിയും ഗുണവും കൂടുതലാണ്. കൊളുക്കുമല സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണെങ്കിലും കേരളത്തിൽനിന്ന് മാത്രമേ അവിടേക്ക് വഴിയുള്ളൂ. മൂന്നാറിലെ സൂര്യനെല്ലിയിൽനിന്ന് 13 കി.മീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലിയിൽ നമ്മുടെ വാഹനം പാർക്ക് ചെയ്ത് ഫോർ വീൽ ഡ്രൈവ് ജീപ്പിലാണ് കൊളുക്കുമലയിലേക്ക് പോകേണ്ടത്. 2000-2500 രൂപ വരെയാണ് ജീപ്പിന് ഇൗടാക്കാറുള്ളത്. 6-7 പേർക്ക് വരെ ഒരു ജീപ്പിൽ സഞ്ചരിക്കാം.
കൊളുക്കുമലയിലെ കുളിരുള്ള തണുപ്പ് ആസ്വദിച്ച് ഒരുദിവസം അവിടെ തങ്ങിയശേഷമേ തിരിച്ചിറങ്ങാവൂ. കൊളുക്കുമലയിലെ ടീ ഫാക്ടറി മാനേജുമെന്റുമായി ബന്ധപ്പെട്ടാൽ ടെൻറ് ഉൾപ്പെടെ ഫാക്ടറിക്ക് സമീപം പുതുതായി പണികഴിപ്പിച്ച മൂന്ന് റൂമുകളുൾപ്പെടെ, ഭക്ഷണമടക്കം താമസത്തിനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിത്തരും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടത്തിലെ ഒരു രാത്രിയിലെ താമസം മറക്കാനാവാത്ത അനുഭവമായിരിക്കും. (Askar Puthuparambil കൊളുക്കുമല ടീ ഫാക്ടറി മാനേജർ 9495820458)

കൊളുക്കുമല ടീ ഫാക്ടറി, കൊളുക്കുമലയോട് ചേർന്ന് മീശപ്പുലിമലയും കാണാം
കാന്തല്ലൂർ:
പഴവർഗങ്ങളുടെയും കൃഷിത്തോട്ടങ്ങളുടെയും നാട്. മൂന്നാറിൽ നിന്ന് മറയൂർ വഴി 54 കിലോമീറ്ററാണ് കാന്തല്ലൂർക്ക്. ആപ്പിൾ സമൃദ്ധമായി വിളയുന്ന സ്ഥലമായത് കൊണ്ട് കേരളത്തിന്റെ കശ്മീർ എന്ന വിളിപ്പേരുമുണ്ട് കാന്തല്ലൂരിന്. ആപ്പിൾ മാത്രമല്ല, ഓറഞ്ചും മൊസംബിയും പാഷൻ ഫ്രൂട്ടും സ്ട്രോബറിയും മരത്തക്കാളിയും ബ്ലാക്ക്ബെറിയും സബർജില്ലിയും വിളയുന്ന മണ്ണാണിത്.

നല്ല തണുപ്പിൽ വളരുന്നത് കൊണ്ട് രുചിയും ഗുണവും കൂടുതലാണ് കാന്തല്ലൂർ വെളുത്തുള്ളിക്ക്. സമുദ്രനിരപ്പിൽ നിന്ന് മൂന്നാറിനേക്കാളും ഉയരത്തിൽ സ്ഥിതിചെയ്യുന്നത് കൊണ്ട് തണുപ്പും മഞ്ഞും കൂടുതലാണിവിടെ. ഡിസംബർ-ജനുവരി മാസങ്ങളിൽ മൈനസ് രണ്ട് വരെയാണ് കാലാവസ്ഥ!. ആ സമയത്ത് കാന്തല്ലൂരിൽ കിടന്നുറങ്ങണമെങ്കിൽ രണ്ട് മൂന്ന് കമ്പിളിപ്പുതപ്പെങ്കിലും മൂടേണ്ടിവരും. മൊബൈൽ റേയ്ഞ്ച് ബി.എസ്.എൻ.എൽ, ജിയോ മാത്രം.

കൊടൈക്കനാൽ:
‘കൊടൈ’ എന്ന പേരിൽ തന്നെയുണ്ട് എല്ലാം. കേരളത്തിന് പുറത്ത് മലയാളികൾക്ക് എളുപ്പത്തിൽ പോയിവരാൻ കഴിയുന്ന കോടമഞ്ഞിന്റെ നാട്. യൂക്കാലിപ്സ്റ്റിന്റെ ഗന്ധവും അസ്ഥിവരെ കാർന്നുതിന്നുന്ന തണുപ്പും ആസ്വദിച്ച് രണ്ടോ മൂന്നോദിവസം താമസിച്ചാലും കൊടൈക്കനാലിലെ കാഴ്ചകൾ കണ്ടുതീരില്ല. കൊടൈക്കനാലിൽ എത്തുന്നവരിലധികവും ടൗണിന് ചുറ്റുവട്ടത്തുള്ള കാഴ്ചകൾ കണ്ട് മടങ്ങാറാണ് പതിവ്.

പക്ഷേ, ഇനി വരുമ്പോൾ കൊടൈക്കനാലിൽനിന്ന് 41 കി.മീറ്റർ ദൂരമുള്ള പോളൂരിലേക്കും (കൊടൈക്കനാലിലെ അവസാന ഗ്രാമം, അത് കഴിഞ്ഞാൽ കേരള ബോർഡറാണ്) പോളൂരിലേക്ക് വരുന്ന വഴിയുള്ള പൂമ്പാറൈ, മന്നവന്നൂർ, പൂണ്ടി ഗ്രാമങ്ങളിലേക്കും കൂടി നിങ്ങൾ വരണം. ആ ഗ്രാമങ്ങളിലെ കാഴ്ചകളും കൃഷിത്തോട്ടങ്ങളും പച്ചപ്പും… ആത് കണ്ട് തന്നെ അറിയണം. മനസിനെയും ശരീരത്തെയും കുളിരണിയിപ്പിച്ചുള്ള മന്നവന്നൂർ തടാകത്തിലെ കുട്ടവഞ്ചി സവാരി നിങ്ങൾക്ക് മറക്കാനാവാത്ത ഒരനുഭവമായിരിക്കും.
കൊടൈക്കനാലിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ:
ലേക്ക്: കൊടൈക്കനാലിന്റെ ഹൃദയ ഭാഗമാണിത്. ഇൗ തടാകത്തിന് ചുറ്റിനുമാണ് ഷോപ്പിങ് സെൻററുകൾ. റേറ്റ് ചോദിച്ച് ഉറപ്പുവരുത്തിയിട്ടേ ബോട്ടിങ്ങിന് പോകാവൂ.
സിൽവർ കാസ്കേഡ്: പളനിയിൽനിന്ന് കൊടൈക്കനാലിലേക്കുള്ള വഴിയിൽ 180 അടി ഉയരത്തിലുള്ള വെള്ളച്ചാട്ടം
കോക്കേഴ്സ് വാക്ക്: കൊടൈക്കനാലിലെ ഏറ്റവും മനോഹരമായ പാത. ഇവിടെനിന്ന് നോക്കിയാൽ (കോടമഞ്ഞില്ലെങ്കിൽ) കൊടൈക്കനാലിന്റെ താഴ്വര മുഴുവൻ കാണാം.
സൂയിസൈഡ് പോയൻറ്: ലേക്കിൽനിന്ന് 6 കി.മീറ്റർ, ഗോൾഫ് ക്ലബിനോട് ചേർന്ന്. നല്ല ഷോപ്പിങ് സെൻററുമാണിവിടം.
പില്ലർ റോക്സ്: ലേക്കിൽനിന്ന് എട്ട് കി.മീറ്റർ. നൂറോളം മീറ്റർ ഉയരമുള്ള മൂന്ന് ശിലാരൂപങ്ങളാണ് ഇവിടത്തെ കാഴ്ച. ഇതിനടുത്ത് തന്നെയാണ് ഗുണ കേവ്സ്.
സൈലൻറ് വാലി വ്യൂ: പില്ലർ റോക്സിനടുത്തുള്ള ഉയരമുള്ള പ്രദേശം. നിശബ്ദ താഴ്വരയാണ് പ്രത്യേകത.
ഡോൾഫിൻ നോസ്: ലേക്കിൽനിന്ന് 8 കി.മീറ്റർ ദൂരം.സമരനിരപ്പിൽനിന്ന് 2000 അടി ഉയരത്തിലുള്ള പരന്ന പാറ.
പൈൻ ഫോറസ്റ്റ്: കൊടൈക്കാനാലിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം. പൈൻമരങ്ങളെ മറച്ചുകൊണ്ട് കോട വന്ന് മൂടുന്നത് മനസിനും ശരീരത്തിനും കുളിർമപകരുന്ന കാഴ്ചയാണ്.






