അടിമാലി: വിനോദസഞ്ചാര മേഖലയില്‍ അടിമാലി പഞ്ചായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം പോയന്റുകള്‍ വികസിപ്പിക്കക്കണമെന്ന ആവശ്യം ശക്തമായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് അടിമാലിയിലാണ്. എന്നാല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍പോന്ന വികസനമൊന്നും പഞ്ചായത്തിനില്ല. പ്രകൃതിരമണീയതകൊണ്ടും വെളളച്ചാട്ടങ്ങള്‍കൊണ്ടും കാനനഭംഗികൊണ്ടും അനുഗൃഹീതവുമാണ്. സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാര്‍ കൂടുതലുളള പഞ്ചായത്തും അടിമാലി തന്നെ.
ചീയപ്പാറ
വിനോദസഞ്ചാരികളുടെ മുഖ്യആകര്‍ഷണമായ വാളറ, ചീയപ്പാറ വെളളച്ചാട്ടങ്ങള്‍പോലും വികസനമില്ലാത്ത അവസ്ഥയിലാണ്. ഈ വെളളച്ചാട്ടങ്ങളില്‍ നിന്നു കാര്യമായ വരുമാനം സര്‍ക്കാറിനില്ലെങ്കിലും ഇവിടെ വികസനമെത്തിച്ചാല്‍ വളരെ വേഗത്തില്‍ വന്‍വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ വെളളമില്ലാതെ വിനോദസഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഈ വെളളച്ചാട്ടങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെയുളള പദ്ധതി തയാറാക്കിയാല്‍ 12 മാസവും വെളളം എത്തിക്കാൻ കഴിയും.
നിർദിഷ്ട തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി വാളറ വെളളച്ചാട്ടത്തിന് ഭീഷണിയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ദേവിയാര്‍ പുഴയുടെ കുറുകെ മൂന്നിടങ്ങളില്‍ ചെക്കുഡാമുകള്‍ തീര്‍ക്കുകയും വേനലിൽ വെളളം സംഭരിക്കുകയും ചെയ്താല്‍ ഇവിടെയും പ്രശ്‌നം പരിഹരിക്കാനാകും.
വാളറ
പ്രകൃതിരമണീയത കൊണ്ട് അനുഗൃഹീതമായ വാളറ മേഖലയിൽ ഇക്കോ പോയന്റായ കുതിരകുത്തി മലയാണ് വലിയ ആകര്‍ഷണ കേന്ദ്രം.
നോക്കെത്താദൂരത്തില്‍ വനമേഖലയും പെരിയാറിന്റെ നീളത്തിലുളള സൗന്ദര്യവും ഏറ്റവും അടുത്തുനിന്ന് ആസ്വദിക്കാന്‍ കഴിയുന്നത് കുതിരകുത്തി മലയിലാണ്. ഇവിടെ നിന്നാല്‍ എറണാകുളം ജില്ലയിലെ ഭൂരിഭാഗം മേഖലയും കാണാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
ഇതിനോട് ചേര്‍ന്നുളള കാട്ടമ്പല പ്രദേശവും വശ്യമനോഹരം തന്നെ. കാടിന്റെ നേര്‍ക്കാഴ്ചകള്‍ കാണാന്‍ കഴിയുന്ന ഇവിടെ വനംവകുപ്പുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ തയാറാക്കാനും ഇതുവഴി വന്‍നേട്ടം ഉണ്ടാക്കാനുമാകും. ഇതിന് നേരെ എതിര്‍ദിശയില്‍ സാഹസികയാത്രികര്‍ക്ക് അനുയോജ്യമായ ട്രക്കിങ് ഒരുക്കാന്‍പറ്റിയ സ്ഥലമാണ് കമ്പിലൈന്‍. പടിക്കപ്പിൽ പ്രകൃതിരമണീയമായ നിരവധി പ്രദേശങ്ങളുണ്ട്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറയും വെളളച്ചാലുകളും അവറുകുട്ടി പുഴയുമൊക്കെ സഞ്ചാരികള്‍ ആഗ്രഹിക്കുന്നതിലപ്പുറം നല്‍കാന്‍ കഴിയുന്നതാണ്.
അടിമാലിയിലേക്ക് വരുമ്പോള്‍ അടിമാലി വെളളച്ചാട്ടവും ആദിവാസി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ തയാറാക്കിയാല്‍ ജില്ലയില്‍ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി പഞ്ചായത്തിനിനെ മാറ്റാന്‍ കഴിയും.
മറ്റ് പഞ്ചായത്തുകള്‍ ജലാശങ്ങളും മറ്റ് സൗകര്യങ്ങളും കാട്ടി സഞ്ചാരികളെ ആകര്‍ഷിക്കുബോള്‍ ഉളള സാധ്യതകള്‍പോലും ഇവിടെ ഉയര്‍ത്തികൊണ്ടുവരുന്നില്ല. പഞ്ചായത്തിലെ ചെറുതും വലുതുമായ ടൗണുകള്‍ കേന്ദ്രീകരിച്ച് പാതയോരം നവീകരിക്കുകയും വേണം.









