സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കിയ കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. ഇന്നലെ രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനമാണ് ടേക്ക് ഓഫിന് തയ്യാറെടുക്കവെ സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്. ഇന്നു പുലർച്ചെ 2.44നാണ് പകരം വിമാനം കൊച്ചിയിൽ നിന്നും പുറപ്പെട്ടത്. രാവിലെ അഞ്ചരയോടെ ഈ വിമാനം ഡൽഹിയിലെത്തി.
അതേസമയം, വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയിട്ടില്ലെന്ന് കൊച്ചി വിമാനത്താവള കമ്പനിയായ സിയാൽ വ്യക്തമാക്കി. എന്നാൽ, വിമാനത്തിന് എഞ്ചിൻ തകരാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ: പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി പുതിയ കെട്ടിടത്തിലേക്ക്; അടുത്ത മാസം ഉദ്ഘാടനമെന്ന് സൂചന
കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം 504 റൺവേയിൽ നിന്ന് തെന്നി മാറിയതായി സംശയിക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണ് ആശങ്ക പുറത്തറിഞ്ഞത്.വിമാനത്തിൻറെ ടേക്ക് ഓഫ് വൈകുകയാണെന്നും വിമാനത്തിന് എന്തോ അസ്വഭാവികമായി തോന്നിയെന്നുമാണ് ഹൈബി ഈഡൻ എംപി ഫെയ്സ്ബുക്കിലൂടെ പങ്ക് വെച്ചത്. പിന്നാലെയാണ് എഞ്ചിൻ തകരാറെന്ന് ക്രൂ വിശദീകരിച്ചത്.
‘‘ക്യാപ്റ്റൻ വന്ന് സംസാരിച്ചു. എൻജിന് സംഭവിച്ച സാങ്കേതിക തകരാർ ടെക്നീഷ്യൻസ് പരിശോധിക്കുകയാണ്. 10.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുൻപത്തെ റണ്ണിങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റൺവേയിൽ നിന്ന് പാർക്കിങിലേക്ക് മാറ്റിയിട്ടുണ്ട്. എൻജിൻ വൈബ്രേഷന് പ്രശ്നം ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഒരു മണിക്കൂറായി യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. പ്രശ്നം പരിഹരിച്ച വൈകാതെ പുറപ്പെടുമെന്നാണ് കരുതുന്നത്.’’ – ഹൈബി ഈഡൻ പിന്നീട് ഒരു മാധ്യമത്തോട് പറഞ്ഞു.
The post സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര റദ്ദാക്കിയ കൊച്ചി – ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിലെത്തിച്ചു appeared first on Express Kerala.