
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചരിത്രപരമായ കൂടിക്കാഴ്ചയിൽ, യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്കി വീണ്ടും തന്റെ വസ്ത്രധാരണ രാഷ്ട്രീയത്തിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പതിവ് രാജ്യാന്തര ഡിപ്ലോമാറ്റിക് മര്യാദകൾ പാലിച്ച് രാഷ്ട്രത്തലവന്മാർ സ്യൂട്ടും ടൈയും ധരിച്ച് ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ, സെലെൻസ്കി ഇത്തവണയും പരമ്പരാഗത മാനദണ്ഡങ്ങളെ മറികടന്നിരിക്കുകയാണ്. ഒരു സാധാരണ സ്യൂട്ടിന് പകരം അദ്ദേഹം തെരഞ്ഞെടുത്തത് സൈനിക ചിഹ്നങ്ങളോട് ചേർന്നിരിക്കുന്ന, ഗൗരവം നിറഞ്ഞ കറുത്ത വസ്ത്രം ആയിരുന്നു. ഔപചാരികതയും പോരാട്ടത്തിന്റെ പ്രതീകാത്മകതയും ഒരുമിച്ച് കൈമുതലാക്കുന്ന വേഷധാരണമായിരുന്നു ഇത് എന്നാണ് ഒരു വിഭാഗം നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
മൂന്ന് വർഷം മുമ്പ് ആരംഭിച്ച യുദ്ധത്തിന് ശേഷം, അദ്ദേഹം പൊതുവേദികളിൽ പതിവായി ധരിക്കുന്ന പട്ടാള നിറത്തിലുള്ള സ്വെറ്റ് ഷർട്ടുകൾ , പോളോകൾ, സൈനിക യൂണിഫോം ശൈലികൾ എല്ലാം കൂടി അദ്ദേഹത്തെ ഒരു രാഷ്ട്രത്തിന്റെ തലവനെന്ന നിലയിൽ മാത്രമല്ല, യുദ്ധമുഖത്ത് സ്വന്തം ജനങ്ങളോടൊപ്പം നിന്നുകൊണ്ടിരിക്കുന്ന ഒരു “കമാൻഡർ-ഇൻ-ചീഫ്” എന്ന പ്രതീകമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു എന്നും ഒരു വിഭാഗം പറയുന്നുണ്ട്.

അതുകൊണ്ടാണ് വൈറ്റ് ഹൗസിൽ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കായി എത്തിയപ്പോൾ, അദ്ദേഹത്തിന്റെ വേഷധാരണം മാധ്യമങ്ങളുടെയും നിരീക്ഷകരുടെയും പ്രധാന ചർച്ചാവിഷയമായി മാറിയത്. “സ്യൂട്ടോ ടൈയോ ധരിക്കാത്ത പ്രസിഡന്റ്” എന്ന വിമർശനങ്ങളും ഉയർന്നുവെങ്കിലും, സെലെൻസ്കി തന്റെ സന്ദേശം വ്യക്തമായി വ്യക്തമാക്കി – “യുദ്ധം അവസാനിക്കുന്നതുവരെ ഞാൻ സ്യൂട്ട് ധരിക്കുകയോ താടി വടിക്കുകയോ ചെയ്യില്ല.”അതേസമയം ഈ വസ്ത്രധാരണത്തെ അഭിനന്ദിച്ച് ട്രംപ് എത്തിയിരുന്നു. “എനിക്കിത് വളരെ ഇഷ്ടമായി,” ട്രംപ് സെലെൻസ്‌കിയെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. തന്റെ കൈവശമുള്ളതിൽ വച്ച് ഏറ്റവും മികച്ചത് ഇതാണ് എന്ന മറുപടിയായി സെലെൻസ്‌കിയും പ്രതികരിച്ചു.

സെലെൻസ്‌കിയുടെ ഈ വസ്ത്രം രൂപകൽപ്പന ചെയ്ത ഡാമിർലി ബ്രാൻഡിന്റെ ഡിസൈനറായ എൽവിറ ഗസനോവയുടെ അഭിപ്രായത്തിൽ, ഇത്തവണയും, പ്രസിഡൻ്റ് സെലെൻസ്‌കി ഒരു സൈനികൻ്റെ യൂണിഫോം പോലെയായിരുന്നു വസ്ത്രം ധരിച്ചിരുന്നത്. യുദ്ധത്തിലേർപ്പെട്ട ഒരു രാജ്യത്തിൻ്റെ നേതാവാണ് അദ്ദേഹം എന്ന് ഇത് വ്യക്തമായി കാണിക്കുന്നു. എന്താണ് ധരിക്കേണ്ടതെന്ന് അദ്ദേഹം സ്വയം തീരുമാനിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ഓരോ ചലനത്തിനും രൂപത്തിനും പ്രാധാന്യമുണ്ടെന്നും, അതിനാൽ ഈ സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ വസ്ത്രം അദ്ദേഹം തിരഞ്ഞെടുത്തെന്നും അവർ വ്യക്തമാക്കി.
യുദ്ധത്തിൽ തകർന്ന സ്വന്തം രാജ്യത്തോടും സൈന്യത്തോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന സെലെൻസ്‌കിയുടെ ഈ ഫാഷൻ സ്റ്റേറ്റ്മെന്റ് വലിയ തോതിൽ പ്രശംസയും ഒപ്പം വിമർശനങ്ങളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ യുക്രേനിയൻ ദേശീയ ചിഹ്നമുള്ള ഒരു കറുത്ത പോളോ ഷർട്ട് ധരിച്ചെത്തിയ സെലെൻസ്‌കിയെ ട്രംപ് കളിയാക്കിയിരുന്നു. “നിങ്ങളെല്ലാവരും ഇന്ന് അണിഞ്ഞൊരുങ്ങിയല്ലോ” എന്നായിരുന്നു അന്ന് ട്രംപിന്റെ പരിഹാസം.
Also Read:റഷ്യയെ തൊടാനാവില്ല മക്കളെ! ട്രംപും പുടിന് അനുകൂലം; സെലെൻസ്കിക്കും യൂറോപ്യൻ യൂണിയനും പണി!
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ റിയൽ അമേരിക്കാസ് വോയ്‌സ് എന്ന മാധ്യമത്തിലെ റിപ്പോർട്ടർ സെലെൻസ്‌കിയോട് ഇതേക്കുറിച്ച് ചോദിച്ചു. ” നിങ്ങളെന്താണ് ഒരു സ്യൂട്ട് ധരിക്കാത്തത്? ഈ രാജ്യത്തെ ഏറ്റവും ഉയർന്ന തലത്തിലുള്ള ഓഫീസിലാണ് നിങ്ങളിപ്പോൾ, എന്നിട്ടും നിങ്ങൾ സ്യൂട്ട് ധരിക്കാൻ വിസമ്മതിക്കുന്നു,” എന്നായിരുന്നു ചോദ്യം. ഈ യുദ്ധം കഴിഞ്ഞാൽ ഞാൻ വസ്ത്രം ധരിക്കും, അതെ. ഒരുപക്ഷേ നിങ്ങളുടേത് പോലെ, അല്ലെങ്കിൽ ഇതിലും മികച്ചത്,” എന്നായിരുന്നു സെലെൻസ്‌കിയുടെ മറുപടി.

ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുക്രേനിയൻ യുദ്ധത്തിൽ വിജയം നേടുന്നതുവരെ താൻ ഇനി സ്യൂട്ടും ടൈയും ധരിക്കുകയോ താടി വടിക്കുകയോ ചെയ്യില്ലെന്ന് സെലെൻസ്‌കി 2022-ൽ പ്രതിജ്ഞയെടുത്തിരുന്നു. ഈ രാഷ്ട്രീയ പ്രതിജ്ഞയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഇപ്പോഴും ഈ വസ്ത്രധാരണത്തിലൂടെ കാണാൻ കഴിയുന്നത്.
സെലെൻസ്കിയുടെ “യുദ്ധമുഖത്തെ കമാൻഡർ” ഇമേജ്, അദ്ദേഹത്തെ സ്വന്തം ജനങ്ങളോടുള്ള ഐക്യത്തിന്റെ പ്രതീകമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ വിമർശകർ പറയുന്നത്, ഒരു നേതാവ് സ്ഥിരമായി യുദ്ധത്തിന്റെ ചിഹ്നങ്ങളിലൂടെയാണെങ്കിൽ, സമാധാനത്തിനും ഡിപ്ലോമാറ്റിക് പരിഹാരത്തിനും വേണ്ട സന്ദേശം ലോകത്തിനു നൽകാൻ കഴിയാതെ പോകും എന്നതാണ്. വസ്ത്രധാരണം തീർച്ചയായും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധതയുടെ ശക്തമായ സന്ദേശം തന്നെയാണ്. എന്നാൽ ലോകം അദ്ദേഹത്തെ യുദ്ധമുഖത്തെ പോരാളിയെന്നതിനേക്കാൾ, സമാധാനം അന്വേഷിക്കുന്ന ഒരു രാഷ്ട്രത്തിന്റെ പ്രതിനിധിയായാണ് കാണേണ്ടത്. അതിനാൽ സൈനിക ശൈലിയിലുള്ള ഫാഷന്റെ അമിതാഭിനയം ഒഴിവാക്കി, അന്താരാഷ്ട്ര വേദികളിൽ ഗൗരവമുള്ള ഒരു നേതൃഭാവം അവതരിപ്പിക്കേണ്ട സമയം എത്തിയിരിക്കുകയാണ്.
റിപ്പോർട്ട് തയ്യാറാക്കിയത്: അഭിരാമി കെ എ
The post ”യുദ്ധം കഴിയുന്നതുവരെ സ്യൂട്ട് ഇല്ല”; വിമർശനങ്ങളും പ്രശംസകളും ഏറ്റുവാങ്ങി സെലെൻസ്കിയുടെ “ഡ്രസ് കോഡ്” പൊളിറ്റിക്സ്! appeared first on Express Kerala.









