ന്യൂദല്‍ഹി: ആഗോള ചെസ് സംഘടനയായ ഫിഡെ സംഘടിപ്പിക്കുന്ന 2025ലെ പുരുഷവിഭാഗം ലോകകപ്പ് മത്സരം ഈ വര്‍ഷം ഗോവയില്‍ നടക്കും. 23 വര്‍ഷത്തിന് ശേഷമാണ് ഫിഡെ ലോകകപ്പ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിവരുന്നത്. ഇതിന് മുന്‍പ് 2002ലാണ് ഫിഡെ ലോകകപ്പ് ഇന്ത്യയില്‍ നടന്നത്- അന്ന് ഹൈദരാബാദിലാണ് ടൂര്‍ണ്ണമെന്‍റ് നടന്നത്.
ഇക്കുറി ദല്‍ഹിയായിരിക്കും വേദിയെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ഗോവയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷത്തെ ഫിഡെ ലോകകപ്പിന് ഇന്ത്യയായിരിക്കും വേദിയെന്ന് ഫിഡെ സമൂഹമാധ്യമത്തില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെ ഇന്ത്യയിലെ വേദി ഗോവയായിരിക്കുമെന്ന് ചൊവ്വാഴ്ചയാണ് ഫിഡെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ചെസ്സില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന ഈ ടൂര്‍ണ്ണമെന്‍റ് ഒക്ടോബര്‍ 30ന് ആരംഭിക്കും. നവമ്പര്‍ 27 വരെയായിരിക്കും മത്സരം. ഈ വര്‍ഷം ലോകത്തിലെ മികച്ച 206 താരങ്ങള്‍ പങ്കെടുക്കും. ഒരു നോക്കൗട്ട് ടൂര്‍ണ്ണമെന്‍റായ ഫിഡെ ലോകകപ്പ് ടൂര്‍ണ്ണമെന്‍റില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് താരങ്ങളായിരിക്കും 2026ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുക. നിലവിലെ ലോകചാമ്പ്യനായ ഡി.ഗുകേഷിനെ നേരിടാനുള്ള താരത്തെ കണ്ടെത്താനുള്ള ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റ്.
ഇതിന് മുന്‍പ് ഇന്ത്യയിലെ ഒരു ഫിഡെ ടൂര്‍ണ്ണമെന്‍റ് നടന്നത് ചെസ് ഒളിമ്പ്യാഡായിരുന്നു. ഇത് 2022ല്‍ തമിഴ്നാട്ടിലെ മാമല്ലാപുരത്തായിരുന്നു നടന്നത്. അതിന് മുന്‍പ് ഇന്ത്യയില്‍ ഫിഡെ ലോകകപ്പ് ഒരിയ്‌ക്കല്‍ നടന്നിട്ടുണ്ട്. 2002ല്‍ നടന്ന ഈ ഫിഡെ ലോകകപ്പ് ഹൈദരാബാദില്‍ ആണ് അന്ന് നടന്നത്. അന്ന് വിശ്വനാഥന്‍ ആനന്ദായിരുന്നു ചാമ്പ്യനായത്.
ചെസ്സില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ഇന്ത്യയുടെ താരങ്ങള്‍ നടത്തുന്ന കുതിപ്പാണ് ഇത്തരമൊരു വേദി ഇന്ത്യയിലേക്കെത്താന്‍ കാരണം. ഇന്ന് ലോകത്തിലെ ആദ്യ പത്ത് റാങ്കുകളില്‍ നാല് പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. അതുപോലെ ഫിഡെയുടെ വൈസ് പ്രസിഡന്‍റായിരിക്കുന്നത് ഇന്ത്യന്‍ ചെസ്സിലെ പിതാവെന്ന് അറിയപ്പെടുന്ന, ചെസ്സില്‍ ലോകകിരീടം അഞ്ച് തവണ നേടിയ വിശ്വനാഥന്‍ ആനന്ദാണെന്നതും ഈ ടൂര്‍ണമെന്‍റ് ഇന്ത്യയിലെത്താന്‍ മറ്റൊരു കാരണമാണ്. ആഗോളതലത്തില്‍ അറിയപ്പെടുന്ന നേതാവായ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നതും ഈ ടൂര്‍ണ്ണമെന്‍റ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ഫിഡെയ്‌ക്ക് ആത്മവിശ്വാസം പകരുന്നു. ഏറ്റെടുത്താല്‍ ഇന്ത്യയ്‌ക്ക് അത് നടത്താന്‍ കഴിയുമെന്ന വിശ്വാസം ഫിഡെയ്‌ക്കുണ്ടെന്നര്‍ത്ഥം.
ലോകകപ്പ് ഇന്ത്യയിലേക്ക് തിരിച്ചു ചെല്ലുന്നതില്‍ സന്തോഷമുണ്ടെന്ന് ഫിഡെ സിഇഒ എമില്‍ സുടോവ്സ്കി പറഞ്ഞു. “ചെസ്സില്‍ ആഴത്തില്‍ വേരോടുന്ന ആവേശമുള്ളവരാണ് ഇന്ത്യക്കാര്‍. ഇന്ത്യന്‍ ചെസ് ആരാധകരുടെ ചെസ്സിനോടുള്ള അഭിനിവേശം അപാരമാണ്. പ്രാദേശിക ചെസ് പ്രേമികള്‍ ഓണ്‍ലൈനായും നേരിട്ടും ഈ മത്സരങ്ങള്‍ കാണാനെത്തുമെന്നത് ഉറപ്പാണ്. ചെസിലെ ഇതിഹാസങ്ങളെയും മറ്റ് താരങ്ങളെയും പങ്കെടുപ്പിച്ച് ഒട്ടേറെ മറ്റ് പരിപാടികളും സംഘടിപ്പിക്കും.”- എമില്‍ സുടോവ്സ്കി പറഞ്ഞു.
കളിക്കാര്‍
2023ലെ ലോകകപ്പ് മത്സരത്തില്‍ ആദ്യനാല് സ്ഥാനക്കാരായ മാഗ്നസ് കാള്‍സന്‍,(നോര്‍വ്വെ) പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന(യുഎസ്), നിജാത് അബുസൊവ് (അസര്‍ബൈജാന്‍) എന്നിവര്‍ പങ്കെടുക്കും. 2025ലെ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ജു വെന്‍ജുന്‍ പങ്കെടുക്കും. 2024 ലോക ജൂനിയര്‍ ചെസ് ചാമ്പ്യനായ കസിബെക് നോഗര്‍ബെക് (കസാഖിസ്ഥാന്‍) പങ്കെടുക്കും.
ഫിഡെ ലോകറാങ്കിങ്ങ് ലിസ്റ്റിലെ ആദ്യ 13 റാങ്കുകാരെ ഉള്‍പ്പെടുത്തും. ഇതില്‍ ഹികാരു നകാമുറ(യുഎസ്), അര്‍ജുന്‍ എരിഗെയ്സി, നോഡിര്‍ബെക് അബ്ദുസത്തൊറൊവ്(ഉസ്ബെകിസ്ഥാന്‍), അലിറെസ ഫിറൂഷ(ഫ്രാന്‍സ്) വെയ് യി (ചൈന), ഇയാന്‍ നെപോമ്നെഷി (ഫിഡെ), അരവിന്ദ് ചിതംബരം, അനീഷ് ഗിരി (നെതര്‍ലാന്‍റ്സ്), ഷഖ്രിയാര്‍ മമെഡ്യറൊവ് (അസര്‍ബൈജാന്‍), വെസ്ലി സോ (യുഎസ്), ഹാന്‍സ് നീ മാന്‍ (യുഎസ്) വിശ്വനാഥന്‍ ആനന്ദ്, മാക്സിം വാചിയര്‍ ലെഗ്രാവ് (ഫ്രാന്‍സ്) എന്നിവര്‍ ഈ ഗ്രൂപ്പില്‍ പങ്കെടുക്കും.
വിവിധ ഭൂഖണ്ഡങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നും മൂന്ന് പേരും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും 21 പേരും ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും 35 പേരും യൂറോപ്പില്‍ നിന്നും 41 പേരും ഒളിമ്പ്യാഡ് സ്പോട്സില്‍ 100 പേരും മത്സരിക്കാനെത്തും. ഏഷ്യയിലെ 35 പേരില്‍ ഇന്ത്യയില്‍ നിന്നും നിഹാല്‍ സരിന്‍, എസ്എല്‍ നാരായണന്‍, പാ ഇനിയന്‍, എം പ്രണേഷ്, ഹര്‍ഷവര്‍ധന്‍, മുരളി കാര്‍ത്തികേയന്‍, പൗയ ഇഡാനി, സൂര്യ ഗാംഗുലി, ഇമാല്‍ ഗുസെയ്ന്‍, ഘോഷ് ആരോമ്യക്, ഘോഷ് ദിപ്തയാന്‍, കാര്‍തിക് വെങ്കട് നാരായണന്‍, രാജു ഋത്വിക് എന്നിവര്‍ പങ്കെടുക്കും.