മിസൂറി(യുഎസ്) : ഗ്രാന്‍റ് ചെസ് ടൂര്‍ണ്ണമെന്‍റിന്റെ ഭാഗമായുള്ള സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ അഞ്ചര പോയിന്‍റ് വീതം നേടി ഫൈനലില്‍ കടന്ന മൂന്ന് പേര്‍ തമ്മിലുള്ള അന്തിമ കിരീടപ്പോരില്‍ പ്രജ്ഞാനന്ദയ്‌ക്ക് രണ്ടാം സ്ഥാനം മാത്രം.സമ്മാനത്തുകയായി പ്രജ്ഞാനന്ദയ്‌ക്ക് ലഭിക്കുക 59 ലക്ഷം രൂപ. പക്ഷെ ഈ വര്‍ഷത്തെ ഗ്രാന്‍റ് ചെസ് ടൂറിലെ മികച്ച പ്രകടനം കണക്കിലെടുത്ത് അടുത്ത മാസം ബ്രസീലില്‍ നടക്കാന്‍ പോകുന്ന ഗ്രാന്‍റ് ചെസ് ടൂര്‍ ഫൈനലിലേക്ക് പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടു.
അതേ സമയം ഇന്ത്യയുടെ ഗുകേഷിന് വെറും എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അവസാന റൗണ്ടായ ഒമ്പതാം റൗണ്ട് ഒട്ടേറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അഞ്ച് പോയിന്‍റുള്ള പ്രജ്ഞാനന്ദ അവസാന കളിയില്‍ അമേരിക്കയുടെ ലെവോണ്‍ ആരോണിയനെ സമനിലയില്‍ തളച്ചതോടെ അഞ്ചര പോയിന്‍റോട് ഫൈനലില്‍ എത്തി. പ്രജ്ഞാനന്ദയ്‌ക്കൊപ്പം അഞ്ച് പോയിന്‍റോടെ നിന്നിരുന്ന ഫാബിയാനോ കരുവാനയ്‌ക്ക് അവസാന റൗണ്ട് മത്സരം ഗുകേഷിനോടായിരുന്നു. ഈ കളിയില്‍ ജയിച്ചാല്‍ ഫാബിയാനോ ചാമ്പ്യനാകും. പക്ഷെ തീപാറുന്ന പോരിനൊടുവില്‍ ഗുകേഷ് ഫാബിയാനോ കരുവാനയെ സമനിലയില്‍ പിടിച്ചു. ഇതോടെ ഫാബിയാനോയ്‌ക്കും അഞ്ചര പോയിന്‍റായി. പ്രജ്ഞാനന്ദയും ഫാബിയാനോ കരുവാനയും തമ്മില്‍ ഫൈനല്‍ നടക്കും എന്ന് പ്രതീക്ഷിച്ചിരിക്കേയാണ് മറ്റൊരു കളിയില്‍ നാടകീയമായ റിസള്‍ട്ട് ഉണ്ടാകുന്നത്. അമേരിക്കയുടെ വെസ്ലി സോ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിക്കുകയായിരുന്നു. നാലരപോയിന്‍റുണ്ടായിരുന്ന വെസ്ലി സോയ്‌ക്കും അഞ്ചര പോയിന്‍റായി. അങ്ങിനെ വെസ്ലി സോയും ഫൈനലിലേക്ക് കടന്നതോടെ കിരീടപ്പോര് മൂന്ന് പേര്‍ തമ്മിലായി. പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന, വെസ്ലി സോ എന്നിവര്‍ തമ്മില്‍.
ടൈബ്രേക്കര്‍ മത്സരത്തില്‍ ആദ്യകളിയില്‍ പ്രജ്ഞാനന്ദ ഫാബിയാനോ കരുവാനയെ തകര്‍ത്തതോടെ പ്രജ്ഞാനന്ദ കിരീടം നേടും എന്ന് എല്ലാവരും ഉറപ്പിച്ചു. അതിനിടെയാണ് തൊട്ടടുത്ത മത്സരത്തില്‍ വെസ്ലി സോ പ്രജ്ഞാനന്ദയെ തോല്‍പിച്ചത്. ഇത് വലിയ തിരിച്ചടിയായി. ഇത് വലിയ തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ വെസ്ലി സോ ഫാബിയാനോ കരുവാനയുമായി സമനിലയില്‍ പിരിഞ്ഞു . അങ്ങിനെ ഒന്നര പോയിന്‍റ് ലഭിച്ച വെസ്ലി സോ കിരീടജേതാവായി, ഒരു പോയിന്‍റ് നേടിയ പ്രജ്ഞാനന്ദ രണ്ടാമനും അര പോയിന്‍റ് മാത്രം നേടിയ ഫാബിയാനോ കരുവാന മൂന്നാം സ്ഥാനക്കാരനുമായി. രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന പ്രജ്ഞാനന്ദയ്‌ക്ക് സമ്മാനത്തുകയായ 59 ലക്ഷം രൂപ ലഭിയ്‌ക്കും.
ലോകത്തിലെ കരുത്തുറ്റ ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്‌ക്കുന്ന ഗ്രാന്‍റ് ചെസ് ടുറിലേക്ക് നാല് പേരില്‍ ഒരാളായി പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവ്, അമേരിക്കയുടെ ഫാബിയാനോ കരുവാനയും ലെവോണ്‍ ആരോണിയോനും ആണ് ഫൈനലില്‍ മാറ്റുരയ്‌ക്കുന്ന മറ്റ് മൂന്ന് പേര്‍.