ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ട് മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം യലേന ഒസ്റ്റപെങ്കോ കോര്‍ട്ടില്‍ വച്ച് എതിരാളിക്കു നേരേ കടുത്ത വാക്കുകളുമായി രംഗത്ത്. ടെന്നിസ് കോര്‍ട്ടില്‍ തര്‍ക്കങ്ങള്‍ സാധാരണം, പക്ഷെ താരങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വാക്‌പോരിലേര്‍പ്പെടുന്നത് അപൂര്‍വ്വമാണ്. 25-ാം സീഡ് താരമായ ലാത്വിയക്കാരി ഒസ്റ്റപെങ്കോ സീഡില്ലാ താരമായി മത്സരിച്ച അമേരിക്കയുടെ ടെയ്‌ലര്‍ ടൗണ്‍സെന്‍ഡിനോട് നേരിട്ടുള്ള സെറ്റിന് പരാജയപ്പെട്ടു. സ്‌കോര്‍ 7-5, 6-1നായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം.
മത്സരശേഷം രണ്ട് താരങ്ങളും പരസ്പരം ഹസ്തദാനം നടത്തി പിരിയുന്നത് ടെന്നീസിലെ പതിവ് കാഴ്‌ച്ചയാണ്. വിജയ നിമിഷം ആഹ്ലാദത്തോടെ തുള്ളിച്ചാടിയ ടൗണ്‍സെന്‍ഡ് സമയം പാഴാക്കാതെ നെറ്റിനരികിലേക്ക് എതിരാളി ഒസ്റ്റപെങ്കോയ്‌ക്ക് ഹസ്തദാനം നല്‍കാനെത്തിയപ്പോഴാണ് വിചിത്ര സംഭവം അരങ്ങേറിയത്. ഹസ്താദാനത്തിനെത്തിയ ടൗണ്‍സെന്‍ഡിനോട് ഒസ്റ്റപെങ്കോ രൂക്ഷമായി എന്തോ പറഞ്ഞു. പിന്നീട് ഇരുവരും തമ്മിലുള്ള വര്‍ത്തമാനത്തിനൊടുവില്‍ ഒസ്റ്റപെങ്കോ രോഷാകുലയായി ടൗണ്‍സെന്‍ഡിന് നേര്‍ക്ക് വിരല്‍ ചൂണ്ടി ആക്രോശിക്കുന്നത് പ്രകടമായി. അതേ സ്വരത്തില്‍ പ്രതികരിക്കാതെ ടൗണ്‍സെന്‍ഡ് ഒഴിഞ്ഞുമാറുന്നതും തന്റെ ആഘോഷം തുടരുന്നതും കാണാമായിരുന്നു. ഈ സമയം ഗ്യാലറി ഒന്നാകെ ടൗണ്‍സെന്‍ഡിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.