തിരുവനന്തപുരം: തുടര്‍ പരാജയങ്ങളുടെ കയ്‌പ് നീരില്‍ പൊറുതിമുട്ടിയ കൊച്ചി ബ്ലൂടൈഗേഴ്‌സ് വീണ്ടും വിജയവഴിയില്‍. കേരളത്തിന്റെ സൂപ്പര്‍ ക്രിക്കറ്റര്‍ സഞ്ജു വി. സാംസണിന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനം കൊച്ചിയുടെ വിജയത്തില്‍ നിര്‍ണായകമായി. ട്രിവാന്‍ഡ്രം റോയല്‍സിനെ ഒമ്പത് റണ്‍സിന് തോല്‍പ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ പട്ടികയില്‍ എട്ട് പോയിന്റുമായി കൊച്ചി വീണ്ടും മുന്നിലെത്തി. മത്സരത്തില്‍ സഞ്ജു വി. സാംസണ്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി.
ആദ്യ അവറില്‍ തന്നെ രണ്ട് ഫോറും ഒരു സിക്‌സറുമായി സഞ്ജു തുടക്കത്തിലേ നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് ബാറ്റണ്‍ വിനൂപ് മനോഹരന്‍ ഏറ്റെടുത്തു. 37 പന്തുകളില്‍ നാല് ഫോറും അഞ്ച് സിക്‌സുമടക്കം 62 റണ്‍സുമാണ് സഞ്ജു മടങ്ങിയത്. അവസാന ഓവറുകളില്‍ നിഖില്‍ തോട്ടത്തും(45) ജോബിന്‍ ജോബിയും(26) ചേര്‍ന്നുള്ള വെടിക്കെട്ട് കൊച്ചിയുടെ സ്‌കോര്‍ ഉയര്‍ത്തി.
മറുപടി ബാറ്റിങ്ങില്‍ ട്രിവാന്‍ഡ്രം മികച്ച വെല്ലുവിളി ഉര്‍ത്തിയെങ്കിലും 182 റണ്‍സെടുക്കാനേ സാധിക്കുള്ളൂ. കൊച്ചിയ്‌ക്ക് വേണ്ടി മുഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.