ന്യൂദല്‍ഹി: ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ ലോകകപ്പ് മത്സരം ഇന്ത്യയില്‍ നടത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി. 23 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഫിഡെയുടെ ലോകകപ്പ് എത്തുന്നതെന്നും ഇതില്‍ അതിയായ ആഹ്ളാദമുണ്ടെന്നും ചെസ് പ്രേമി കൂടിയായ മോദി പറയുന്നു. പ്രജ്ഞാനന്ദ, ഡി. ഗുകേഷ് എന്നിവരെ പ്രധാനമന്ത്രിയുടെ വസതിയില്‍ കുടുംബസമേതം വിളിച്ചുവരുത്തി അഭിനന്ദിച്ചിട്ടുള്ള പ്രധാനമന്ത്രി കൂടിയാണ് മോദി.
2002ലാണ് ഇതിന് മുന്‍പ് ലോകകപ്പ് ചെസ്സിന് ഇന്ത്യയിലെ ഹൈദരാബാദ് വേദിയായതെന്നും അന്ന് വിശ്വനാഥന്‍ ആനന്ദായിരുന്നു ലോകചാമ്പ്യനായത്. ചെസ് കൂടുതലായി യുവാക്കളെ ആകര്‍ഷിക്കുന്നുണ്ടെന്നും ഈ ടൂര്‍ണ്ണമെന്‍റില്‍ ആവേശകരമായ മത്സരങ്ങള്‍ ഉണ്ടാകുമെന്നും ലോകമെമ്പാടുമുള്ള കളിക്കാര്‍ ഇതില്‍ അണിനിരക്കുമെന്നും പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഒക്ടോബര്‍ 30 മുതല്‍ നവമ്പര്‍ 27 വരെയാണ് ടൂര്‍ണ്ണമെന്‍റ്. 20 ലക്ഷം ഡോളറോളമാണ് സമ്മാനത്തുക.