ലോസാന്‍: വരും സീസണ്‍ എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കിയില്‍ ഭാരത-പാക് പോരാട്ടം ഉറപ്പായി. ഒക്ടോബറില്‍ തുടങ്ങുന്ന 2025-26 സീസണ്‍ പ്രോ ലീഗ് ഹോക്കിയിലേക്ക് പാകിസ്ഥാന്‍ യോഗ്യത നേടി. ന്യൂസിലന്‍ഡ് ലീഗില്‍ കളിക്കാനാവില്ലെന്ന തീരുമാനത്തിലെത്തിയതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ കളിക്കാന്‍ വഴിയൊരുങ്ങിയത്.
ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ഹോക്കി പോരാട്ടം വീണ്ടും കാണാനാകുമെന്നാണ് ഈ തീരുമാനത്തിലെ പ്രത്യേകത. സമീപ കാലത്ത് ഭാരത-പാക് അതിര്‍ത്തിയില്‍ വീണ്ടും പ്രശ്‌നം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട നിലപാടുകള്‍ കൂടുതല്‍ കടുപ്പിച്ചിരുന്നു. ക്രിക്കറ്റിന് പുറമെ മറ്റ് മത്സരങ്ങളിലും രണ്ട് രാജ്യങ്ങളും ഇത് ബാധകമാക്കിയിരിക്കുകയാണ്. ഇക്കാരണത്താല്‍ ഭാരതത്തില്‍ നടക്കുന്ന ഏഷ്യന്‍കപ്പ് ഹോക്കിയില്‍ കളിക്കാന്‍ പാകിസ്ഥാന്‍ എത്തില്ല. പ്രോ ലീഗ് ഹോക്കിയില്‍ ഇരു ടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ നിഷ്പക്ഷ വേദിയിലായിരിക്കുമെന്ന് എഫ്‌ഐഎച്ച് അറിയിച്ചിട്ടുണ്ട്. ഭാരതത്തിനും പാകിസ്ഥാനും പുറമെ അര്‍ജന്റീന, ബെല്‍ജിയം, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍ എന്നിവയാണ് മറ്റ് ടീമുകള്‍.
ഇക്കൊല്ലം എഫ്‌ഐഎച്ച് നേഷന്‍സ് കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് പ്രോ ലീഗിന് യോഗ്യത നേടിയിരുന്നത്. ലീഗില്‍ കറുത്ത സ്റ്റിക്കുകള്‍ ഉപയോഗിക്കാനാവില്ലെന്ന് നിലപാടെടുത്തതോടെ ന്യൂസിലന്‍ഡ് പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. നേഷന്‍സ് കപ്പ് ജേതാക്കളായ ന്യൂസിലന്‍ഡ് പിന്‍മാറിയ മുറയ്‌ക്ക് സ്വാഭാവികമായും റണ്ണറപ്പുകളായ പാകിസ്ഥാന്‍ പ്രോ ലീഗിന് അര്‍ഹത നേടുകയായിരുന്നു.