ആലപ്പുഴ: 2047 ൽ സാമ്പത്തിക മേഖലയിൽ മാത്രമല്ല കായികരംഗത്തും ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ. ദേശീയ കായിക ദിനാചരണം ആലപ്പുഴ ജലകായികപരിശീലന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്പോർട്ട്സ് മാൻ സ്പിരിറ്റ് ആണ് ലോകത്തെ ഒന്നിപ്പിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. മാനവികതയിലേക്കുള്ള ഏറ്റവും നല്ല ചുവടുവപ്പാണ് സ്പോർട്ട്സെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച കായിക ആവാസവ്യവസ്ഥ രാജ്യത്ത് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖേലോ ഇന്ത്യ പോലുള്ള പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഭാരതം ഒളിമ്പിക്സിൽ ഒന്നാം സ്ഥാനത്ത് എത്തണമെന്ന രാജ്യത്തിന്റെ പ്രതീക്ഷയും കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ കായിക താരങ്ങളുമായി പങ്ക് വെച്ചു. ചടങ്ങിൽ ജോർജ്ജ് കുര്യൻ ഹോക്കി മാന്ത്രികൻ മേജർ ധ്യാൻ ചന്ദിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ശ്രീനഗറിൽ നടന്ന ഖേലോ ഇന്ത്യ വാട്ടർ സ്പോർട്ട്സ് ഫെസ്റ്റിവല്ലിൽ വിജയികളായവരെ കേന്ദ്ര സഹമന്ത്രി ആദരിച്ചു. കായികരംഗത്തെ പ്രോത്സാഹനത്തിനായുള്ള ഫിറ്റ് ഇന്ത്യ പ്രതിജ്ഞയും ചടങ്ങിൽ ചൊല്ലികൊടുത്തു.
സ്റ്റാഫ് അംഗങ്ങളുടെ വടംവലി മത്സരം ഫൈനൽ ജോർജ്ജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയിൽ ആലപ്പുഴ സായി പരിശീലന കേന്ദ്രം അസിസ്റ്റൻ്റ് ഡയറക്ടർ രജത് ശർമ, റോവിങ് മുഖ്യ പരിശീലകൻ സജി തോമസ്, മുഖ്യ പരിശീലകൻ എൽ ജയന്തകുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.