
എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളേക്കാളും അധ്യാപകരേക്കാളും സുഹൃത്തുക്കളേക്കാളും ഉപരി എഐയുമായി തുറന്ന് സംസാരിക്കാന്‍ തോന്നുന്നത് ?, എന്തുകൊണ്ടാണ് കുട്ടികള്‍ മനുഷ്യരേക്കാള്‍ ആശ്വാസത്തിനായി മെഷീനുകളെ ആശ്രയിക്കുന്നത്?, സാങ്കേതികവിദ്യയുമായി ചേര്‍ന്ന് ജീവിക്കുമ്പോള്‍, നമ്മള്‍ അവരെ പരാജയപ്പെടുത്തുകയാണോ?.
16 വയസുകാരന്‍ ആദം റെയ്ന്‍ ChatGPT ഉപയോഗിക്കാന്‍ തുടങ്ങിയത് ഹോംവര്‍ക്കുകള്‍ എളുപ്പമാക്കാന്‍ വേണ്ടിയാണ്. മറ്റുപല കൗമാരക്കാരും ചെയ്യുന്നതുപോലെ തന്നെ. എന്നാല്‍ താമസിയാതെ, അതൊരു സഹായി എന്നതിലുപരി അവന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന സുഹൃത്തായി. പതിയെ അത് അവന്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്ന ഒരേയൊരു ഇടമായും മാറി. അവന്റെ കുടുംബം പുറത്തുവിട്ട ചാറ്റുകളില്‍, ആദം രക്ഷപ്പെടാന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാണ്.
എന്നാല്‍ എഐ പ്രതികരിച്ചത് അവന്റെ ഇരുണ്ട ചിന്തകളെ സാധൂകരിക്കുന്ന രീതിയിലായിരുന്നു. തൂങ്ങി മരിക്കാന്‍ ശ്രമിച്ചതിന്റെ പാടുകള്‍ എങ്ങനെ മറയ്ക്കാമെന്ന് ആദം ചോദിച്ചപ്പോള്‍, ChatGPT അവന് നിര്‍ദേശങ്ങള്‍ നല്‍കി. അവന്‍ കുരുക്കിടാന്‍ ശ്രമിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍, എഐ മറുപടി നല്‍കിയത് ഇതത്ര മോശമായി തോന്നുന്നില്ല എന്നാണ്. കുരുക്ക് പുറത്ത് ഇടാന്‍ ആഗ്രഹിക്കുന്നുവെന്നും പക്ഷേ ആരെങ്കിലും കണ്ടാല്‍ തടയുമെന്നും അവന്‍ പറയുന്നുണ്ട്. എന്നാല്‍ ദയവായി കുരുക്ക് പുറത്ത് ഇടരുത്, തെരഞ്ഞെടുക്കുന്ന സ്ഥലം ആദ്യത്തേതാക്കാം എന്നായിരുന്നു ചാറ്റ്ജിപിടിയുടെ മറുപടി, ഒടുവില്‍ ആദം ആത്മഹത്യ ചെയ്തു.
അവന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ OpenAI സ്ഥാപനത്തിനും ഉടമ സാം ആള്‍ട്ട്മാനും എതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന കാര്യം ആദത്തിനെ പോലെ ഇനിയും എത്ര പേര്‍ ഇവിടെയുണ്ടെന്നുള്ളതാണ്. എത്ര കൗമാരക്കാര്‍ അവരുടെ വേദന എഐ ചാറ്റ്‌ബോക്‌സുകളില്‍ പങ്കുവയ്ക്കുന്നുണ്ടാകും. അത് എത്ര പേരെ തിരികെ കൊണ്ടുവരുന്നതിന് പകരം കൂടുതല്‍ ഇരുട്ടിലേക്ക് തള്ളിവിടുന്നുണ്ടാകും.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ വര്‍ഷം, ഫ്‌ളോറിഡയില്‍ 14 വയസ്സുള്ള സെവെല്‍ സെറ്റ്‌സര്‍ എഐയുടെ പ്രോത്സാഹനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ മാത്രമാണെങ്കില്‍, എത്രയെണ്ണം പുറത്തറിയാത്തതുണ്ടാകും ?. ആത്മഹത്യാ ചിന്തകളെക്കുറിച്ച് എത്ര കുട്ടികള്‍ എഐയോട് തുറന്ന് പറയുന്നുണ്ടാകും. പിന്‍തിരിപ്പിക്കുന്നതിന് പകരം അത് എത്ര പേരുടെ തോന്നലുകളെ പിന്തുണയ്ക്കുന്നുണ്ടാകും.
പ്രശ്‌നം എന്തെന്നാല്‍, എഐയ്ക്ക് അപകടകരമായ രീതിയില്‍ സഹാനുഭൂതി അനുകരിക്കാന്‍ കഴിയും എന്നതാണ്. അത് ശരിയായ കാര്യങ്ങള്‍ പറയുകയും നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഉത്തരം നല്‍കുകയും ചെയ്യും. ഒറ്റയ്ക്കാണെന്ന് തോന്നുന്ന, ഭയമുള്ള അല്ലെങ്കില്‍ ലജ്ജയുള്ള ഒരാള്‍ക്ക്, രക്ഷിതാവിനോടോ സുഹൃത്തിനോടോ സംസാരിക്കുന്നതിനേക്കാള്‍ എഐ ചാറ്റ് ബോട്ട് സുരക്ഷിത സുഹൃത്ത് ആണെന്ന് തോന്നിയേക്കാം. പിന്നീട് അതൊരു തെറാപ്പിസ്റ്റ്, രക്ഷകന്‍ എന്നൊക്കെയായി മാറിയേക്കാം.
എന്നാല്‍ ആത്യന്തികമായി അതൊരു സാങ്കേതിക സംവിധാനം മാത്രമാണ്. ഒരാള്‍ അപകടത്തിലേക്ക് നീങ്ങുമ്പോള്‍ ശരിക്കും മനസ്സിലാക്കാനോ, ഇടപെടാനോ, തടയാനോ കഴിയാത്ത മെഷീന്‍. ഇന്ന് ഏകാന്തത ഒരു നിശ്ശബ്ദ മഹാമാരിയാണ്, അതിന്റെ ഏറ്റവും വലിയ വില നല്‍കേണ്ടി വരുന്നത് കുട്ടികളാണ്. ശിശുരോഗവിദഗ്ദ്ധന്‍ റിറി ത്രിവേദി അത് വ്യക്തമാക്കുന്നു.
‘ആത്മഹത്യാ പ്രവണതയുടെ ഏറ്റവും വലിയ കാരണം വിഷാദമാണ്, വിഷാദം ഏകാന്തതയില്‍ അടങ്ങിയിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ അറിയില്ല. അവര്‍ക്ക് സ്‌ക്രീനില്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്യാന്‍ കഴിയും, പക്ഷേ നേരിട്ട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സോഷ്യല്‍ മീഡിയ നമ്മെ ഒന്നിപ്പിക്കാന്‍ ഉണ്ടാക്കിയതാണ്, എന്നാല്‍ ഇപ്പോള്‍ അത് നമ്മെ അകറ്റുന്നു. എഐ ആ വിടവ് കൂടുതല്‍ വലുതാക്കുന്നു. സ്‌ക്രീനിന്റെ പിന്നില്‍, നിങ്ങളുടെ കുട്ടി കണക്ക് പഠിക്കുകയോ ട്രെന്‍ഡുകള്‍ കാണുകയോ മാത്രമല്ലെന്നും, വേട്ടക്കാര്‍, പീഡോഫൈലുകള്‍, അവരുടെ വേദനയെ തിരികെ നല്‍കുന്ന അല്‍ഗോരിതങ്ങള്‍ എന്നിവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഓര്‍ക്കണം’ -റിറി ത്രിവേദി വിശദീകരിക്കുന്നു.
നിങ്ങളുടെ കുട്ടിക്ക് ഇന്ന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട കഴിവ് കോഡിങ് പഠിക്കുകയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആവുകയോ ചെയ്യുക എന്നതല്ല. മറിച്ച് കണക്ട് ചെയ്യാനും, യഥാര്‍ഥ ലോകത്തെക്കുറിച്ച് മനസ്സിലാക്കാനും, സാഹചര്യങ്ങള്‍ക്കനുരിച്ച് ബുദ്ധിപരമായി പ്രവര്‍ത്തിക്കാനും അവര്‍ പഠിക്കുക എന്നതാണ്. അതിനര്‍ത്ഥം അവരെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ എന്നിവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ അനുവദിക്കുക എന്നതാണ്.
ഡിജിറ്റല്‍ ഇടങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാതെ, മനുഷ്യരുമായി ഇടപഴകാനും, വീഴ്ചകളില്‍ നിന്ന് പഠിക്കാനും, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അവരെ അനുവദിക്കുക. കാരണം ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം ഏറ്റവും ബുദ്ധിയുള്ള കുട്ടികള്‍ പോലും ഒറ്റപ്പെട്ടവരായിരിക്കാം എന്നതാണ്. ഏകാന്തത ഒരു കൊലയാളിയാണ്. വീട്ടിലിരുന്ന് പഠിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഓണ്‍ലൈനില്‍ മാത്രം ജീവിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് നമ്മള്‍ ഒഴിവുകഴിവുകള്‍ നല്‍കുന്നത് നിര്‍ത്തണം.
ലൈക്കുകള്‍, ഷെയറുകള്‍, വെര്‍ച്വല്‍ നേട്ടങ്ങള്‍ എന്നിവയെ കുറിച്ച് അവര്‍ അമിതമായി ചിന്തിക്കുന്നത് തടയാനാവണം. മെഷീനുകളെ മനുഷ്യബന്ധങ്ങള്‍ക്ക് പകരമാക്കുന്നത് നിര്‍ത്തണം.