
സമര്‍ഖണ്ഡ് :ഗുകേഷിനെതിരെ തുടര്‍ച്ചയായി പ്രമുഖ ചെസ് താരങ്ങളായ മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും നടത്തുന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുക വഴി അതീവ സമ്മര്‍ദ്ദത്തിലൂടെയാണ് താരം കടന്നുപോകുന്നത്. ഇപ്പോള്‍ ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍സ് സ്വിസ് 2025 ടൂര്‍ണ്ണമെന്‍റില്‍ വലിയ തിരിച്ടടിയാണ് ഗുകേഷ് ഏറ്റുവാങ്ങുന്നത്. അഞ്ചും ആറും റൗണ്ടുകളില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഗുകേഷ് കഴിഞ്ഞ ദിവസം സമര്‍ഖണ്ഡിലെ വേദിയില്‍ നിന്നും ദേശ്യത്തോടെ ഇറങ്ങിപ്പോവുകയായിരുന്നു. ഇതിന്റെവീഡിയോ വൈറലാണ്.
2024 ഡിസംബറില്‍ സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ ലോക ചെസ് ചാമ്പ്യനായി കിരീടം ചൂടിയ ഗുകേഷ് അതിന് ശേഷം ഫോം നഷ്ടപ്പെട്ട നിലയിലാണ്. പല ടൂര്‍ണ്ണമെന്‍റുകളിലും ഗുകേഷ് ശരാശരി പ്രകടനമാണ് നടത്തുന്നത്. ഇതോടെയാണ് പ്രമുഖ ചെസ് താരങ്ങളായ മാഗ്നസ് കാള്‍സനും ഫാബിയാനോ കരുവാനയും ഗുകേഷിന്റെ ലോക ചെസ് കിരീടയോഗ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ഗുകേഷ് അത്ര മികച്ച താരമൊന്നുമല്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. ഇത് ഗുകേഷില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉസ്ബെകിസ്ഥാന്‍ താരം നോഡിര്‍ബെക് അബ്ദുസത്തൊറോവും ഗുകേഷിനെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇക്കുറി ഗുകേഷിന് ലോക ചെസ് കിരീടം നഷ്ടപ്പെടുമെന്നായിരുന്നു അബ്ദുസത്തൊറോവിന്റെ പ്രസ്താവന.
എന്തായാലും ഫിഡെ ഗ്രാന്‍റ് സ്വിസ് 2025ല്‍ ഗുകേഷ് അഞ്ചാം റൗണ്ടില്‍ അഭിമന്യു മിശ്ര എന്ന 16 വയസ്സ് മാത്രം പ്രായമുള്ള യുഎസ് താരവുമായി തോറ്റിരുന്നു. ഗുകേഷ് എന്ന ലോകചാമ്പ്യനെ തോല്‍പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചെസ് ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് അഭിമന്യു മിശ്ര. ഇത് ഗുകേഷില്‍ വലിയ ആഘാതമുണ്ടാക്കിയിരുന്നു. അതിന് പിന്നാലെ ആറാം റൗണ്ടില്‍ ഗുകേഷ് ഗ്രീസില്‍ നിന്നുള്ള നികോളാസ് തിയോഡറുവുമായും പരാജയം ഏറ്റുവാങ്ങി. ജയിക്കാന്‍ വേണ്ടി മാത്രം നടത്തിയ ആക്രമണമാണ് ഈ ഗെയിമില്‍ ഗുകേഷിന്റെ തോല്‍വിക്ക് കാരണമായത്. വെറും 47 നീക്കങ്ങളിലാണ് ഗുകേഷ് അടിയറവ് പറഞ്ഞത്. ലോക റാങ്കിങ്ങില്‍ വെറും 82ാം റാങ്കുകാരനാണ് തിയോഡറു. ഗുകേഷാകട്ടെ ആറാമനും. ഈ പരാജയത്തിന് ശേഷം സമര്‍ഖണ്ഡിലെ മത്സരവേദിയില്‍ നിന്നും കോപത്തോടെ ഇറങ്ങിപ്പോകുന്ന ഗുകേഷിന്റെ വീഡിയോ വൈറലാണിപ്പോള്‍. ഈ ടൂര്‍ണ്ണമെന്‍റില്‍ ആറ് റൗണ്ടില്‍ നിന്നും വെറും 3 പോയിന്‍റ് മാത്രം നേടിയ ഗുകേഷ് ഏറെ പിന്നിലാണ്.
ലോകചെസ് കിരീടപ്പോരില്‍ അതിവമാനസികസമ്മര്‍ദ്ദത്തിലൂടെ ഗുകേഷ് കടന്നുപോയിരുന്നു. അന്ന് കടുത്ത മത്സരത്തിനൊടുവില്‍ ചൈനയുടെ ഡിങ്ങ് ലിറനെ തോല്‍പിച്ച് കിരീടം നേടുകയായിരുന്നു. പലപ്പോഴും കടുത്ത മാനസികസമ്മര്‍ദ്ദം പിന്നീട് താരങ്ങളില്‍ വലിയ ആഘാതം ഏല്‍പിക്കുക പതിവാണത്രെ. ഇതുപോലെ 2023ല്‍ ലോക കിരീടം നേടിയ ശേഷംചൈനയുടെ ഡിങ്ങ് ലിറനും നിരവധി മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍ക്കുക പതിവായിരുന്നുവത്രെ. എന്തായാലും ഗുകേഷ് തന്റെ കളി മെച്ചപ്പെടുത്താന്‍ മറ്റ് സാധ്യതകള്‍ ആരായേണ്ട സമയമായിരിക്കുന്നു. കുറച്ച് അധികം നാള്‍ മത്സരങ്ങളില്‍ നിന്നും ഇടവേളയെടുത്ത് മാനസിക കരുത്ത് ഗുകേഷ് വീണ്ടെടുക്കേണ്ടിയിരിക്കുന്നു എന്നാണ് സ്പോര്‍ട്സ് സൈക്കോളജിസ്റ്റുകളുടെ നിര്‍ദേശം.
ഗുകേഷ് യുഗം പിറന്നുവെന്ന പ്രവചനം തെറ്റിയോ?
18ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായിചരിത്രത്തില്‍ സ്ഥാനം പിടിച്ച ഗുകേഷ് ഈ വര്‍ഷം ടാറ്റാ സ്റ്റീല്‍ ചെസില്‍ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു തോല്‍വിപോലുമറിയാതെ ആദ്യ പത്ത് റൗണ്ടുകളില്‍ മുന്നേറിയ ഗുകേഷിന് അന്ന് മാധ്യമങ്ങള്‍ മുഴുവന്‍ വാഴ്‌ത്തുകയായിരുന്നു. മാഗ്നസ് കാള്‍സന് ശേഷം ഇതാ ഒരു യഥാര്‍ത്ഥ ലോക ചെസ് ചാമ്പ്യന്‍ പിറന്നിരിക്കുന്നു എന്നാണ് അന്ന് മാധ്യമങ്ങള്‍ വാഴ്‌ത്തിയത്. പക്ഷെ അന്ന് ടാറ്റ സ്റ്റീല്‍ ചെസ് ഫൈനലില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദയാണ് ചാമ്പ്യനായത്. ഇപ്പോള്‍ ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഗുകേഷിന്റെ മങ്ങിയ ഫോം കാണുമ്പോള്‍ ആശങ്ക ഉണരുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള കടുത്ത പരിശീലനവും തയ്യാറെടുപ്പും ലോക് ചെസ് കിരീടപ്പോരിലെ മാനസിക സമ്മര്‍ദ്ദവും ഗുകേഷിനെ ബാധിച്ചോ? അതിനപ്പുറം ഇന്ത്യയിലേക്ക് ലോക ചെസ് കിരീടം വരികയും വെറും 18 വയസ് മാത്രം പ്രായമുള്ള ഇന്ത്യക്കാരന്‍ ലോകചാമ്പ്യനായതും യൂറോപ്പിലെയും റഷ്യയിലെയും അമേരിക്കയിലെയും താരങ്ങളെ വിറളിപിടിപ്പിക്കുന്നു. അതാണ് അമേരിക്കക്കാരനായ ഫാബിയോ കരുവാനയും നോര്‍വ്വെയിലെ മാഗ്നസ് കാള്‍സനും ഉസ്ബെക്കിസ്ഥാനിലെ നോഡിര്‍ബെക് അബ്ദുസത്തൊറോവും റഷ്യയുടെ കഴിഞ്ഞകാല ചെസ് പ്രതിഭാസമായ ഗാരി കാസ്പറോവും ഗുകേഷിനെ വിമര്‍ശിക്കുന്നതില്‍ താല്‍പര്യം കാട്ടുന്നതിന് പിന്നില്‍. പക്ഷെ പ്രായം ഇപ്പോഴും ഗുകേഷിനൊപ്പമാണ്. വെറും 19 വയസ്സേ പ്രായമുള്ളൂ. ഇനിയും തിരിച്ചുവരാന്‍ എത്രയോ സമയം ബാക്കിയുണ്ട്.









