ദുബായ്: ഏഷ്യാ കപ്പിൽ യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കി പാകിസ്ഥാൻ. മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് വാർത്താസമ്മേളനം റദ്ദാക്കിയതെന്ന് സൂചന. കൃത്യമായ കാരണം എന്താണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല. നിർണായക ഗ്രൂപ്പ് എ മത്സരത്തിന് മുന്നേയുള്ള പത്രസമ്മേളനമാണ് പാകിസ്ഥാൻ റദ്ദാക്കിയത്.
ആൻഡി പൈക്രോഫ്റ്റിനെ മാച്ച് ഒഫീഷ്യൽസ് പാനലിൽ നിന്ന് നീക്കം ചെയ്യണമെന്ന പിസിബിയുടെ ആവശ്യം ചൊവ്വാഴ്ച ഐസിസി ഔദ്യോഗികമായി നിരസിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ പുതിയ നടപടികൾ. ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഐസിസി നിലപാട് വ്യക്തമായതോടെയാണ് പിസിബിയുടെ തീരുമാനം.
ALSO READ: ആരാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കുന്നത്? നിർണായക നീക്കവുമായി പ്രമുഖ വ്യവസായ ഗ്രൂപ്പ്
ടൂർണമെന്റ് പാനലിൽ നിന്നും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ ഏഷ്യാ കപ്പിൽ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറുമെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി മുന്നറിയിപ്പ് നൽകിയിരുന്നു. മത്സരത്തിന്റെ ടോസ് സമയത്ത് പാകിസ്താൻ നായകന് ഹസ്തദാനം നൽകരുതെന്ന് ഇന്ത്യൻ ക്യാപ്റ്റനോട് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പറഞ്ഞിരുന്നുവെന്ന് പിസിബി ആരോപിച്ചു. അതുപ്രകാരമാണ് സൂര്യകുമാർ യാദവ് ഹസ്തദാനം ഒഴിവാക്കിയതെന്നാണ് പിസിബിയുടെ വാദം. തുടർന്നാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടത്. ഒഴിവാക്കിയില്ലെങ്കിൽ ഏഷ്യാ കപ്പിൽ നിന്നും പിൻമാറുമെന്നും അറിയിച്ചു.
എന്നാൽ റഫറി തെറ്റുകാരനല്ലെന്ന് ഐസിസി അറിയിച്ചു. പിന്നാലെ യുഎഇക്കെതിരെയുള്ള അടുത്ത മത്സരത്തിൽ കളിക്കില്ലെന്ന് പാകിസ്ഥാൻ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഏഷ്യ കപ്പ് ബഹിഷ്‌കരിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഐസിസി അറിയിച്ചു. വൻ അച്ചടക്ക നടപടികളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് അറിയിച്ചതോടെ കടുത്ത തീരുമാനങ്ങളിൽ നിന്ന് പിസിബി പിന്മാറുകയായിരുന്നു. ഏഷ്യാ കപ്പിൽ നാളെ നടക്കുന്ന പാകിസ്ഥാൻ – യുഎഇ മത്സരത്തിലും ആൻഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി.
ALSO READ: ഓസ്‌ട്രേലിയൻ താരം വീണ്ടും കളിക്കളത്തിൽ; ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തി ഗ്ലെൻ മാക്‌സ്‌വെൽ
അതെ സമയം, ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൻറെ ടോസ് സമയത്തും ടോസിനുശേഷം പാക് ക്യാപ്റ്റൻ സൽമാൻ ആഘയുമായി ഹസ്തദാനം ചെയ്യാതിരുന്നതാണ് വിവാദത്തിന് കാരണം. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മത്സരശേഷവും പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാനും തയാറായിരുന്നില്ല. മത്സരം പൂർത്തിയായപ്പോൾ ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങി പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിനും മുതിർന്നിരുന്നില്ല. ഹസ്തദാനത്തിനായി പാക് താരങ്ങൾ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിൻറെ വാതിലുകൾ ആ സമയം അടച്ചിരുന്നു.
“പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഞങ്ങൾ ഞങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ധീരത കാണിച്ച ഞങ്ങളുടെ എല്ലാ സായുധ സേനകൾക്കും ഈ വിജയം സമർപ്പിക്കുന്നു. അവർ നമ്മെയെല്ലാം തുടർന്നും പ്രജോദിപ്പിക്കട്ടെ, അവർക്ക് പുഞ്ചിരിയേകാൻ ഇനിയും അവസരങ്ങൾ ഉണ്ടാക്കാൻ ഗ്രൗണ്ടിൽ ഞങ്ങൾ പരിശ്രമിക്കും,”മത്സരം ശേഷം നടന്ന പത്ര സമ്മേളനത്തിൽ സൂര്യകുമാർ പറഞ്ഞിരുന്നു.
ALSO READ: പാകിസ്ഥാൻ ഇന്ത്യക്ക് ഒരു എതിരാളിയല്ല, മത്സരം 15 ഓവർ കഴിഞ്ഞപ്പോൾ ചാനൽ മാറ്റി; ഗാംഗുലി
ഇരു രാജ്യങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെക്കുറിച്ച് ധാരാളം സംസാരങ്ങൾ ഉണ്ടായിരുന്നു. ഏപ്രിലിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷം കാര്യങ്ങൾ കൂടുതൽ വഷളായി. മെയ് മാസത്തിൽ, പാകിസ്ഥാനിലെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ തിരിച്ചടിച്ചു. ഇത് ഒരു പിരിമുറുക്കമുള്ള സൈനിക നിലപാടിലേക്ക് നയിച്ചു. ഇത് പാകിസ്ഥാൻ വെടിനിർത്തൽ അഭ്യർത്ഥിച്ചതിനെത്തുടർന്ന് ഒടുവിൽ ശമിച്ചു.
The post ഏഷ്യാ കപ്പ്: യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കി appeared first on Express Kerala.