കൊച്ചി: കൊച്ചി സ്വദേശിയിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 25 കോടി രൂപ കൈവശപ്പെടുത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകർ മലയാളികളാണെന്ന സംശയം ബലപ്പെടുന്നു. പണത്തിൽ ഒരു പങ്ക് എത്തിയ കൊല്ലം സ്വദേശിനിയായ യുവതിയെ പിടികൂടുകയും കേസിൽ ഇനിയും മലയാളികളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കൊച്ചി സ്വദേശിയിൽ നിന്ന് കൈവശപ്പെടുത്തിയ 25 കോടി രൂപ പല അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം ചെയ്തിട്ടുള്ളത്. തട്ടിപ്പിന്റെ ആസൂത്രണം കാലിഫോർണിയയിലാണെന്നും ഇടപാടുകാരെ സമീപിക്കുന്ന കോൾസെന്റർ സൈപ്രസിലാണെന്നും കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ ട്രേഡിങ് കമ്പനിക്കെതിരേ മറ്റ് സംസ്ഥാനങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. […]