
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ന് ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. രാത്രി എട്ട് മണിക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഈ നിർണായക മത്സരം നടക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യയ്ക്ക് ഫൈനലിൽ പ്രവേശിക്കാം.
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങളുണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകർ. പ്രധാനമായും മലയാളി താരം സഞ്ജു സാംസണിന്റെ സ്ഥാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. പാകിസ്ഥാനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തിയ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഓപ്പണറായി കളിച്ചിരുന്ന സഞ്ജു മധ്യനിരയിലേക്ക് മാറിയപ്പോൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാൻ താരത്തിന് സാധിച്ചില്ല.
മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകൻ റയാൻ ടെൻ ദോഷെറ്റ് രംഗത്തെത്തി. പാകിസ്ഥാനെതിരെ നിരാശപ്പെടുത്തിയെങ്കിലും, ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിലും സഞ്ജു സാംസൺ തന്നെ മധ്യനിരയിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
‘സഞ്ജു പുതിയ റോള്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് മനസിലാക്കി വരുന്നതേയുള്ളു. നിലവില്‍ ഇന്ത്യയുടെ അഞ്ചാം നമ്പര്‍ റോളില്‍ സഞ്ജുവാണ് ഏറ്റവും ഫിറ്റായ താരമെന്നാണ് ടീം കരുതുന്നത്. സഞ്ജുവിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. നിലവിലെ പ്രതിസന്ധി സഞ്ജു പരിഹരിക്കുമെന്നാണ് കരുതുന്നത്’, ദൊഷേറ്റ് പറഞ്ഞു.
The post സഞ്ജുവിൽ ഇപ്പോഴും വിശ്വാസമുണ്ട്; ബാറ്റിങ് പൊസിഷനിൽ അപ്ഡേറ്റുമായി കോച്ച് appeared first on Express Kerala.









