
പത്തനംതിട്ട: വാവരെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ കേസെടുത്തു. പന്തളം പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു ശാന്താനന്ദ മഹർഷിയുടെ വിവാദ പ്രസംഗം. വാവർ ഒരു തീവ്രവാദിയും മുസ്ലിം ആക്രമണകാരിയുമാണെന്ന് ഇദ്ദേഹം പ്രസംഗത്തിൽ പറഞ്ഞതായാണ് പരാതി.
ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി.ആർ, പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മ എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. വാവർ സ്വാമിയെ ശാന്താനന്ദ മഹർഷി മോശമായി ചിത്രീകരിച്ചെന്നാണ് പന്തളം കൊട്ടാരം കുടുംബാംഗവും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ പ്രദീപ് വർമ്മ നൽകിയ പരാതിയിൽ പറയുന്നത്.
Also Read: കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം
പന്തളം അയ്യപ്പക്ഷേത്രവും കൊട്ടാരവും അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം അംഗീകരിച്ചാണ് തീർഥാടനത്തിന് നേതൃത്വം നൽകുന്നത്. മതവിദ്വേഷ പ്രസംഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും, ഈ പ്രസംഗം പന്തളത്തെ ഹിന്ദു-മുസ്ലിം മതസൗഹാർദം തകർക്കുമെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു.അതേസമയം, ശാന്താനന്ദ മഹർഷിയുടെ പ്രസംഗം വിശ്വാസം വ്രണപ്പെടുത്തിയെന്നും മതവിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കിയെന്നുമുള്ള പരാതിയുമായാണ് കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്.
The post ‘വാവർ മുസ്ലീം തീവ്രവാദി’; വാവരെ മോശമായി ചിത്രീകരിച്ച ശാന്താനന്ദ മഹർഷിക്കെതിരെ കേസെടുത്തു appeared first on Express Kerala.









