
ഇന്ത്യൻ സിനിമയിലെ പ്രിയ താരം രശ്മിക മന്ദാനയുടെ പുതിയ ചിത്രം ‘ദി ഗേൾഫ്രണ്ട്’ റിലീസിനൊരുങ്ങുകയാണ്. കന്നഡ താരം ദീക്ഷിത് ഷെട്ടി നായകനായെത്തുന്ന ഈ പ്രണയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രവീന്ദ്രൻ ആണ്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. 2025, നവംബർ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. രശ്‌മിക അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും നായകനായ ദീക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള സംഭാഷണം ഉൾപ്പെടുന്ന ഒരു രംഗം റിലീസ് ചെയ്ത് കൊണ്ടാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുന്നത്.
ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നേരത്തെ പുറത്ത് വന്ന ഗാനരംഗത്തിലും ഇരുവരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രി അതിമനോഹരമായാണ് അവതരിപ്പിച്ചത്. “നദിവേ” എന്ന ടൈറ്റിലോടെ പുറത്ത് വന്ന ആദ്യ ഗാനവും, “നീ അറിയുന്നുണ്ടോ” എന്ന വരികളോടെ എത്തിയ രണ്ടാം ഗാനവും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ശ്രദ്ധ നേടിയിരുന്നു. നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ്റെ അവസാന ഘട്ടത്തിലുള്ള “ദി ഗേൾഫ്രണ്ട്” വമ്പൻ തിയറ്റർ റിലീസിനാണ് ഒരുങ്ങുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും.
The post ‘ദി ഗേൾഫ്രണ്ട്’ ചിത്രത്തിൻ്റെ റിലീസ് അപ്‌ഡേറ്റ് എത്തി appeared first on Express Kerala.









