
ഓൺലൈൻ ഡെലിവറി സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ ഡെലിവറി ബോയ് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി രംഗത്ത്. അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ സഹിതം യുവതി ‘എക്‌സി’ലൂടെ വീഡിയോ പങ്കുവെച്ചതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ഡെലിവറി ബോയ് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചപ്പോൾ, അതിനെ പ്രതിരോധിക്കാൻ പാഴ്‌സൽ മുന്നിൽ മറച്ചുപിടിക്കേണ്ടി വന്നുവെന്ന് യുവതി അവകാശപ്പെടുന്നു. ‘ഇന്ന് ബ്ലിങ്കിറ്റിൽ നിന്ന് ഓർഡർ ചെയ്തപ്പോൾ തനിക്ക് സംഭവിച്ചത്’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. ഡെലിവറിക്ക് വന്നയാൾ വീണ്ടും വിലാസം ചോദിക്കുകയും, തുടർന്ന് മോശമായി സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
“ഇത് അംഗീകരിക്കാനാവില്ല. ബ്ലിങ്കിറ്റ് ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണം. ഇന്ത്യയിൽ സ്ത്രീ സുരക്ഷ ഒരു തമാശയാണോ?” എന്നും വീഡിയോ പോസ്റ്റ് ചെയ്ത് യുവതി ചോദിക്കുന്നു. ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഒരാൾ സ്ത്രീക്ക് പായ്ക്കറ്റ് കൈമാറുന്നതും, ബാക്കി പണം തിരികെ നൽകാനായി കൈനീട്ടുന്നതും, ഉടൻ തന്നെ യുവതി പ്രതികരിച്ച് നെഞ്ച് മറയ്ക്കുന്ന രീതിയിൽ പായ്ക്കറ്റ് മുന്നോട്ടു പിടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തെ തുടർന്ന് ബ്ലിങ്കിറ്റുമായി ബന്ധപ്പെട്ടപ്പോൾ, അവർ ഡെലിവറി ബോയിയുടെ കരാർ റദ്ദാക്കുക മാത്രമാണ് ചെയ്തതെന്നും, ഇത് വളരെ ചെറിയ നടപടിയാണെന്നും യുവതി ആരോപിക്കുന്നു.
The post യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ മോശം പെരുമാറ്റം; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ appeared first on Express Kerala.









