
സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബ് (യുഎസ്): 1990കളില്‍ ആരംഭിച്ച ചെസ്സിലെ ഗാരി കാസ്പറോവ്- വിശ്വനാഥന്‍ ആനന്ദ് പോരാട്ടം വീണ്ടും വരുന്നു. യുഎസിലെ ലോകപ്രസിദ്ധമായ സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിലാണ് ലോകത്തിലെ ചെസ് പ്രേമികള്‍ ഉറ്റുനോക്കുന്ന പോരാട്ടം നടക്കുക.
ഒക്ടോബര്‍ 7 മുതല്‍ 11വരെയാണ് മത്സരം. റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ അതിവേഗ ചെസ് പോരാട്ടങ്ങളുടെ സമയനിഷ്ഠയായിരിക്കും ഈ ടൂര്‍ണ്ണമെന്‍റിലെ ഗെയിമുകള്‍ക്ക്. ആകെ 12 മത്സരങ്ങളാണ് ഇരുവരും തമ്മില്‍ നടക്കുക. ചെസ് 960 എന്ന് അറിയപ്പെടുന്ന അമേരിക്കയിലെ ചെസ് ഇതിഹാസമായ ബോബി ഫിഷര്‍ രൂപകല്‍പന ചെയ്ത ഫിഷന്‍ റാന്‍ഡം ചെസാണ് ഇരുവരും കളിക്കുക. മത്സരത്തിന് വാശിയേറും. കാരണം സമനിലയേക്കാള്‍ ജയപരാജയങ്ങള്‍ക്ക് ഈ ഗെയിമുകളില്‍ സാധ്യത കൂടും. 1.27 കോടി രൂപയായിരിക്കും സമ്മാനത്തുക.
ഒരു റഷ്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററും, മുൻ ലോക ചെസ്സ് ചാമ്പ്യനും, രാഷ്‌ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമാണ് ഗാരി കാസ്പറോവ് ഏപ്രിൽ 13 1963ന് പഴയ സോവിയറ്റ് യൂണിയനിലെ അസർബൈജാനിൽ ബാകുവിലാണ് കാസ്പറോവ് ജനിച്ചത്. അതായത് ഇപ്പോള്‍ 62 വയസ്സ് കഴിഞ്ഞു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ചെസ്സ് കളിക്കാരിലൊരാളായി ഇദ്ദേഹത്തെ കരുതുന്നവരുണ്ട്.1973 മുതല്‍ 1978 വരെ ലോകചാമ്പ്യനായ മിഖായേല്‍ ബോട് വിനികിന്റെ കീഴിലാണ് ഗാരി കാസ്പറോവ് ചെസ് പരിശീലിച്ചത്. അത് ഗുണം ചെയ്തു. 1985 മുതല്‍ 2000 വരെ 15 വര്‍ഷക്കാലം ചെസ്സില്‍ ലോകചാമ്പ്യനായിരുന്നു റഷ്യയുടെ ഗാരി കാസ്പറോവ്. ചെസ്സില്‍ കാസ്പറോവ് ലോകചാമ്പ്യനായി തുടരുമ്പോള്‍, ചെസ്ലില്‍ അറിയപ്പെടുന്ന യുവതാരമായി വിവിധ ടൂര്‍ണ്ണമെന്‍റുകളില്‍ ജയിച്ച് കുതിച്ചുയര്‍ന്ന് വന്ന താരമായിരുന്നു വിശ്വനാഥന്‍ ആനന്ദ്. ക്രൊയേഷ്യയിലെ സാഗ്രെബില്‍ 2021ല്‍ നടന്ന റാപിഡ് ആന്‍റ് ബ്ലിറ്റ്സില്‍ വിശ്വനാഥന്‍ ആനന്ദ് കാസ്പറോവിനെ തോല്‍പിച്ചിരുന്നു.
ഇതുവരെ ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് എന്നീ വിഭാഗങ്ങളിലായി ഗാരി കാസ്പറോവും വിശ്വനാഥന്‍ ആനന്ദും തമ്മില്‍ 82 തവണ മാറ്റുരച്ചിട്ടുണ്ട്. അതില്‍ 30 കളികള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ കൂടുതല്‍ ജയം നേടിയത് കാസ്പറോവ് ആണ്. ഇരുവരും തമ്മിലുള്ള ഏറ്റവും വിഖ്യാതമായ മത്സരം 1995ല്‍ നടന്ന ലോക ചെസ് കിരീടപ്പോരാണ്. ഇതില്‍ 10.5-7.5 എന്ന പോയിന്‍റ് നിലയില്‍ കാസ്പറോവ് വിജയിച്ച് ലോകചാമ്പ്യനായി.
2005ല്‍ ചെസില്‍ നിന്നും വിരമിച്ച കാസ്പറോവ് ചില പ്രദര്‍ശന ചെസ് മത്സരങ്ങളില്‍ മാത്രമാണ് മത്സരിക്കുന്നത്. പിന്നെ പുതുതാരങ്ങളെ ഒരുക്കുന്നതിലും കാസ്പറോവ് വലിയ പങ്കുവഹിക്കുന്നു. ഇന്ത്യയില്‍ ചെസ്സിന്റെ പിതാവായി അറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദ് അഞ്ച് തവണ ലോകചാമ്പ്യനായിട്ടുണ്ട്. 2000, 2007, 2008, 2010, 2012 എന്നീ വര്‍ഷങ്ങളിലാണ് വിശ്വനാഥന്‍ ലോകചെസ് കിരീടം ചൂടിയത്. ചെസ്സില്‍ ലോകകിരീടത്തിലേക്ക് ഒറ്റയ്‌ക്ക് വഴിവെട്ടിയവനാണ് വിശ്വനാഥന്‍ ആനന്ദ്. പക്ഷെ തന്റെ ഗതികേട് അടുത്ത തലമുറയ്‌ക്ക് ഉണ്ടാകരുതെന്ന് വിശ്വനാഥന്‍ ആനന്ദ് ആഗ്രഹിച്ചു. അങ്ങിനെയാണ് വിശ്വനാഥന്‍ ആനന്ദ് തമിഴ്നാട്ടില്‍ ഒരു ചെസ് അക്കാദമി ആരംഭിച്ചത്. പക്ഷെ ഇന്ന് ഏറ്റവും ആഹ്ളാദിക്കുന്ന ചെസ് താരമാണ് ആനന്ദ്. കാരണം തന്റെ കൈകളിലൂടെ ഒരു സംഘം യുവചെസ് താരങ്ങള്‍ ഉയര്‍ന്നുവന്നു. പ്രജ്ഞാനന്ദ, ഗുകേഷ്, ദിവ്യ ദേശ്മുഖ്, വൈശാലി, നിഹാല്‍ സരിന്‍, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി തുടങ്ങി ഇന്ന് ലോകചെസ്സില്‍ ഇന്ത്യയുടെ കരുത്തായി മാറിയ താരങ്ങളെ വാര്‍ത്തെടുത്തതിന് പിന്നില്‍ വിശ്വനാഥന്‍ ആനന്ദിന്റെ കരങ്ങളുണ്ട്. ഇപ്പോഴും വിശ്വനാഥന്‍ ആനന്ദ് ടൂര്‍ണ്ണമെന്‍റുകളില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ന് വിശ്വനാഥന്‍ ആനന്ദിന്റെ ക്ലാസിക്കല്‍ ചെസ്സിലെ ലോകറാങ്കിങ്ങ് 13 ആണ്. റാപ്പിഡും ബ്ലിറ്റ്സും ഒരു പോലെ വിശ്വനാഥന്‍ ആനന്ദിന് വഴങ്ങും.
ഈ കിരീടപ്പോരില്‍ ആര് ജയിക്കും എന്ന് പ്രവചിക്കുക വയ്യ. 2005ല്‍ ചെസ്സില്‍ നിന്നും വിരമിക്കുമ്പോള്‍ ഗാരി കാസ്പറോവിന്റെ റേറ്റിങ്ങ് 2800ന് മുകളിലായിരുന്നു. ഇത്രയും ഉയര്‍ന്ന റാങ്ക് ഇപ്പോഴും മാഗ്നസ് കാള്‍സനും ഹികാരു നകാമുറയ്‌ക്കും മാത്രമേ ഉള്ളൂ. വിശ്വനാഥന്‍ ആനന്ദിന്റെ റേറ്റിങ്ങ് 2743 ആണ്. പക്ഷെ കൂടുതല്‍ ടൂര്‍ണ്ണമെന്‍റുകളില്‍ കളിച്ചുകൊണ്ടിരിക്കുന്നതിന്റെ മെച്ചം ആനന്ദിന് ഉണ്ട്. പക്ഷെ കാസ്പറോവും ചെസ്സില്‍ ടൂര്‍ണ്ണമെന്‍റുകളില്‍ കളിക്കുന്നില്ലെങ്കിലും സജീവമാണ്.
എന്താണ് സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിന്റെ പ്രത്യേകത?
യുഎസിന്റെ ചെസ് തലസ്ഥാനം എന്നറിയപ്പെട്ടുന്ന സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിലാണ് മത്സരം നടക്കുക. ഒരു പുതുക്കിപ്പണിയലിന് ശേഷം സെന്‍റ് ലൂയിസ് ചെസ് ക്ലബ് വീണ്ടും തുറന്നിരിക്കുകയാണ്. ഇപ്പോള്‍ 30,000 ചതുരശ്ര അടിയാണ് ഈ ചെസ് ക്ലബ്ബിന്റെ വിസ്തൃതി. ഒരു ടൂര്‍ണ്ണമെന്‍റ് ഹാള്‍, ചെസിനാല്‍ പ്രചോദിതമായ ഒരു റെസ്റ്റോറന്‍റ്, ബ്രോഡ് കാസ്റ്റ് സൗകര്യങ്ങളുള്ള സ്റ്റുഡിയോ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സെന്‍റ് ലൂയിസ് ചെസ് ഹാള്‍. ലോകത്തിലെ ഏറ്റവും മികവാര്‍ന്ന ചെസ് ക്ലബ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ ഹാള്‍ പുതുക്കിപ്പണിഞ്ഞതിന് പിന്നിലെ ലക്ഷ്യമെന്ന് സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിന്റെ സഹസ്ഥാപകനായ റെക്സ് സിന്‍ക്വിഫീല്‍ഡ് പറയുന്നു. ചെസിന്റെ ഭാവി ഉദ്ദേശിച്ചുകൊണ്ടുള്ള നിക്ഷേപം, ഒപ്പം പുത്തന്‍ തലമുറയെ പ്രചോദിപ്പിക്കല്‍, ചെസ് കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നിവയാണ് ലക്ഷ്യം.









