
മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായ ‘രാവണപ്രഭു’ തിയേറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുകയാണ്. മംഗലശ്ശേരി നീലകണ്ഠന്റെയും മകൻ കാർത്തികേയന്റെയും കഥ പറയുന്ന ചിത്രം നൂതനമായ ദൃശ്യ-ശബ്ദ വിസ്മയങ്ങളോടെ 4K അറ്റ്‌മോസ് ഫോർമാറ്റിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
ഒക്ടോബർ പത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. ഇതിലൂടെ, വർഷങ്ങൾക്കിപ്പുറവും ‘രാവണപ്രഭു’വിന് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യത വ്യക്തമാവുകയാണ്.
Also Read: ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങൾക്ക് ഇഡി നോട്ടീസ്; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം
തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന ‘രാവണപ്രഭു’ അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡുകൾ ഭേദിക്കുകയാണ്. ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗിൽ ഒന്നാമതെത്തി. ആദ്യ മണിക്കൂറിൽ 5.68K (5,680) ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്. വരും മണിക്കൂറുകളിൽ ടിക്കറ്റ് വിൽപ്പന വലിയ തോതിൽ വർധിച്ച്, ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.
രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ, മുണ്ടക്കൽ ശേഖരൻ തുടങ്ങിയ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ടവരാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4K അറ്റ്‌മോസ് ഫോർമാറ്റിൽ തിയേറ്ററുകളിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
ചിത്രത്തിൽ മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് എത്തിയത്.
വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന താരങ്ങൾ.
The post ‘രാവണപ്രഭു’ തരംഗമായി; ബുക്ക് മൈ ഷോ ട്രെൻഡിംഗിൽ, റെക്കോർഡുകൾ ഭേദിക്കാൻ കാർത്തികേയൻ! appeared first on Express Kerala.









