
യൂറോപ്യൻ യൂണിയൻ്റെ കൈവശമുള്ള, ബെൽജിയത്തിലെ യൂറോക്ലിയറിൽ സൂക്ഷിച്ചിട്ടുള്ള 140 ബില്യൺ യൂറോയുടെ റഷ്യൻ ഫണ്ട്, ഇപ്പോൾ യുക്രെയ്ൻ യുദ്ധത്തിലെ നിർണ്ണായകമായ കരുക്കളായി മാറിയിരിക്കുകയാണ്. ഈ ‘റഷ്യൻ പണം’ യുക്രെയ്‌ന് വേണ്ടി ആയുധങ്ങൾ വാങ്ങാൻ ഉപയോഗിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ‘ധീരമായ’ തീരുമാനം, ഒറ്റനോട്ടത്തിൽ സ്വയം പ്രഖ്യാപിത സ്വാതന്ത്ര്യവാദിയുടെ ഭാവം നൽകിയേക്കാം.
എന്നാൽ യാഥാർത്ഥ്യം അതല്ല! യുക്രെയ്‌ന് വേണ്ടി “റഷ്യൻ പണം” ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതോടെ, യൂറോപ്പിന്റെ നീതിയും നയതന്ത്രവും ഒരുപോലെ “അമേരിക്കൻ കുടക്കീഴിൽ” എത്തിയിരിക്കുകയാണ്. കാരണം, യൂറോപ്യൻ യൂണിയൻ ഈ പണം കൊണ്ട് വാങ്ങാൻ പോകുന്നത് യൂറോപ്പിൽ നിർമ്മിച്ച ആയുധങ്ങളല്ല, മറിച്ച് അമേരിക്കൻ നിർമ്മിത യുദ്ധോപകരണങ്ങളാണ്.
ചുരുക്കത്തിൽ, റഷ്യയുടെ പണം ഉപയോഗിച്ച് അമേരിക്കയുടെ ആയുധം വാങ്ങാൻ പോകുന്ന യൂറോപ്യൻ യൂണിയൻ, താൻ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്നു എന്ന് പുറംലോകത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും, യാഥാർതത്തിൽ അമേരിക്കയുടെ കൈയിലെ മറ്റൊരു കളിപാവയായി മാറിയിരിക്കുകയാണ്.
ഈ രാഷ്ട്രീയ നാടകം വെളിപ്പെടുത്തുന്നത്, ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ എന്ന കൗശലമുള്ള കളിയിൽ യൂറോപ്പ് എത്രത്തോളം ദുർബലമായി കുടുങ്ങിയിരിക്കുന്നു എന്നതാണ്. ഈ നീക്കത്തിലൂടെ യൂറോപ്യൻ യൂണിയൻ സാമ്പത്തികപരമായും നയതന്ത്രപരമായും അമേരിക്കയുടെ താല്പര്യങ്ങൾക്ക് വഴങ്ങുമ്പോൾ, അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ച് സ്വന്തം സാമ്പത്തിക ഭാവിയെ അപകടത്തിലാക്കുന്നു. യൂറോപ്പിന്റെ ധാർമ്മികതയുടെയും സാമ്പത്തിക പരമാധികാരത്തിന്റെയും വില എത്രയാണെന്ന് ഈ 140 ബില്യൺ യൂറോയുടെ കണക്കിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
റഷ്യയുടെ മരവിപ്പിച്ച 140 ബില്യൺ യൂറോയുടെ ആസ്തികൾ ഉപയോഗിച്ച് യുക്രെയ്‌ന് ആയുധങ്ങൾ വാങ്ങാനുള്ള ഈ തീരുമാനം, മിക്ക വിദഗ്ധർക്കും സ്വന്തം പോസ്റ്റിലേക്ക് തന്നെ ഗോൾ അടിക്കുന്ന പോലെയാണ് കണക്കാക്കുന്നത്. റഷ്യൻ സെൻട്രൽ ബാങ്ക് ആസ്തികളെ ഉപയോഗിച്ച്, അതിലൂടെ അമേരിക്കൻ പ്രതിരോധ വ്യവസായത്തിന് കോടികൾ ഒഴുക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറെടുക്കുകയാണ്. ഈ നീക്കം, ട്രംപിന്റെ “അമേരിക്ക ഫസ്റ്റ്” നയത്തിന് ഒരു പൊൻപ്പാതയൊരുക്കുമ്പോൾ അത് യൂറോപ്പിനായി “അമേരിക്ക ഫസ്റ്റ്, യൂറോപ്പ് ലാസ്റ്റ്” എന്നതാവും അർത്ഥം.
ALSO READ:‘മിസൈൽ കിട്ടില്ല’! ട്രംപിന്റെ വാക്കിൽ തളർന്ന് സെലെൻസ്‌കി; എല്ലാത്തിനും പിന്നിൽ റഷ്യയുടെ തന്ത്രം…
ട്രംപ് നയിക്കുന്ന അമേരിക്കയുടെ തന്ത്രം ഇരുവശമുള്ള വാളുപോലെയാണ്. ഒരുവശത്ത്, “റഷ്യയ്‌ക്കെതിരായ നിലപാട്” എന്ന പേരിൽ യൂറോപ്പിന്റെ പിന്തുണ പിടിച്ച് നിർത്തുകയാണ്. മറുവശത്ത്, അതേ യുദ്ധത്തിൽ നിന്നുള്ള സാമ്പത്തിക നേട്ടം ഉറപ്പാക്കുകയാണ്. റഷ്യയുടെ പണം ഉപയോഗിച്ച് അമേരിക്കൻ ആയുധങ്ങൾ വാങ്ങുന്ന ഈ നടപടി, അമേരിക്കയുടെ കണ്ണിൽ ധാർമ്മികമായി ശരിയായിരിക്കാം, എന്നാൽ അതിന്റെ ഭാരം പേറുന്നത് യൂറോപ്പാണ്. യുക്രെയ്‌ൻ്റെ പ്രതിരോധത്തിനുള്ള സഹായം എന്ന പേരിൽ, ഇത് ട്രംപിൻ്റെ ആയുധക്കമ്പനികൾക്ക് ലാഭം വർധിപ്പിക്കാനുള്ള തന്ത്രപരമായ ഒരു “സാമ്പത്തിക ചൂഷണമാണ്”.
അതേസമയം, ട്രംപിന്റെ രാഷ്ട്രീയ നടപ്പുരയിൽ നടക്കുന്ന മറ്റൊരു നാടകവും യൂറോപ്പിന് മുന്നിൽ വെളിവാകുന്നു. പുടിനുമായി ഹംഗറിയിൽ കൂടിക്കാഴ്ച നടത്താൻ തയ്യാറെടുക്കുന്ന ട്രംപ്, യുക്രെയ്‌നിന് ടോമാഹോക്ക് മിസൈലുകൾ നൽകുന്നതിൽ നിന്ന് പിൻമാറുകയും, സമാധാന കരാറിൽ മധ്യസ്ഥത വഹിക്കാനാണ് തനിക്ക് താൽപര്യമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. “അമേരിക്കൻ പിന്തുണ ഉറപ്പായിരിക്കും” എന്ന് വിശ്വസിച്ചിരുന്ന യൂറോപ്യൻ യൂണിയൻ ഇപ്പോൾ തിരിച്ചറിയുന്നത് അമേരിക്കയുടെ വാഗ്ദാനങ്ങൾ ഡോളറിന്റെ വിലപോലെ, വിപണിയനുസരിച്ച് മാറുമെന്നതാണ്.
റഷ്യയുടെ ആസ്തികൾ ഉപയോഗിച്ച് യുദ്ധം ഫണ്ട് ചെയ്യാനുള്ള യൂറോപ്യൻ നീക്കം ഇപ്പോൾ ഒരു നയതന്ത്ര കുടുക്കായി മാറുന്നു. ഈ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളെ മറികടക്കുകയും, കേന്ദ്രബാങ്ക് സ്വത്തിന്മേലുള്ള പരമാധികാരം ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇത് മറ്റുള്ള രാജ്യങ്ങൾക്കും “നിങ്ങളുടെ പണം യൂറോപ്യൻ ബാങ്കുകളിൽ സുരക്ഷിതമല്ല”എന്നുള്ള ഒരു മുന്നറിയിപ്പാണ്. ഫലമായി, ആഗോള നിക്ഷേപകർ യൂറോയിൽ നിന്ന് പിൻവാങ്ങാനും, ഡോളർ, സ്വർണം അല്ലെങ്കിൽ ഏഷ്യൻ കറൻസികളിലേക്കോ മാറാനും സാധ്യതയുണ്ട്. അത് യൂറോപ്പിന്റെ സാമ്പത്തിക അടിത്തറയെയും യൂറോയുടെ ആഗോള വിശ്വാസ്യതയെയും തകർക്കും.

അതിലേറെ അപകടകരമായത്, ഈ മുഴുവൻ നീക്കം തന്നെ അമേരിക്കയുടെ ഇരട്ട തന്ത്രത്തിന്റെ ഭാഗമാണ്. ഒരു വശത്ത്, അമേരിക്ക യുക്രെയ്‌നിന് പിന്തുണ നൽകുന്ന നിലപാട് കാണിക്കുന്നു. മറുവശത്ത്, അതിന്റെ സൈനിക വ്യവസായം യൂറോപ്പിന്റെ പണത്തിൽ നിന്ന് വളരുകയാണ്. ഇതൊന്നും അറിഞ്ഞോ അറിയാതെയോ യൂറോപ്യൻ യൂണിയൻ ഈ വലയിലേക്ക് നടന്ന് കയറുകയാണ്. അവർ കരുതുന്നത് ഇത് ഒരു നൈതിക ഉത്തരവാദിത്വമാണെന്നാണ്. യഥാർത്ഥത്തിൽ അത് അമേരിക്കൻ തന്ത്രത്തിന്റെ മറ്റൊരു ബിസിനസ് മോഡലാണ്. റഷ്യയ്‌ക്കെതിരായ ഒരു ധാർമ്മിക നിലപാട് എന്നതിലുപരി, ട്രംപിന്റെ ഗൂഢമായ സാമ്പത്തിക ആസൂത്രണമാണ് ഇതിന് പിന്നിൽ. യുദ്ധം നീണ്ടുനിൽക്കുമ്പോൾ യൂറോപ്പിന് സാമ്പത്തിക ബാധ്യത വർധിക്കട്ടെ, എന്നാൽ അതോടൊപ്പം അമേരിക്കൻ പ്രതിരോധ വ്യവസായം വളരട്ടെ എന്നതാണ് ആ തന്ത്രം.
യൂറോപ്യൻ യൂണിയന്റെ ഇപ്പോഴത്തെ തീരുമാനം അതിന്റെ തന്ത്രപരമായ സ്വാതന്ത്ര്യത്തെയും സാമ്പത്തിക സുരക്ഷയെയും തന്നെ പണയം വെക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ്. റഷ്യൻ ആസ്തികൾ കണ്ടുകെട്ടുന്നു എന്ന് യൂറോപ്യൻ യൂണിയൻ സ്വയം വിശ്വസിക്കുമ്പോഴും, അവർ അടിമപ്പെട്ടിരിക്കുന്നത് അമേരിക്കയുടെ സാമ്പത്തിക മായാജാലത്തിനാണ്. ഈ കളിയിൽ പണം റഷ്യയ്ക്ക് നഷ്ട്ടപ്പെടാമെങ്കിലും, റഷ്യ പോലുള്ള ഒരു രാജ്യത്തിന് അത് നിഷ്പ്രയാസം തിരിച്ചുപിടിക്കാൻ കഴിയും എന്നാണ് ഒരു വിഭാഗം പറയുന്നത്. അതേസമയം, ഈ പണം ചെലവഴിക്കുന്നത് യൂറോപ്പാണ്, എന്നാൽ ലാഭം കൊയ്യുന്നത് അമേരിക്കയും, ചിരിക്കുന്നത് ട്രംപുമാണ്.
ഈ അമേരിക്കൻ കെണിയിൽ നിന്ന് രക്ഷപ്പെട്ട്, യൂറോപ്യൻ യൂണിയന് സ്വന്തം പരമാധികാരം വീണ്ടെടുക്കാൻ അധികം സമയമില്ല എന്നത് മറ്റൊരു വസ്തുതയാണ്. മാത്രമല്ല ട്രംപ് യൂറോപ്യൻ യൂണിയനെ വഞ്ചിക്കാൻ സാധ്യതയുണ്ടെന്നതിൻ്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ നിഷേധിച്ച സംഭവം. യുക്രെയ്‌ന് നിർണായകമായ ഈ ആയുധങ്ങൾ അമേരിക്കയ്ക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞ് ട്രംപ് പിൻമാറിയത്, അമേരിക്കയുടെ ഇരട്ടത്താപ്പ് തന്ത്രം എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന ഒന്ന് കൂടിയാണ്.
The post ട്രംപിൻ്റെ ‘ഇരട്ടത്താപ്പ്’: യൂറോപ്പ് ലാസ്റ്റ്, അമേരിക്ക ഫസ്റ്റ്! റഷ്യയെ കുടുക്കണം എന്ന വ്യാമോഹവുമായി സ്വയം കുഴി തോണ്ടി യൂറോപ്യൻ യൂണിയൻ? appeared first on Express Kerala.









