
ന്യൂദൽഹി : അഫ്ഗാനിസ്ഥാനിൽ മൂന്ന് ക്രിക്കറ്റ് താരങ്ങളുടെ മരണത്തിന് കാരണമായ പാകിസ്ഥാൻ വ്യോമാക്രമണത്തെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അപലപിച്ചു. ആക്രമണത്തെ ‘ഭീരുത്വം’ എന്ന് വിശേഷിപ്പിച്ചു.
“പക്തിക പ്രവിശ്യയിൽ നടന്ന ഭീരുത്വം നിറഞ്ഞ അതിർത്തി കടന്നുള്ള വ്യോമാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് യുവ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളായ കബീർ ആഗ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരുടെ ദാരുണമായ നഷ്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അഗാധമായ ദുഃഖവും അനുശോചനവും പ്രകടിപ്പിക്കുന്നു,” – ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
ഈ അഗാധമായ ദുഃഖ വേളയിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോടും, ക്രിക്കറ്റ് സമൂഹത്തോടും, മരിച്ച കളിക്കാരുടെ കുടുംബങ്ങളോടും ബിസിസിഐ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഈ ക്രൂരവും അനാവശ്യവുമായ ആക്രമണത്തെ അപലപിക്കുകയും ചെയ്യുന്നുവെന്നും ബിസിസിഐ കൂട്ടിച്ചേർത്തു.
അതേ സമയം ആക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാൻ ഉൾപ്പെടുന്ന വരാനിരിക്കുന്ന ത്രിരാഷ്‌ട്ര ടി20 പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം പിന്മാറാൻ തീരുമാനിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവ ഉൾപ്പെടുന്ന പരമ്പര നവംബർ 17 മുതൽ റാവൽപിണ്ടിയിലും ലാഹോറിലും നടത്താൻ തീരുമാനിച്ചിരുന്നു.
നേരത്തെ ക്രിക്കറ്റ് താരങ്ങളുടെ ദാരുണമായ രക്തസാക്ഷിത്വത്തിൽ ദുഃഖമുണ്ടെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.









