
തിരുവനന്തപുരം: നീന്തലില്‍ തനിക്ക് നേടാന്‍ കഴിയാത്തത് മകനിലൂടെ നേടിയപ്പോഴുള്ള അച്ഛന്റെ ആനന്ദക്കണ്ണീര്‍ തുടച്ച് ചാമ്പ്യനായ മകന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ഒന്നാമതെത്തിയ അതുല്‍രാജാണ് നീന്തല്‍ക്കുളത്തില്‍ അച്ഛന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത്.
നീന്തലില്‍ 1993 സംസ്ഥാന സ്‌കൂള്‍ ചാമ്പ്യനായിരുന്ന ആലപ്പുഴ കൈനകരി സ്വദേശി രാജീവിനാണ് തുടര്‍ച്ചയായ പരിക്കിനെത്തുടര്‍ന്നും സാമ്പത്തിക പരാധീനതയും കാരണം നീന്തല്‍ രംഗത്ത് നിന്നും പിന്‍വാങ്ങേണ്ടി വന്നത്. തനിക്ക് സാധിക്കാത്തത് മകനെ ആലപ്പുഴ കൈനകരി കായലില്‍ത്തന്നെ പരിശീലിപ്പിച്ച് നേടിയെടുക്കാനുളള കഠിനശ്രമമാണ് രാജീവ് നടത്തിയത്. ആലപ്പുഴ തുത്തുമംഗലം എസ്എന്‍ഡിപി ഹൈസ്‌കൂളിലാണ് രാജീവ് പഠിച്ചത്. നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍ രാജഗിരിസ്‌പോര്‍ട്‌സ് അക്കാദമിയിലയച്ചാണ് അതുല്‍ രാജിനെ അച്ഛന്‍ പരിശീലിപ്പിച്ചത്. ഇപ്പോള്‍ കഴക്കൂട്ടം സായ് എല്‍എന്‍സിപിയിലാണ് പരിശീലനം. തുണ്ടത്തില്‍ എം വി എച്ച് എസ്സ് എസ്സിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്.
ആലപ്പുഴയില്‍ ബോട്ട് ഡ്രൈവിംഗിലൂടെ കിട്ടുന്ന വരുമാനത്തില്‍നിന്നാണ് രാജീവ് മകന്റെ പഠനവും പരിശീലനവും നടത്തുന്നത്.
അമ്മ ശ്രീജയും സഹോദരി അഖില രാജും അതുല്‍ രാജിന് പിന്തുണയുമായുണ്ട്. നാളെ 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും അതുല്‍ മത്സരിക്കുന്നുണ്ട്.









