
മുംബൈ: പരിക്കില്‍ നിന്നും മോചിതനായ ഭാരത ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പിച്ചിലേക്ക് മടങ്ങിയെത്തുന്നത് നായകനായി. ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ കളിക്കുന്ന രണ്ട് ചതുര്‍ദിന മത്സരങ്ങളില്‍ പന്ത് ആയിരിക്കും നയിക്കുക. വരുന്ന 30 മുതല്‍ അടുത്ത മാസം ഒമ്പത് വരെയാണ് ഈ രണ്ട് മത്സരങ്ങളും നടക്കുക.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെയാണ് ഋഷഭ് പന്ത് കാല്‍ വിരലൊടിഞ്ഞ് വിശ്രമത്തിലായത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ ഒടിഞ്ഞ വിരലുമായി ഋഷഭ് ബാറ്റ് ചെയ്യുന്നത് ശ്രദ്ധേയമായിരുന്നു.
ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഭാരതത്തിന്റെ ഉപനായകന്‍ സായി സുദര്‍ശന്‍ ആയിരിക്കും. രണ്ട് മത്സരങ്ങളില്‍ അവസാനത്തേതില്‍ കൂടുതല്‍ താരങ്ങള്‍ ടീമിലുണ്ടാകും. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടക്കുന്നതിനാല്‍ കുറേ താരങ്ങളെ ഉല്‍പ്പെടുത്താനായിട്ടില്ലെന്ന് ബിസിസിഐ സെലക്ഷന്‍ പാനല്‍ അറിയിച്ചു. രണ്ടാം മത്സരമാകുമ്പോള്‍ ഓസീസ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന കെ.എല്‍. രാഹുല്‍, ധ്രുവ് ജുറല്‍, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളും ഉള്‍പ്പെടും.









