
തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് സ്‌പൈക്ക്‌സ് അണിഞ്ഞ് അനന്തപുരി. ഒളിംപിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് സ്‌കൂള്‍ കായികമേളയാണ് ഇന്നു മുതല്‍28വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 4മണിക്ക് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. മത്സരങ്ങള്‍ നാളെ രാവിലെ മുതലാകും ആരംഭിക്കുക.
12വേദികളിലായി സംഘടിപ്പിക്കുന്ന മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി1944കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങളാണ് പങ്കെടുക്കുന്നത്. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും35കുട്ടികളും ട്രാക്കിലും ഫീള്‍ഡിലുമായി ജഴ്‌സി അണിയും. ഇത്തവണ12പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്‌സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നുണ്ട്.
കായികതാരങ്ങളുടെ മാര്‍ച്ച് പാസ്‌റ്റോടെയാകും നാളത്തെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. 3000 കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയില്‍ നിന്നും 300കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനതാരം ഐ.എം.വിജയന്‍ മന്ത്രി വി.ശിവന്‍കുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് മേളയുടെ ബ്രാന്റ് അംബാസഡറും ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്‌വില്‍ അംബാസഡറുമാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. 2500 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള വിപുലമായ ഭക്ഷണശാലയാണ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ളത്.
ഇതടക്കം 4 പാചകപ്പുരകളും പാകം ചെയ്ത ഭക്ഷണം മറ്റ് നാലിടങ്ങളില്‍ എത്തിച്ചുനല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍ കലോത്സവ മാതൃകയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്‌ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പും ഇത്തവണ നല്‍കുന്നുണ്ട്. ഒക്ടോബര്‍16ന് കാസര്‍കോഡ് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫിയുടെ പര്യടനം മറ്റെല്ലാ ജില്ലകളും താണ്ടി ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. ഇന്ന് രാവിലെ10ന് പട്ടം ഗേള്‍സ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരുന്ന സ്വര്‍ണ്ണക്കപ്പ് ഘോഷയാത്രയോടെ ഉദ്ഘാടന വേദിയായ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലേക്ക് എത്തും.
പത്ത് വര്‍ഷമായി കേരളത്തില്‍ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്‌സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് ഭക്ഷണശാലയ്‌ക്കൊപ്പം ഒരുക്കിയിട്ടുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി 74സ്‌കൂളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ സഞ്ചാരത്തിനായി142ബസ്സുകള്‍ വിവിധ സ്‌കൂളുകളില്‍ നിന്നും സജ്ജമാക്കിയിട്ടുണ്ട്. മൈതാനങ്ങളിലും താമസ സ്ഥലത്തും പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ക്രമീകരിച്ചിട്ടുണ്ട്. നിരോധിത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നില്ല എന്ന് ഉറപ്പാക്കാന്‍ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്‌സൈസിന്റെ പ്രത്യേക ജാഗ്രതാ നിരീക്ഷണം ഉണ്ടായിരിക്കും.
മെഡിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായിക താരങ്ങള്‍ക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, സ്‌പോര്‍ട്‌സ് ആയുര്‍വേദ, ഫിസിയോ തെറാപ്പി, സ്‌പോര്‍ട്‌സ് മെഡിസിന്‍ എന്നിവയുടെ സൗകര്യവും ആംബുലന്‍സ് സര്‍വ്വീസും പ്രത്യേക മെഡിക്കല്‍ ടീം സേവനവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതേസമയം തകര്‍ത്തുപെയ്യുന്ന മഴ മേളയുടെ മോടികുറയ്‌ക്കുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.









