
ചെന്നൈ: കൊക്കെയ്ൻ കേസിൽ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും ഇഡിയുടെ സമൻസ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം. ചെന്നൈയിലെ ഇഡി ഓഫീസിലെത്താനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിൽ അടുത്തിടെ കൊക്കെയ്ൻ പിടികൂടിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് ശൃംഖല എന്നിവയെക്കുറിച്ചുള്ള ഇഡി അന്വേഷണത്തിന്റെ ഭാഗമാണ് സമൻസ്.
1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റെൻസ് ആക്ട് പ്രകാരം ചെന്നൈ സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട ശ്രീകാന്തിനും കൃഷ്ണ കുമാറിനും ജൂലൈ എട്ടിന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ALSO READ: പ്രാണിയുടെ കുത്തേറ്റ റിമ കല്ലിങ്കലിന്റെ പ്രോസ്തെറ്റിക് മേക്കപ്പ് വീഡിയോ പുറത്ത്; വൈറലായി ദൃശ്യങ്ങൾ
വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള കൊക്കെയ്ൻ മാത്രമേ ഇരുവരും കൈവശം സൂക്ഷിച്ചിട്ടുണ്ടായിരുന്നുള്ളൂവെന്നും കള്ളക്കടത്തുമായി ഇവർക്ക് ബന്ധമില്ലെന്നുമായിരുന്നു അന്ന് കോടതിയുടെ കണ്ടെത്തൽ.
ജൂൺ 18ന് ആന്റി നാർക്കോട്ടിക് വിരുദ്ധ യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ, കൃഷ്ണ കുമാറിന് മയക്കുമരുന്ന് നൽകിയെന്ന് എൻഡിപിഎസ് ആക്ട് പ്രകാരം ഘാന സ്വദേശി ജോണിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടന്മാരായ ശ്രീകാന്തിനെയും കൃഷ്ണ കുമാറിനേയും ജൗഹർ, പ്രശാന്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ പ്രശാന്ത് നിലവിൽ ജയിലിലാണ്.
The post കൊക്കെയ്ൻ കേസ്; തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച് ഇഡി appeared first on Express Kerala.









