ഇടുക്കിയിൽ വരുന്നവരൊക്കെ ഇടുക്കി ഡാമും മൂന്നാറും വട്ടവടയുമൊക്കെ സന്ദർശിച്ച് മടങ്ങുന്നതല്ലാതെ കാൽവരി മൗണ്ടെന്ന കുന്നിൻമുകളിനെക്കുറിച്ച് അധികം കേട്ടിട്ടുണ്ടാവില്ല. പ്രകൃതിയെ കാൻവാസിൽ വരച്ചെടുത്ത സുന്ദരിയാണ് കാൽവരി മൗണ്ട്. ഇടുക്കി ചെറുതോണിയിൽനിന്ന് പത്ത് കിലോമീറ്റർ അകലെ കട്ടപ്പന റൂട്ടിലാണ് കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ വ്യൂപോയിന്റുകളിലൊന്നായ കാൽവരി മൗണ്ട് സ്ഥിതിചെയ്യുന്നത്. ഇടുക്കി ഡാമിലെ നീല ജലാശയത്തിന്റെ മനം കുളിർക്കുന്ന കാഴ്ചകളൊരുക്കിയാണ് ഇവിടം നമുക്കായി കാത്തിരിക്കുന്നത്.

ഇടുക്കി-കട്ടപ്പന റൂട്ടിൽ പത്താം മൈൽ എന്ന സ്ഥലത്തുനിന്ന് 10-15 മിനിറ്റ് ഡ്രൈവ് ചെയ്താൽ കാൽവരി കുന്നിൻമുകളിലെത്താം. അവിടെനിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റിന്റെ, കോടമഞ്ഞിന്റെ കുളിർമയിൽ കാണുന്ന ഇടുക്കി ജലാശയത്തിന്റെ കാഴ്ച; അത് പറഞ്ഞറിയിക്കാൻ കഴിയില്ല, അനുഭവിച്ചുതന്നെ അറിയണം. സത്യത്തിൽ പ്രകൃതി തന്നെയാണ് ഏറ്റവും നല്ല ചിത്രകാരനെന്ന് മനസ്സിലാക്കിത്തരുന്ന ഒരിടം.

സമുദ്രനിരപ്പിൽനിന്ന് 2700 അടി ഉയരത്തിലാണ് ഇടുക്കിയിലെ ഈ സുന്ദരിയുടെ സ്ഥാനം. പരന്നുകിടക്കുന്ന ഇടുക്കി ഡാമിലെ നീല ജലാശയത്തിന് നടുവിൽ അങ്ങിങ്ങായുള്ള ചെറു പച്ചപ്പുകളും മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന മലനിരകളും കുന്നിൻചരിവുകളുമെല്ലാം കാഴ്ചയുടെ വേറൊരു ലോകത്തേക്കാണ് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒരു പകൽ മൊത്തം നോക്കിയിരുന്നാലും വിടപറഞ്ഞുപോരാൻ പറ്റാത്ത കാഴ്ചയാണ് ഇവിടം നമുക്ക് സമ്മാനിക്കുന്നത്. ഉദയവും അസ്തമയവും ഇവിടെനിന്ന് കാണാനാവുമെന്നുള്ളതുകൊണ്ട് ഇടുക്കിയുടെ കന്യാകുമാരിയെന്ന വിളിപ്പേരും കാൽവരി മൗണ്ടിനുണ്ട്.

ഇക്കോ ടൂറിസം ഡിപ്പാർട്ട്മെന്റിനും വനം സംരക്ഷണ സമിതിക്കുമാണ് നടത്തിപ്പ് ചുമതല. അവരുടെ കീഴിൽ കാൽവരി മൗണ്ടിലെ രാത്രിയിലെ മഞ്ഞിന്റെ കുളിർമ മുഴുവൻ ആസ്വദിക്കാൻ രണ്ട് ഹട്ടുകളും റൂമുകളും സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പുലർച്ച എഴുന്നേറ്റ് കോട്ടേജിന്റ വാതിൽക്കൽനിന്ന് നോക്കിയാൽ സ്വർഗത്തിലേക്കുള്ള വഴി തുറന്നിട്ടപോലെയേ തോന്നൂ…
താമസസൗകര്യം പരിമിതമായതിനാൽ സ്റ്റേ ചെയ്യാനാഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വേണം വരാൻ. രാവിലെ എട്ടുമുതൽ ആറുവരെയാണ് പ്രവേശനം.
വിവരങ്ങൾക്കും ബുക്കിങ്ങിനും: 9497535460, http://calvaryhomestay.com/index.php









