
റഷ്യയും ചൈനയും അനവവായുധങ്ങൾ പരീക്ഷിക്കുകയും തങ്ങളുടെ പ്രതിരോധ ശേഷി നിരന്തരം എണ്ണയിട്ട യന്ത്രം പോലെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിൽ വിറളിപൂണ്ട് നടക്കുന്ന ഒരാളുണ്ട്. അത് മറ്റാരുമല്ല, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്.
ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ ഉത്തരവിട്ടുകൊണ്ടുള്ള പ്രസിഡന്റിന്റെ നിർദേശം പെന്റഗണിന് ലഭിച്ചു എന്നുള്ള വാർത്ത പുറത്തുവന്നതോടെയാണ് ട്രംപിന്റെ ഈ ഇരിപ്പുറക്കാതെയുള്ള നെട്ടോട്ടം പുറംലോകമറിയുന്നത്. റഷ്യയുടെയും ചൈനയുടെയും വർധിച്ചുവരുന്ന സൈനിക ശേഷിക്ക് മറുപടി നൽകാൻ അമേരിക്കയ്ക്ക് “വേറെ വഴിയില്ല” എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിർണായക തീരുമാനം എടുത്തിരിക്കുന്നത്.
ആണവശക്തിയെക്കുറിച്ചുള്ള അവകാശവാദവും വസ്തുതകളും
പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന് ന്യായീകരണമായി ട്രംപ് ഉയർത്തിക്കാട്ടിയ പ്രധാന വാദം ആണവശക്തികളെക്കുറിച്ചുള്ളതാണ്.
ട്രംപിന്റെ അവകാശവാദം അനുസരിച്ച്, മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയ്ക്കുണ്ട്, റഷ്യ രണ്ടാമതും ചൈന മൂന്നാമതുമാണ്. ഈ ഭീമമായ വിനാശകരമായ ശക്തി കാരണം ഇത് ചെയ്യാൻ ഇഷ്ടമില്ലായിരുന്നെങ്കിലും മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികൾ കണക്കിലെടുത്ത്, ആണവായുധങ്ങൾ തുല്യമായ രീതിയിൽ പരീക്ഷിക്കാൻ നിർദേശം നൽകുകയാണ് എന്നാണ് ട്രംപ് വാദിക്കുന്നത്.
എന്നാൽ, സ്വതന്ത്ര പ്രതിരോധ ഗവേഷണ ഏജൻസിയായ SIPRI (Stockholm International Peace Research Institute) പോലുള്ള സ്ഥാപനങ്ങളുടെ കണക്കുകൾ ട്രംപിന്റെ അവകാശവാദത്തെ പൂർണ്ണമായി തള്ളിക്കളയുന്നതാണ്. വസ്തുതാപരമായ കണക്കുകൾ പ്രകാരം, റഷ്യയാണ് ആണവ പോർമുനകളുടെ എണ്ണത്തിൽ നിലവിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് (ഏകദേശം 5,459 പോർമുനകൾ). തൊട്ടുപിന്നിൽ അമേരിക്ക (ഏകദേശം 5,177 പോർമുനകൾ) രണ്ടാം സ്ഥാനത്തും, ചൈന മൂന്നാം സ്ഥാനത്തുമാണ്. ചൈനയുടെ ആണവ ശേഖരം അതിവേഗം വർധിക്കുന്നുണ്ടെന്നും 2035-ഓടെ അത് 1,500 എണ്ണത്തിൽ എത്തുമെന്നുമാണ് പ്രവചനം. ട്രംപ് ഭയക്കുന്നതിന് പിന്നിൽ ഇതിൽ കൂടുതൽ എന്ത് കാരണമാണ് വേണ്ടത് അല്ലേ?
32 വർഷത്തെ നിരോധനം നീക്കുന്നു
കോൺഗ്രസിന്റെ മൊറട്ടോറിയം കാരണം 1992-ലാണ് അമേരിക്ക ആണവ പരീക്ഷണങ്ങൾ നിർത്തിയത്. ഏകദേശം മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഈ നിരോധനമാണ് ട്രംപിന്റെ പുതിയ ഉത്തരവോടെ അവസാനിക്കുന്നത്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് തന്നെ ഈ മൊറട്ടോറിയം റദ്ദാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ചൈനയും റഷ്യയും രഹസ്യമായി ഭൂമിക്കടിയിൽ കുറഞ്ഞ ശേഷിയുള്ള ആണവ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന അമേരിക്കൻ ആരോപണത്തെത്തുടർന്നായിരുന്നു ഇത്. ഈ വാദം രണ്ട് രാജ്യങ്ങളും അന്നും നിഷേധിച്ചിരുന്നു.
സമീപകാല പരീക്ഷണങ്ങളും മത്സരവും
അമേരിക്ക ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള നിർദ്ദേശത്തിന് തൊട്ടുമുമ്പ് പ്രധാനപ്പെട്ട ചില മിസൈൽ പരീക്ഷണങ്ങൾ നടന്നിരുന്നു. ഈ മാസം ആദ്യം, ആണവ റിയാക്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും പരിധിയില്ലാത്ത ദൂരപരിധിയുള്ളതുമായ പുതിയ ആണവ ശേഷിയുള്ള ബ്യുറേവെസ്റ്റ്‌നിക് ക്രൂയിസ് മിസൈൽ റഷ്യ പരീക്ഷിച്ചു. ഇതിന് മറുപടിയെന്നോണം, ഫെബ്രുവരിയിൽ ആണവ ശേഷിയുള്ള മിനിറ്റ്മാൻ III ബാലിസ്റ്റിക് മിസൈലും, സെപ്റ്റംബറിൽ നാല് ട്രൈഡന്റ് II മിസൈലുകളും അമേരിക്കയും പരീക്ഷിച്ചിരുന്നു.
Also Read: യൂറോപ്പിന്റെ ആണവ ‘ഭ്രമ’ത്തിനേറ്റ അടി! അമേരിക്കൻ നിഴൽ പറ്റി കൈവിട്ട് കളഞ്ഞത് ആണവായുധത്തിനുള്ള യോഗ്യത
അമേരിക്കൻ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നത് നിലവിലെ അന്താരാഷ്ട്ര ഉടമ്പടികളുടെയും സമാധാന ശ്രമങ്ങളുടെയും ഭാവിയിൽ വലിയ ചോദ്യചിഹ്നം ഉയർത്തുന്നു. ഇത് മറ്റ് ആണവശക്തികളെയും സമാനമായ നടപടികളിലേക്ക് നയിച്ചാൽ, അത് ലോകത്തെ പുതിയൊരു ആയുധമത്സരത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കുണ്ട്. കാരണം, ലോക ചരിത്രമെടുത്ത് പരിശോധിച്ചാൽ ലോകം കണ്ട ഏറ്റവും വലിയ രണ്ട് അണുബോംബ് വർഷങ്ങൾ നടത്തിയത് അമേരിക്കയാണ്. ജപ്പാനിലെ ഹിരോഷിമയും, നാഗസാക്കിയും ഇന്നും ആ വലിയ ദുരന്തത്തിന്റെ ശേഷിപ്പുകൾ പേറുന്ന നഗരങ്ങളാണ്. ട്രംപിന്റെ ഒറ്റബുദ്ധി, പിൻഗാമികളുടേതിന് തുല്യമായി പ്രവർത്തിച്ചാൽ.. എന്തും സംഭവിക്കാം എന്ന ഭയവും ലോകം വച്ചുപുലർത്തുന്നുണ്ട്.
The post പേടിച്ചാൽ നിങ്ങൾ നിങ്ങളല്ലാതാവും! റഷ്യ-ചൈന ഭീതിയിൽ മുട്ടിടിച്ച് അമേരിക്ക; ആണവായുധം പരീക്ഷിക്കാൻ ട്രംപിന്റെ ‘ഉത്തരവ്’ appeared first on Express Kerala.









